Top

‘ജഗമേ തന്തിരം’; ഒടിടി റിലീസുകളില്‍ ഏറ്റവും വിലയേറിയ തമിഴ് ചിത്രം, നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് കോടികള്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് വൈ നോട്ട് സ്റ്റുഡിയോ ശശികാന്ത് നിര്‍മ്മിച്ച ചിത്രം നെറ്റ്ഫ്‌ലിക്‌സ് വാങ്ങിയത് 60 കോടി രൂപയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

17 Jun 2021 4:57 AM GMT
ഫിൽമി റിപ്പോർട്ടർ

‘ജഗമേ തന്തിരം’; ഒടിടി റിലീസുകളില്‍ ഏറ്റവും വിലയേറിയ തമിഴ് ചിത്രം, നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് കോടികള്‍
X

ധനുഷ് ചിത്രമായ ജഗമേ തന്തിരം ജൂണ്‍ 18ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളില്‍ ഏറ്റവും വിലയേറിയ ചിത്രമാണ് ജഗമേ തന്തിരമെന്നാണ് ഡിടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് വൈ നോട്ട് സ്റ്റുഡിയോ ശശികാന്ത് നിര്‍മ്മിച്ച ചിത്രം നെറ്റ്ഫ്‌ലിക്‌സ് വാങ്ങിയത് 60 കോടി രൂപയ്ക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതിന് തൊട്ടു പിന്നില്‍ സൂര്യ ചിത്രം സുരറൈ പൊട്രുവാണുള്ളത്. 55 കോടി രൂപയ്ക്കാണ് സുരറൈ പൊട്രു ആമസോണ്‍ വാങ്ങിയത്.

അതേസമയം ജഗമേ തന്തിരത്തിന്റെ ഒടിടി റിലീസില്‍ ധനുഷും നിര്‍മ്മാതാവ് ശ്രീകാന്തും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ നിര്‍മ്മാതാക്കളെ സഹായിച്ചില്ലെങ്കില്‍ ഒടിടി മാത്രമാണ് പോംവഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്തതിന്റെ വിഷമം ധനുഷ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ട്വിറ്റര്‍ സ്പേസില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്. ജഗമേ തന്തിരത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് ജൂണ്‍ 7നായിരുന്നു. ഓഡിയോ ലോഞ്ച് പ്രമാണിച്ച് ധനുഷ്, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവര്‍ ട്വിറ്ററിന്റെ സ്പേസ് സെഷനില്‍ സംസാരിച്ചിരുന്നു. യുഎസില്‍ നിന്നാണ് ധനുഷ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

‘ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ അതിയായ നിരാശയുണ്ട്. എങ്കിലും നെറ്റ്ഫ്ലിക്സ് റിലീസ് ആയതില്‍ സമാധാനം ഉണ്ട്. കാരണം അതിലൂടെ ചിത്രം ഒരുപാട് പ്രേക്ഷകരിലേക്ക് എത്തും. കൂടാതെ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഇളവ് തന്നെയാണ് സിനിമ.’ എന്നാണ് ധനുഷ് പറഞ്ഞത്.

ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്‌മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

Next Story