രണ്ടാമത്തെ ക്രിസ്ത്യന്‍ പള്ളിയെയും മസ്ജിദാക്കല്‍; തീരുമാനത്തില്‍ നിന്ന് തുര്‍ക്കി പിന്‍മാറുന്നു; കാരണമിതാണ്

മധ്യകാല ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചായിരുന്ന ചോറ മ്യൂസിയത്തെ മുസ്‌ലിം പള്ളിയാക്കുന്നതില്‍ നിന്നും തുര്‍ക്കി സര്‍ക്കാര്‍ പിന്‍മാറുന്നെന്ന് സൂചന. ഇസ്താംബൂളിലെ ഈ മ്യൂസിയത്തെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുസ്‌ലിം പള്ളിയാക്കുന്നെന്ന് തുര്‍ക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 30 ന് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ഉദ്ഘാനത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയ്ക്കായി ഇവിടെ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ ചടങ്ങ് ഇതുവരെയും നടന്നിട്ടില്ല.

ഇതിനു പിന്നാലെ മ്യൂസിയത്തെ പള്ളിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ മസ്ജിദാക്കിയ സംഭവം ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതാണ് ഇത്തരമൊരു പിന്നോട്ട് പോക്കിന് കാരണമെന്നാണ് സൂചന.

രാജ്യത്തെ മുന്‍ ടൂറിസം മന്ത്രി ഒരു തുര്‍ക്കി ദിനപത്രത്തോട് പ്രതികരിച്ചതു പ്രകാരം ഹാഗിയ സോഫിയ വിവാദം ഇപ്പോഴത്തെ പിന്നോട്ടടിയില്‍ ഒരു പ്രധാനകാരണമാണ്. ഒപ്പം തുര്‍ക്കി സാമ്പത്തിക രംഗവും പ്രതിസന്ധി നേരിടുന്നുണ്ട്. ചോറ മ്യൂസിയം മ്യൂസിയമായി തന്നെ നിലനില്‍ക്കുന്നത് ടൂറിസത്തെ സഹയിക്കുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

ഹാഗിയ സോഫിയ വിവാദത്തിനു പുറമെ ചോറ മ്യൂസിസിയവും പള്ളിയാക്കുന്നത് ലോകരാജ്യങ്ങളില്‍ നിന്നും തുര്‍ക്കിക്കു നേരെ അതൃപ്തി ഉണ്ടാക്കുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം.

തുര്‍ക്കിഷ് ഭാഷയില്‍ കിരിയെ എന്ന പേരിലും ചോറ മ്യൂസിയം അറിയപ്പെടുന്നുണ്ട്. തുര്‍ക്കിയിലെ പ്രശ്‌സത മ്യൂസിയങ്ങളിലൊന്നാണിത്. ബൈസന്റൈന്‍ കാലഘട്ടത്തിലെ ദേവാലയമായിരുന്നു ഈ മ്യൂസിയം. ഈ ദേവാലയം 1945 ലാണ് ദേവാലയത്തെ മ്യൂസിയമാക്കിയത്.

2020 ജൂലൈയിലാണ് യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്‍പ്പെട്ടിരുന്ന ഹാഗിയ സോഫിയയെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്നതായി എര്‍ദൊഗാന്‍ പ്രഖ്യാപിച്ചത്. ഓട്ടോമന്‍ ചരിത്ര കാലഘട്ടത്തിലെ മുസ്‌ലിം പള്ളിയായിരുന്നെങ്കിലും ഹാഗിയ സോഫിയക്ക് ക്രിസ്ത്യന്‍ പാരമ്പര്യമാണ്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഹാഗിയ സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ പ്രധാന ആരാധനാലയമാരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ഹാഗിയ സോഫിയയെ മുസ്‌ലിം പള്ളി ആക്കി മാറ്റുകയായിരുന്നു. പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായതിനു ശേഷം 1934 ലാണ് പള്ളി മ്യൂസിയമാക്കി മാറ്റിയത്.

Latest News