Top

‘സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിരിക്കാം’; ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇഡി

വേണുഗോപാലിന്റെ വാട്സപ്പ് ചാറ്റുകള്‍ സ്വപ്നയുടെ കള്ളപ്പണ ഇടപാടുകളുമായി ശിവശങ്കറിനുള്ള ബന്ധം തെളിയിക്കുന്നതാണെന്നും ഇഡി

21 Oct 2020 8:08 AM GMT

‘സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിരിക്കാം’; ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇഡി
X

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ കള്ളപ്പണ ഇടപാടില്‍ ശിവശങ്കറിനെതിരെ ശക്തമായ മൊഴിയുണ്ടെന്ന് ഇഡി വ്യക്തമാക്കി. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ പ്രതികരണം. സ്വപ്‌ന സുരേഷ് പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണെന്ന് ശിവശങ്കര്‍ അറിയിയാതിരിക്കാന്‍ സാധ്യതയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വാട്സപ്പ് ചാറ്റുകള്‍ സ്വപ്നയുടെ കള്ളപ്പണ ഇടപാടുകളുമായി ശിവശങ്കറിനുള്ള ബന്ധം തെളിയിക്കുന്നതാണെന്നും ഇഡി വാദിക്കുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്നതാണ്. ശിവശങ്കര്‍ സ്വപ്നയെ തന്റെ വീട്ടില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയെന്ന് വേണുഗോപാല്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങളില്‍ സ്വപ്നയെ സഹായിക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. 30 ലക്ഷം രൂപയുമായി തന്റെ വീട്ടിലെത്തിയ ശിവശങ്കറും സ്വപ്നയും രൂപ ലോക്കറില്‍ സൂക്ഷിക്കാനാവശ്യപ്പെട്ടു. സ്വപ്ന കള്ളപ്പണ ഇടപാടിലൂടെ പണം സമ്പാദിച്ചു. ശിവശങ്കറിനും ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇഡിയുടെ സത്യവാങ് മൂലത്തിലുണ്ട്.

വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ കടത്തിയെന്ന് കേസിലും എം ശിവശങ്കറിന് എതിരെ കസ്റ്റംസിന് മൊഴി ലഭിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡോളര്‍ കടത്തിയ കേസില്‍ സ്വപ്നയെയും, സരിത്തിനെയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. അനുമതി ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷയിലാണ് വിധി.

സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സന്ദീപ് നായരുടെ മൊഴികളും ഇന്ന് പുറത്തുവരികയുണ്ടായി. സ്വര്‍ണക്കടത്ത് വഴികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സന്ദീപ് വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് റമീസ് ആണ്. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിത്തിനെ നേരത്തേ അറിയാമായിരുന്നു. സരിത്തിനേക്കുറിച്ച് റമീസിനോട് പറഞ്ഞു. സരിത് സ്വപ്നയെ പരിചയപ്പെടുത്തി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടില്ല എന്ന് സ്വപ്‌നയാണ് പറഞ്ഞത്. കിലോയ്ക്ക് 45,000 ആണ് ആദ്യം റമീസ് പറഞ്ഞത്, സ്വപ്ന ആയിരം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടു. 2019 മെയ് മാസത്തില്‍ സരിത്തിന്റെ കാറിനുള്ളില്‍ ആദ്യ ഗൂഢാലോചന നടന്നു. തിരുവനന്തപുരം താല്‍വാക്കേഴ്‌സ് ജിമ്മിന്റെ പാര്‍ക്കില്‍ വച്ചായിരുന്നു ഗൂഢാലോചന. രണ്ടു തവണ സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തി. സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്‌നയാണ്. കുറഞ്ഞത് 10 കിലോ അയക്കാന്‍ പറഞ്ഞു. കോണ്‍സുല്‍ ജനറലിന് ജര്‍മനിയില്‍ ബിസിനസിനും ദുബായില്‍ വീട് നിര്‍മിക്കാനും പണം വേണമെന്ന് പറഞ്ഞു. കോണ്‍സുല്‍ ഡിസംബറില്‍ മടങ്ങുമെന്നും സ്വപ്ന പറഞ്ഞതായി സന്ദീപ് വെളിപ്പെടുത്തി.

സ്വപ്നയ്‌ക്കെതിരായ ക്രിമിനല്‍ കേസ് ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്. എയര്‍ ഇന്ത്യ സാറ്റ്‌സിനെതിരായ ക്രിമിനല്‍ കേസിനെക്കുറിച്ച് അറിയാമായിരുന്നു. സ്വപ്നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം ഇതിന് ശേഷമാണ്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി കരാറില്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്തത് യൂണിടാക്കാണ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അഞ്ച് ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തു. സന്തോഷ് ഈപ്പനൊപ്പം കോണ്‍സുല്‍ ജനറലിനെ കണ്ടു. 45 ലക്ഷം രൂപ മൂന്നു തവണയായി തനിക്ക് നല്‍കിയെന്നും സന്ദീപ് കേന്ദ്ര ഏജന്‍സിയോട് പറഞ്ഞു.

Next Story

Popular Stories