പരീക്ഷണത്തിന് മുന്‍പ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് ആപത്തെന്ന് ദില്ലി ഹൈക്കോടതി; എന്തിനിത്ര ധൃതിയെന്ന് ശകാരം
കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്സിന് പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ അനുമതിയോടെ ഉടന്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കിത്തുടങ്ങാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ധൃതി വേണ്ടെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയത്.
16 July 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 18 വയസില്‍ താഴെയുള്ളവര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുന്നതിനെതിരെ ആഞ്ഞടിച്ച് ദില്ലി ഹൈക്കോടതി. കുട്ടികള്‍ക്ക് വാക്സിന് നല്കാന് എന്തിനാണിത്ര ധൃതിയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വാക്സിന് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വാക്സിന് നല്‍കുന്നത് ആപത്താണെന്ന് മുന്നറിയിപ്പ് നല്കിയ കോടതി പരീക്ഷണഘട്ടങ്ങള്‍ കഴിയുന്നതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഡിഎന്‍ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും ഉള്‍പ്പെട്ട ബെഞ്ചാണ് കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ വാക്സിനേഷന് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്സിന് പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ അനുമതിയോടെ ഉടന്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കിത്തുടങ്ങാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ധൃതി വേണ്ടെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയത്.
പരീക്ഷണഘട്ടങ്ങള്‍ എല്ലാം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് ദൂരവ്യാപകമായ ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ദില്ലി ഹൈക്കോടതിയുടെ നിരീക്ഷണം. പരീക്ഷണം കഴിഞ്ഞാലുടന്‍ കുട്ടികള്‍ക്ക് വാക്സിന് നല്കിത്തുടങ്ങണം. ഇതിനായി രാജ്യം കാത്തിരിക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസ് സെപ്തംബര്‍ ആറിലേക്ക് മാറ്റി.