IPL 2021

രോഗ വ്യാപനത്തിനിടയിലും പിടിവാശിയുമായി ജയ് ഷാ; ഒടുവില്‍ കീഴടങ്ങിയത് വിദേശ താരങ്ങള്‍ പിന്മാറുമെന്ന ഭീഷണിക്കു മുന്നില്‍

കോവിഡ് 19ന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും ഐ.പി.എല്‍. ക്രിക്കറ്റ് പൂരം തടസമില്ലാതെ അരങ്ങേറുകയായിരുന്നു. രാജ്യം കടുത്ത പ്രതിസന്ധിക്കിടയിലൂടെ കടന്നുപോകുമ്പോള്‍ ക്രിക്കറ്റ് പൂരം നടത്തുന്നതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

മുന്‍ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമടക്കമുള്ളവര്‍ ബി.സി.സി.ഐയുടെ ഈ നിരുത്തരവാദപരമായ സമീപനത്തെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പർ ആദം ഗില്‍ക്രിസ്റ്റ് തുടക്കമിട്ട വിമര്‍ശനം പിന്നീട് മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയും ഈ സമീപനത്തെ ഏറെ വിമര്‍ശിച്ചു. എന്നിട്ടും കുലുക്കമില്ലാതെ ‘പണ സമ്പാദനം’ ലക്ഷ്യമിട്ട് പിടിവാശി കാട്ടുകയായിരുന്നു ബി.സി.സി.ഐ. അധ്യക്ഷന്‍ ജയ് ഷാ. എന്തു തന്നെ സംഭവിച്ചാലും ഐ.പി.എല്‍. നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കുമെന്നായിരുന്നു കഴിഞ്ഞാഴ്ച ജയ് ഷാ പ്രഖ്യാപിച്ചത്. മത്സരങ്ങള്‍ നടത്തുന്നത് അതീവ സുരക്ഷയുള്ള ബയോ സെക്യുവര്‍ ബബിളിനുള്ളില്‍ വച്ചാണെന്നും അതിലേക്കു കോവിഡ് കടന്നുകയറില്ലെന്നും താരങ്ങളെല്ലാം സുരക്ഷിതരാണെന്നും ഷാ പറഞ്ഞു.

എന്നാല്‍ ഇതിനു പിന്നാലെ ബയോ ബബിളിനെ വിമര്‍ശിച്ചു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ആദം സാംപ രംഗത്തു വന്നു. താന്‍ കണ്ടതില്‍ വച്ചേറ്റവും ശോചനീയമായ ബബിളാണ് ഐ.പി.എല്ലിന്‍േ്‌റതെന്നും ശുചിത്വവും സുരക്ഷിതത്വവും തീരെയില്ലെന്നുമായിരുന്നു സാംപയുടെ വിമര്‍ശനം.

രാജ്യത്തെ കോവിഡ് നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഐ.പി.എല്ലില്‍ നിന്നു പിന്മാറി നാട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സാംപ കടുത്ത വിമര്‍ശനമുന്നയിച്ചത്. സാംപയ്ക്കു പുറമേ ആന്‍ഡ്രൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരും സുരക്ഷാ കാരണങ്ങളാല്‍ ഐ.പി.എല്‍. ഉപേക്ഷിച്ചു മടങ്ങിയിരുന്നു.

എന്നിട്ടും മത്സരങ്ങള്‍ മാറ്റിവയ്ക്കാനോ ഉപേക്ഷിക്കാനോ ബി.സി.സി.ഐ. തയാറായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ രണ്ടു കൊല്‍ക്കത്ത താരങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പിലും ഡല്‍ഹി സ്‌റ്റേഡിയം ജീവനക്കാര്‍ക്കിടയിലും കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ചെന്നൈയും ഡല്‍ഹിയും തങ്ങളുടെ താരങ്ങളെ പൂര്‍ണമായും ക്വാറന്റീനിലാക്കി. രണ്ടു മത്സരങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വന്നു.

ടൂര്‍ണമെന്റ് ഉപേക്ഷിക്കണമെന്ന ആവശ്യത്തിന് ഇതോടെ ആക്കം കൂടിയിരുന്നു. എന്നാല്‍ ഇന്നു രാവിലെയും തന്റെ പിടിവാശിയുമായി മുന്നോട്ടുപോകുകയാണ് ഷാ ചെയ്തത്. ഐ.പി.എല്‍. ഒരു വേദിയില്‍ മാത്രമായി ചുരുക്കി നടത്താമെന്ന പോംവഴിയാണ് ഷാ നിര്‍ദേശിച്ചത്. എന്തു വന്നാലും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ സണ്‍റൈസേഴ്‌സ് ക്യാമ്പിലും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹയാണ് പോസിറ്റീവായത്. ഇതോടെ വിദേശ താരങ്ങള്‍ പരിഭ്രാന്തരാകുകയായിരുന്നു. അതീവ സുരക്ഷയുള്ളതെന്നു ഷായും ബി.സി.സി.ഐയും ആവര്‍ത്തിച്ച് വ്യക്തമാക്കിയ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നത് വിദേശ താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.

അവര്‍ തങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബന്ധപ്പെട്ടു ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഷാ കീഴടങ്ങുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും തങ്ങളുടെ താരങ്ങളെ പിന്‍വലിക്കുമെന്ന് അന്ത്യശാസനം നല്‍കിയതായും അതിനു ശേഷമാണ് ഐ.പി.എല്‍. മാറ്റിവയ്ക്കാന്‍ ബി.സി.സി.ഐ. നിര്‍ബന്ധിതരായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Covid 19 updates

Latest News