‘ഞങ്ങള്‍ ദേശവിരുദ്ധരല്ല എന്നാല്‍ ബിജെപി വിരുദ്ധരാണ്’; ഫറൂഖ് അബ്ദുള്ളയെ ചെയര്‍മാനാക്കി കശ്മീരില്‍ ഗുപ്കര്‍ സഖ്യം
പീപ്പിള്‍സ് ഡെമോക്രാറ്റീവ് പാര്‍ട്ടി അദ്ധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് വൈസ് ചെയര്‍പേഴ്സണ്‍. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം വൈ തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍.

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിന് വേണ്ടി ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ സഖ്യത്തിന്റെ ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഫറൂഖ് അബ്ദുള്ളയെ തിരഞ്ഞെടുത്തു. പീപ്പിള്‍സ് ഡെമോക്രാറ്റീവ് പാര്‍ട്ടി അദ്ധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് വൈസ് ചെയര്‍പേഴ്സണ്‍. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം വൈ തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍.
ശ്രീനഗറിലെ മെഹബൂബ മുഫ്തിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍സി, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് (പിസി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്സിസ്റ്റ് (സിപിഐ-എം), പീപ്പിള്‍സ് മൂവ്മെന്റ് (പിഎം), അവാമി നാഷണല്‍ കോണ്‍ഫറന്‍സ് (എഎന്‍സി) എന്നീ ആറ് പാര്‍ട്ടികളുടെയും നേതാക്കള്‍ ചേര്‍ന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പഴയ സംസ്ഥാനത്തിന്റെ പതാക സഖ്യത്തിന്റെ പതാകയായി സ്വീകരിച്ചു.
ഈ സഖ്യം ദേശവിരുദ്ധമല്ലെന്നും എന്നാല്‍ അങ്ങനെ ചിത്രീകരിക്കാന്‍ ബിജെപി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു എന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഈ സഖ്യം ദേശവിരുദ്ധമല്ല, എന്നാല്‍ തീര്‍ച്ചയായും ബിജെപി വിരുദ്ധമാണ്
ഫറൂഖ് അബ്ദുള്ള
തങ്ങളുടെ പോരാട്ടത്തിന് മതപരമായ സ്വഭാവമല്ലെന്നും അത് അവകാശങ്ങള്‍ക്കും സ്വത്വത്തിനും വേണ്ടിയുള്ളതായിരുന്നെന്നും ഫറൂഖ് അബ്ദുള്ള യോഗത്തില്‍ പറഞ്ഞു. ‘ഭരണഘടനയെ തര്‍ക്കാനും രാജ്യത്തെ ഭിന്നിപ്പിക്കാനും ബിജെപി ശ്രമിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് അവര്‍ ഇന്ത്യന്‍ ഭരണഘടനയോട് എന്തുചെയ്തുവെന്ന് നമ്മള് കണ്ടു. ജമ്മു കശ്മീര്‍, ലഡാക്ക് ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ് ഇനി നമ്മുടെ ലക്ഷ്യം, ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
2019 ഓഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.