
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ ചേരാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ സൂചനകള്‍ നല്കി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡി പ്രധാമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് റെഡ്ഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു.
സിബിഐ കേസുകളില്‍നിന്നും രക്ഷപെടാനാണ് ജഗന് മോഹന്‍ റെഡ്ഡി എന്‍ഡിഎയില്‍ ചേരാന്‍ ശ്രമിക്കുന്നതെന്നാണ് എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) ആരോപിക്കുന്നത്.
ശിവസേനയും ശിരോമണി അകാലിദളും സഖ്യം വിട്ടതിന്റെ ക്ഷീണം മാറ്റാനുള്ള കഠിന പ്രയത്നത്തിലാണ് എന്‍ഡിഎ. കൂടുതല്‍ പാര്‍ട്ടികളെ സഖ്യത്തിലെത്തിക്കാനാണ് എന്‍ഡിഎയുടെയും ബിജെപിയുടെയും ശ്രമം. രാജ്യസഭയില്‍ അംഗസംഖ്യ വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നും സഹമന്ത്രിസ്ഥാനം നല്‍കാമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.
നേരത്തെ രാഷ്ട്രീയക്കാരനും നടനുമായ പവന് കല്യാണിനെയും പവന്റെ ജനസേന പാര്‍ട്ടിയെയും ബിജെപി സഖ്യത്തിലെത്തിച്ചിരുന്നു. നേരത്തെ എന്‍ഡിഎയ്ക്കൊപ്പമുണ്ടായിരുന്ന നായിഡു ബിജെപിയുമായി വീണ്ടും സൗഹൃദം പുലര്‍ത്തി സഖ്യത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ജഗന് മോഹന്‍ റെഡ്ഡിയുടെ എന്‍ഡിഎ പ്രവേശത്തോടെ നായിഡുവിന്‍രെ ശ്രമങ്ങള്ക്കുകൂടിയാണ് തിരശ്ശീല വീഴുന്നത്.
എന്നാല്‍ എന്‍ഡിഎയില്‍ ചേരുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായിട്ടില്ല. കൊവിഡിന് ശേഷമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തിന് സഹായം ലഭിക്കാന്‍ കേന്ദ്രവുമായുള്ള അടുപ്പം സഹായിച്ചേക്കുമെന്ന് മാത്രമാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാതെ സഖ്യ ചര്‍ച്ചകള്‍ നടത്തുന്നതിനോട് നേതാക്കള്‍ക്ക് വിയോജിപ്പുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി.
എന്‍ഡിഎയില്‍ ചേരാതെ ധാരണയില്‍ പ്രവര്‍ത്തിക്കുന്നതാവും റെഡ്ഡിയുടെ പാര്‍ട്ടിക്ക് ഗുണം ചെയ്യുക. ജഗന് മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഈ സാധ്യതയും തെലുങ്കു ദേശം പാര്‍ട്ടി ബലഹീനമാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വേരുറപ്പിക്കാന്‍ ആന്ധ്രപ്രദേശിലേത് മികച്ച രാഷ്ട്രീയാന്തരീക്ഷമാണ്.
അതേസമയം തന്നെ ബിജെപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പ്രബലമായ മണ്ഡലങ്ങളുടെ സ്വഭാവം തീര്‍ത്തും വ്യത്യസ്തവുമാണ്. മുഖ്യധാര ഹിന്ദുക്കളുടെ പാര്‍ട്ടിയായിട്ടാണ് ബിജെപി അറിയപ്പെടുന്നത്. ദളിതുകളുടെയും ദളിത് ക്രിസ്ത്യാനികളുടെയും ന്യൂനപക്ഷങ്ങളുടെയും മുസ്ലിങ്ങളുടെയും പാര്‍ട്ടിയായാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അറിയപ്പെടുന്നത്.