Top

ചാനു പ്രതീക്ഷകളുടെ ആ ഭാരം ഉയര്‍ത്തിയത് ഭക്ഷണം പോലും കഴിക്കാതെ; ഇനി ലക്ഷ്യം വെള്ളി സ്വര്‍ണമാക്കുന്നത്

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യദിനം തന്നെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മീരാ ഭായ് ചാനു. 130 കോടി ജനതയുടെ പ്രതീക്ഷകളുടെ ഭാരം ടോക്യോയിലെ ആദ്യ ദിനം തന്നെ ചാനു ഉയര്‍ത്തിയപ്പോള്‍ അതിനു പിന്നിലെ ഏറെ കഷ്ടപ്പാടുകളുടെ കഥയുണ്ട്. ഇപ്പോള്‍ അഭിമാനനേട്ടം കൈവരിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ ചാനു മത്സരത്തിന്റെ തലേ ദിവസങ്ങളിലെ കഥ പറയുകയാണ്. മത്സരത്തിനു രണ്ടു ദിവസം മുമ്പേ ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ആ പ്രകടനത്തിന് തയാറെടുത്തത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തിലാണ് […]

27 July 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാനു പ്രതീക്ഷകളുടെ ആ ഭാരം ഉയര്‍ത്തിയത് ഭക്ഷണം പോലും കഴിക്കാതെ; ഇനി ലക്ഷ്യം വെള്ളി സ്വര്‍ണമാക്കുന്നത്
X

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യദിനം തന്നെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മീരാ ഭായ് ചാനു. 130 കോടി ജനതയുടെ പ്രതീക്ഷകളുടെ ഭാരം ടോക്യോയിലെ ആദ്യ ദിനം തന്നെ ചാനു ഉയര്‍ത്തിയപ്പോള്‍ അതിനു പിന്നിലെ ഏറെ കഷ്ടപ്പാടുകളുടെ കഥയുണ്ട്. ഇപ്പോള്‍ അഭിമാനനേട്ടം കൈവരിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ ചാനു മത്സരത്തിന്റെ തലേ ദിവസങ്ങളിലെ കഥ പറയുകയാണ്.

മത്സരത്തിനു രണ്ടു ദിവസം മുമ്പേ ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ആ പ്രകടനത്തിന് തയാറെടുത്തത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനു മത്സരിച്ചത്.

”ഈ വിഭാഗത്തില്‍ ശരീര ഭാരം നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല. നമ്മളുടെ ഭക്ഷണ രീതികളില്‍ കടുത്ത നിയന്ത്രണം തന്നെ വേണ്ടി വരും. അതിനാല്‍ തന്നെ എനിക്ക് ജങ്ക് ഫുഡ് ഒന്നും കഴിക്കാനാകില്ല. പയര്‍ വര്‍ഗങ്ങളും മാംസവും മാത്രമാണ് ഞാന്‍ ഭക്ഷിക്കുന്നത്. ശരീരഭാരം മത്സരത്തിനായി കൃത്യമായി നിലനിര്‍ത്താന്‍ രണ്ടു ദിവസം അതും ഉപേക്ഷിച്ചാണ് മത്സരിക്കാന്‍ ഇറങ്ങിയത്”- ചാനു പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് അഭിമാന നേട്ടത്തിനു ശേഷം ചാനു ടോക്യോയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഒളിമ്പിക്‌സ് വെള്ളിമെഡലുമായി ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇന്ത്യന്‍ താരത്തിന് ആവേശോജ്ജ്വല സ്വീകരണമാണ് കായിക മന്ത്രാലയവും ആരാധകരും ചേര്‍ന്നു നല്‍കിയത്.

ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണിതെന്നാണ് വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണങ്ങളോട് താരം പ്രതികരിച്ചത്. ”ധാരാളം സ്‌നേഹത്തിനും പിന്തുണയ്ക്കും ഇടയില്‍ ഇവിടെ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. വളരെയധികം നന്ദി”-ചാനു പറഞ്ഞു.

ഒന്നും ഇവിടെ അവസാനിപ്പിക്കുന്നില്ലെന്നും ഇപ്പോള്‍ നേടിയ വെള്ളി മെഡല്‍ അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണമാക്കി മാറ്റുകയാണ് അടുത്ത ലക്ഷ്യമെന്നും അതിനായുള്ള പരിശ്രമം ഉടന്‍ ആരംഭിക്കുമെന്നും താരം വ്യക്തമാക്കി. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് ചാനു ടോക്യോയില്‍ വെള്ളി നേടിയത്. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മീരാ ഭായ് ചാനു. 2000 -ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

Popular

    Next Story