ജഡേജ വന്നു, അത്യുഗ്രന്‍ ക്യാച്ചും എടുത്തു; ഫീല്‍ഡിംഗില്‍ ഉഷാറായി ഇന്ത്യ

അഡ്ലെയ്ഡില് നടന്ന ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് കൂടി സഹായകരമാകും വിതമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിംഗിലെ പ്രകടനം. ഭാവിയിലെ സ്മിത്തെന്ന് വിശേഷിപ്പിക്കുന്ന മാര്‍നസ് ലെബുഷെയ്ന് 22 റണ്‍സെടുക്കുന്നതിനിടെ നാല് തവണയാണ് പുറത്താക്കാനുള്ള അവസരം ഇന്ത്യ നഷ്ടമാക്കിയത്. ആദ്യം വൃദ്ധിമാന്‍ സാഹ, ജസ്പ്രിത് ബുംറ, പിന്നീട് പൃത്വി ഷാ അങ്ങനെ നീളുന്നു ചോരുന്ന കൈകളുടെ കണക്ക്. എന്നാല്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. പോയിന്റില്‍ ജഡേജയുടെ കൈകള്‍ താണ്ടി പന്ത് പോകാറില്ല എന്ന് തന്നെ പറയാം. രണ്ടാം ടെസ്റ്റില്‍ താരത്തിന്റെ കടന്നു വരവോടെ ഇന്ത്യ ഉണര്‍ന്നിട്ടുണ്ട്. അത്യുഗ്രന്‍ ക്യാച്ചെടുത്ത് സാന്നിധ്യം അറിയിക്കാനും ജഡുവിനായി.
രവിചന്ദ്രന്‍ അശ്വിന് എറിഞ്ഞ 13-ാം ഓവറില്‍ ആയിരുന്നു ഇന്ന് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന ആ ക്യാച്ച്. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു മാത്യു വെയ്ഡ്. ഉമേഷ് യാദവിനെതിരെ അനായസം ബൗണ്ടറികള്‍ നേടിക്കൊണ്ടിരുന്ന വെയ്ഡിനെ പുറത്താക്കേണ്ടത് ഇന്ത്യയുടെ ആവശ്യവുമായിരുന്നു ആ ഘട്ടത്തില്‍. അശ്വിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ വെയ്ഡിന് അടുത്ത പന്തില്‍ അടിതെറ്റി.
ലോങ് ഓണിലേക്കായിരുന്നു വെയ്ഡ് ഷോട്ടിന് ശ്രമിച്ചത്. ടൈമിങ് തെറ്റിയതോടെ പന്ത് വായുവിലേക്ക് ഉയര്‍ന്നു. പന്തിനായി ജഡേജയും ഷുബ്മാന്‍ ഗില്ലും ഓടിയെത്തി. പക്ഷെ ജഡേജയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയില്ല. ഗില്ലുമായി ഒരു കൂട്ടിയിടി ഉണ്ടായെങ്കിലും പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ ജഡേജക്കായി.
ഇതായിരുന്നു കളിയിലെ നിര്‍ണായകമായ ഘട്ടം. വെയ്ഡും ലെബുഷെയ്നും ചേര്‍ന്ന് ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നപ്പോളാണ് വിക്കറ്റ് വീണത്. പിന്നാലെ എത്തിയ സ്മിത്ത് പൂജ്യനായി അശ്വിന് തന്നെ കീഴടങ്ങിയത് ഇരട്ടപ്രഹരമായി ആതിഥേയര്‍ക്ക്. സ്മിത്തിന് ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒന്നാം ഇന്നിംഗ്സില്‍ റണ്ണൊന്നും എടുക്കാതെ പുറത്താകുന്നത്.