ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് ജെ മേഴ്സിക്കുട്ടിയമ്മ; ‘എന്തെങ്കിലും വിളിച്ചുപറയല്‍ സ്വഭാവമായി മാറി’, ആരോപണങ്ങള്‍ അസംബന്ധം
കൊല്ലം: സര്‍ക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും എന്തെങ്കിലും വിളിച്ചുപറയല്‍ സ്ഥിരം സ്വഭാവമായി മാറിയെന്നും മേഴ്സിക്കുട്ടിയമ്മ തുറന്നടിച്ചു. എന്തെങ്കിലും ബോംബ് പൊട്ടിച്ചുകൊണ്ട് നടക്കണമെന്നുള്ള അത്യാര്‍ത്തി കൊണ്ടി പ്രതിപക്ഷ നേതാവ് പറഞ്ഞുപോവുന്നതാണെന്നും മന്ത്രി പരിഹസിച്ചു. ‘അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാനസിക […]

കൊല്ലം: സര്‍ക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും എന്തെങ്കിലും വിളിച്ചുപറയല്‍ സ്ഥിരം സ്വഭാവമായി മാറിയെന്നും മേഴ്സിക്കുട്ടിയമ്മ തുറന്നടിച്ചു. എന്തെങ്കിലും ബോംബ് പൊട്ടിച്ചുകൊണ്ട് നടക്കണമെന്നുള്ള അത്യാര്‍ത്തി കൊണ്ടി പ്രതിപക്ഷ നേതാവ് പറഞ്ഞുപോവുന്നതാണെന്നും മന്ത്രി പരിഹസിച്ചു.
‘അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാനസിക നില വല്ലാതെ തെറ്റിയിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത എന്തെങ്കിലും വിളിച്ചുപറയല്‍ അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവമായി മാറി. എന്തുചെയ്യാനാണ്? ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 5000 കോടിയുടെ അഴിമതി നടത്തിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ കോടിക്കൊന്നും ഒരു വിലയുമില്ലേ? എന്താണ് ഈ 5000 കോടി, 10000 കോടി എന്നൊക്കെ പറയുന്നത്?’, മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ‘അങ്ങനെ ഒരാളെയും കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. അത് തികച്ചും അസംബന്ധമാണ്’, മന്ത്രി പറഞ്ഞു.
ഉത്തരവില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് എന്ത് ഉത്തരവ് എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. ‘അങ്ങനെയൊരു ഉത്തരവില്ല. വ്യവസായ വകുപ്പ് ഏത് ഉത്തരവില്‍ ഒപ്പിട്ടാലും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടണ്ടത് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റാണ്. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റുമായി ഒരു ധാരണയുമില്ലെന്നിരിക്കെ, നടക്കാന്‍ പോകുന്ന കാര്യമല്ല’, മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. അത് നയപരമായ കാര്യമല്ലെന്നും അവര്‍ പറഞ്ഞു.
2018ല്‍ താന്‍ അമേരിക്കയില്‍ പോയത് യുഎന്നുമായുള്ള ചര്ച്ചക്കായിരുന്നെന്നും ഇടം പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് യുഎന്‍ ക്ഷണിച്ചിട്ടാണ് പോയതെന്നും മന്ത്രി പറഞ്ഞു. ആകെ മൂന്ന് ദിവസമാണ് അമേരിക്കയിലുണ്ടായിരുന്നത്. ഇടം പദ്ധതിയുടെ ചര്‍ച്ച കഴിഞ്ഞയുടന്‍ തിരിച്ചുപോന്നു. വേറെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നത്. അല്ലാതെ വിദേശ ട്രോളറുകള്‍, 400 കപ്പല്‍… ഇതൊന്നും അംഗീകരിക്കുന്ന പ്രശ്നമില്ല. ഫിഷറീസ് നയത്തില്‍ ഇതൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിന് വിധേയമായിട്ടേ കാര്യങ്ങള്‍ നടക്കൂ. അതില്‍ പറയുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി വേണം എന്നാണ്. ആ പരമ്പരാഗത തൊഴിലാളികള്‍ എന്നുള്ളതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റെന്തെങ്കിലും പറഞ്ഞാലൊന്നും നടക്കാന്‍ പോവുന്നില്ല. എന്തെങ്കിലും ബോംബ് പൊട്ടിച്ചുകൊണ്ട് നടക്കണമെന്നുള്ള അത്യാര്‍ത്തി കൊണ്ടി പ്രതിപക്ഷ നേതാവ് പറഞ്ഞുപോവുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ദിവാസ്വപ്നം മാത്രമാണ്. ഇതൊന്നും കേരളത്തില്‍ ഏശാന്‍ പോവുന്നില്ല. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തിലാണ് ഇറങ്ങിപ്പുറപ്പെട്ടതെങ്കില്‍ ആ പരിപ്പ് പിന്‍വലിക്കുകയാണ് നല്ലതെന്ന് ഞാന്‍ അദ്ദേഹത്തോട് വിനയപൂര്‍വ്വം പറയുന്നു.
അമേരിക്കയിലെ ഒരു വന്‍കിട കുത്തക കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് കഴിഞ്ഞ ആഴ്ച്ച ഇഎംസിസി ഇന്റര്‍നാഷണലുമായി 5000 കോടിയുടെ കരാര്‍ ഒപ്പിട്ടതായി ചെന്നിത്തല ആരോപിക്കുന്നു. കരാറിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്നും കേരളത്തിലെ മത്സ്യമേഖലയെ സര്‍ക്കാര്‍ കുത്തകകള്‍ക്ക് തീറെഴുതിക്കഴിഞ്ഞതായും അദ്ദേഹം ഐശ്വര്യകേരള യാത്രയ്ക്കിടെ പറഞ്ഞു.
സ്പ്രിംഗ്ളറിനേക്കാളും ഇ മൊബിലിറ്റിയേക്കാളും വലിയ അഴിമതിയാണ് കരാറുമായി ബന്ധപ്പെട്ട് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് അഴിമതിയുടെ ഗൂഢാലോചന നടത്തിയത്. ഇഎംസിസി പ്രതിനിധികളുമായി 2018ല്‍ ന്യൂയോര്‍ക്കില്‍ മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിലെ കടലുകളില്‍ മത്സ്യബന്ധനം നടത്തും. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ അമേരിക്കന്‍ കമ്പനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വന്‍ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റന്‍ കകപ്പലുകള് ഉപയോഗിച്ച് വിദേശ കമ്പനികള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ എക്സ്പ്രഷന്‍ ഓഫ് ഇന്ടറസ്റ്റ് വിളിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിന്റെ മത്സ്യബന്ധന മേഖല നശിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊളിലാളികളുടെ വയറ്റത്തടിക്കുന്ന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷധമുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു.