Top

‘സര്‍ക്കാര്‍ സംവരണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചു’; എസ്എന്‍ഡിപിയുമായി ചേര്‍ന്ന് സമരം ആലോചനയിലെന്ന് ലീഗ്

‘എല്ലാ മത വിഭാഗങ്ങള്‍ക്കിടയിലും പിന്നോക്കക്കാര്‍ ഉണ്ട്. അവര്‍ ഇപ്പോഴും പിന്നോക്കം തന്നെയാണ്. ‘

25 Oct 2020 2:45 AM GMT

‘സര്‍ക്കാര്‍ സംവരണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചു’; എസ്എന്‍ഡിപിയുമായി ചേര്‍ന്ന് സമരം ആലോചനയിലെന്ന് ലീഗ്
X

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നോക്ക സംവരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ്. സംവരണ സമുദായങ്ങള്‍ക്ക് നഷ്ടം ഉണ്ടാക്കുന്ന തരത്തിലാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി ചൂണ്ടിക്കാട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. എല്ലാ മത വിഭാഗങ്ങള്‍ക്കിടയിലും പിന്നോക്കക്കാര്‍ ഉണ്ട്. അവര്‍ ഇപ്പോഴും പിന്നോക്കം തന്നെയാണ്. കേരള സര്‍ക്കാര്‍ ആശാസ്ത്രീയമായ രീതിയില്‍ സംവരണ വിഷയത്തില്‍ തീരുമാനം എടുത്തു. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം. ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കും. എസ്എന്‍ഡിപിയുമായി ചേര്‍ന്ന് സമരം ആലോചനയിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു മുതിര്‍ന്ന ലീഗ് നേതാവിന്റെ പ്രതികരണം. എല്‍ഡിഎഫ് അനുകൂല നിലപാടുള്ള എപി സുന്നി വിഭാഗം ഉള്‍പ്പെടെ, സുന്നി, മുജാഹിദ്ദീന്‍, ജമാ അത്തെ ഇസ്ലാമി സംഘടനാ പ്രതിനിധികളും സംയുക്ത യോഗത്തില്‍ പങ്കെടുത്തു. മുന്നാക്ക സംവരണം, കോവിഡ് മരണ സംസ്‌കാരം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു യോഗം.

കോവിഡ് ബാധിച്ചു മരണപ്പെടുന്നവരെ മതപരമായ ചടങ്ങുകള്‍ പാലിക്കാതെയാണ് സംസ്‌കാരം നടക്കുന്നത്. വ്യക്തി സ്വതന്ത്ര്യത്തെ വരെ ബാധിക്കുന്ന വിഷയമാണിത്.

പി കെ കുഞ്ഞാലിക്കുട്ടി

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ സാമൂഹിക പ്രശ്‌നമുണ്ട്. താഴേതട്ടിലുള്ള സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സംവരണത്തില്‍ ആശങ്കയുള്ളത് മുസ്ലീം സംഘടനകള്‍ക്ക് മാത്രമല്ല. എല്ലാ പിന്നോക്ക സംഘടനകളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.

പി കെ കുഞ്ഞാലിക്കുട്ടി

സംവരണത്തെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപിയും വിമര്‍ശിച്ചു. സംവരണമുള്ള മറ്റു സമുദായ നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തി. സംവരണത്തെ അട്ടിമറിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ പിന്നോക്കമാവുന്നതാണ് സര്‍ക്കാര്‍ തീരുമാനം. സംവരണത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ മുന്നാക്ക സംവരണമെന്നും ലീഗ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പ്രതികരിച്ചു.

കൊവിഡ് ബാധിച്ച് മരിച്ച് മരിക്കുന്നവരുടെ സംസ്‌കാരത്തില്‍ എല്ലാ മതവിശ്വാസങ്ങളും ലംഘിക്കുകയാണ്. മൃതദേഹം ശുദ്ധീകരിക്കാതെ കുഴിയില്‍ തള്ളുകയാണ്.

ഇ ടി മുഹമ്മദ് ബഷീര്‍

ഇത് എല്ലാ മതവിശ്വാസങ്ങള്‍ക്കും എതിരാണ്. കോവിഡ് ബാധിച്ചു മരിചാല്‍ വൃത്തിയായി സംസ്‌കരിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍ കേരളത്തില്‍ അത് പാലിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ ഗൈഡ്‌ലൈനില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. അതും പാലിക്കപ്പെടുന്നില്ല. മൃതദേഹ സംസ്‌കാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്നലെ ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിലും മുസ്ലിം സംഘടനകള്‍ തൃപ്തരല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Next Story