Top

‘പിളര്‍ത്തിയത് ലീഗിന്റെ വഹാബിസം’; പാര്‍ട്ടിയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ അതെവിടെയെന്ന് കാന്തപുരം വിഭാഗം; ‘ഹമീദ് ഫൈസിയുടേത് നട്ടാല്‍ കുരുക്കാത്ത നുണ’

മുസ്ലിംലീഗിന്റെ ഇടപെടലുകളാണ് 1989ല്‍ സമസ്തയുടെ പിളര്‍പ്പിലേക്ക് നയിച്ചതെന്ന് കാന്തപുരം വിഭാഗം. രാഷ്ട്രീയ പാര്‍ട്ടി ആവശ്യവുമായെത്തിയ കാരണത്താലാണ് സമസ്തയില്‍ നിന്നും കാന്തപുരത്തെ പുറത്താക്കിയതെന്ന അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ വാദം നുണയാണെന്നും കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്ത സ്ഥാപിതമായത് വഹാബിസത്തെ ചെറുക്കാനും വേണ്ടിയാണ്. സമസ്തയുടെ ലക്ഷ്യത്തിനെതിരെ വ്യക്തമായി പറഞ്ഞാല്‍ വഹാബിസം വളര്‍ത്താന്‍ ലീഗിനെ ആസൂത്രിതമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതു മുതല്‍ക്കാണ് സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് മുജാഹിദുകള്‍ പള്ളികള്‍ […]

7 Jan 2021 5:03 AM GMT

‘പിളര്‍ത്തിയത് ലീഗിന്റെ വഹാബിസം’; പാര്‍ട്ടിയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ അതെവിടെയെന്ന് കാന്തപുരം വിഭാഗം; ‘ഹമീദ് ഫൈസിയുടേത് നട്ടാല്‍ കുരുക്കാത്ത നുണ’
X

മുസ്ലിംലീഗിന്റെ ഇടപെടലുകളാണ് 1989ല്‍ സമസ്തയുടെ പിളര്‍പ്പിലേക്ക് നയിച്ചതെന്ന് കാന്തപുരം വിഭാഗം. രാഷ്ട്രീയ പാര്‍ട്ടി ആവശ്യവുമായെത്തിയ കാരണത്താലാണ് സമസ്തയില്‍ നിന്നും കാന്തപുരത്തെ പുറത്താക്കിയതെന്ന അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ വാദം നുണയാണെന്നും കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്ത സ്ഥാപിതമായത് വഹാബിസത്തെ ചെറുക്കാനും വേണ്ടിയാണ്. സമസ്തയുടെ ലക്ഷ്യത്തിനെതിരെ വ്യക്തമായി പറഞ്ഞാല്‍ വഹാബിസം വളര്‍ത്താന്‍ ലീഗിനെ ആസൂത്രിതമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതു മുതല്‍ക്കാണ് സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് മുജാഹിദുകള്‍ പള്ളികള്‍ പിടിച്ചെടുത്തെന്നും സഖാഫി എളമരം പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണ് സമസ്ത പിളര്‍ന്നതെങ്കില്‍ മുപ്പത് കൊല്ലമായിട്ടും അങ്ങനെ ഒന്ന് കാന്തപുരം ഉണ്ടാക്കിയോ? ഇകെ അബൂബക്കര്‍ മുസ്ലിയാരും എപി അബൂബക്കര്‍ മുസ്ലിയാരും ചേര്‍ന്ന സമസ്ത നേതൃത്വം കേരള മുസ്ലീംകളെ കയ്യിലെടുത്ത് അമ്മാനമാടുന്നത് കണ്ട അസൂയാലുക്കളാണ് ഇരുവരെയും രണ്ട് ചേരിയിലാക്കാന്‍ ശ്രമിച്ചത്.

:-റഹ്മത്തുള്ള സഖാഫി എളമരം

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കാന്തപുരത്തേയും അനുഭാവികളേയും സമസ്തയില്‍ നിന്നും പുറത്താക്കിയതെന്ന് എസ്‌വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂസ് 18 ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാലെ ഹമീദ് ഫൈസിയുടെ വിശദീകരണം കളവാണെന്ന് സോഷ്യല്‍ മീഡിയയില്‍ എപി വിഭാഗം പ്രവര്‍ത്തകര്‍ വാദിച്ചു. ഇതോടെ ഇരുകൂട്ടരും സാമൂഹിക മാധ്യമങ്ങളില്‍ വാക്കേറ്റം തുടങ്ങി. ഈ സാഹചര്യത്തിലാണ് കാന്തപുരം വിഭാഗം എസ്‌വൈഎസ് നേതാവിന്റെ കുറിപ്പ് പുറത്ത് വന്നത്.

റഹ്മത്തുള്ള സഖാഫി എളമരം

സമസ്തയുടെ പിളര്‍പ്പിലേക്ക് നയിച്ചത് എങ്ങനെയെന്ന് വിവരിക്കുന്ന റഹ്മത്തുള്ള സഖാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമസ്തയും മുസ്ലിം ലീഗും

സമസ്ത രൂപം കൊണ്ട് 22 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് പടപൊരുതുന്ന, മതേതരത്വവും ജനാധിപത്യവും നിലനിന്നു കാണാന്‍ യജ്ഞിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാക്ക് എതിര്‍ക്കേണ്ട ഒരാവശ്യവുമില്ല.

സമസ്ത സ്ഥാപിതമായത് സ്വഹാബത്തിലൂടെ പകര്‍ന്നു കിട്ടിയ ഇസ്ലാമിക പാരമ്പര്യം കാത്തുസൂക്ഷിക്കാനും, മുസ്ലിം ലോകത്ത് ചോരച്ചാലുകള്‍ തീര്‍ത്ത്, ഭിന്നതയും കലഹവുമുണ്ടാക്കി, ഖിലാഫത്തിന്റെ തകര്‍ച്ചക്ക് പോലും കാരണമായ വഹാബിസത്തെ ചെറുക്കാനുംവേണ്ടിയാണ്.

സമസ്തയുടെ ലക്ഷ്യത്തിനെതിരെ വ്യക്തമായി പറഞ്ഞാല്‍ വഹാബിസം വളര്‍ത്താന്‍ ലീഗിനെ ആസൂത്രിതമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതു മുതല്‍ക്കാണ് സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. സീതി സാഹിബ് സ്പീക്കറായ 1960ല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ചത് മുതല്‍ വഹാബികള്‍ക്ക് വേണ്ടി ചിലര്‍ കരുക്കള്‍ നീക്കിത്തുടങ്ങി. അന്ന് രൂപീകരിക്കപ്പെട്ടെ വഖഫ് ബോര്‍ഡില്‍ വഹാബി ആധിപത്യമായതിനാല്‍ ഇതിനെതിരെ സമസ്ത പ്രമേയമവതരിപ്പിച്ചത് അവിഭക്ത സമസ്ത പുറത്തിറക്കിയ അറുപതാം വാര്‍ഷിക സോവനീറില്‍ കാണാം.

വഖഫ് ബോര്‍ഡിലെ സ്വാധീനമുപയോഗിച്ചാണ് മലബാറിന്റെ കേന്ദ്രമായ കോഴിക്കോട്ടെ സുന്നി പള്ളികളായിരുന്ന പാളയം മുഹിയദ്ധീന്‍ പള്ളി ,പട്ടാളപ്പളളി, ശാദുലിപ്പളളി ഉള്‍പെടെ മുജാഹിദുകള്‍ പിടിച്ചെടുത്തത്. ഇവിടെ ആരംഭിച്ച മലയാള ഖുതുബ കേട്ടാണ് കോഴിക്കോട്ട് സലഫിസം പ്രചരിച്ചത്. പിന്നീട് അറബ് ഭാഷ പഠിപ്പിക്കാനുള്ള അനുമതി വന്നപ്പോള്‍ പാഠപുസ്തക കമ്മറ്റിയുണ്ടാക്കി. ലീഗ് ആ കമ്മിറ്റിയില്‍ ഒരൊറ്റ സുന്നിക്കും ഇടം കൊടുത്തില്ല. ഫലമോ? പാഠപുസ്തകങ്ങള്‍ നിറയെ വഹാബി ആശയങ്ങള്‍ കുത്തിനിറച്ചു.വഹാബീ നേതാക്കളേയും സ്ഥാപനങ്ങളേയും പരിചയപ്പെടുത്തി . എസ്എസ്എഫ് ഇതിനെതിരെ നടത്തിയ സമര പോരാട്ടങ്ങള്‍ കേരളീയര്‍ മറന്നിട്ടുണ്ടാവില്ല. ഒടുവില്‍ 1983ല്‍ വന്ന നായനാര്‍ സര്‍ക്കാറാണ് വിവാദ പാഠങ്ങള്‍ നീക്കിയത്.

ശേഷം അറബി അധ്യാപകരെ സൃഷ്ടിച്ചെടുക്കാനുള്ള ഓറിയന്റല്‍ അറബിക് കോളേജുകള്‍ അനുവദിച്ചപ്പോള്‍ അവയെല്ലാം വഹാബികള്‍ക്ക് പതിച്ചു നല്‍കി. എടവണ്ണ ജാമിഅ, അരീക്കോട് സുല്ലമ്, പുളിക്കല്‍ റൗളതുല്‍ ഉലൂം മേപ്പയൂര്‍ സലഫി കോളേജ് തിരൂരങ്ങാടി. ആ പട്ടിക നീണ്ടതാണ്. ഈ കോളേജുകളില്‍ നിന്നും പുറത്തിറങ്ങിയ മൗലവിമാരാണ് കേരളത്തിലെ വഹാബീ നേതാക്കളും പ്രഭാഷകരും.

മുസ്ലിം മാനേജ്‌മെന്റിനു കീഴില്‍ ഇറങ്ങുന്ന ഏകപത്രം ചന്ദ്രികയായിരുന്നു. അതാവട്ടെ നിയന്ത്രിച്ചിരുന്നത് വഹാബികളും. 1970 കളില്‍ ചന്ദ്രികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് ഇനി മുതല്‍ നബിദിനപ്പരിപാടികളുടെ വാര്‍ത്ത ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കുകയില്ല എന്നു തീരുമാനിച്ചു. എം എം ബഷീര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. 1979ല്‍ മലപ്പുറത്തു വെച്ച് നടന്ന സമ്മേളന സുവനീറില്‍ ഈ പ്രതിഷേധക്കുറിപ്പ് കാണാം. ഈ ഘട്ട ത്തിലാണ് സുന്നികള്‍ ഒരു പത്രത്തെക്കുറിച്ച് ചിന്തിക്കുന്നതും, സിറാജ് ദിനപ്പത്രം 1984ല്‍ പുറത്തിറങ്ങുന്നതും.

അന്നു വഹാബീ പക്ഷപാതിത്വത്തിനെതിരെ ശക്തമായി പോരാടിയിരുന്ന ഒരാളായിരുന്നു. മര്‍ഹും ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ .ലീഗിലെ വഹാബി സഹയാത്രികര്‍ ലീഗിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ തന്നെ അദ്ദേഹത്തെ പരിഹസിച്ചു. മര്‍ഹും പാണക്കാട് ശിഹാബ് തങ്ങള്‍ അവതാരിക എഴുതിയ സി എച്ച് മുഹമ്മദ് കോയ ജീവചരിത്രം എന്ന പുസ്തകത്തില്‍ എഴുതുന്നു ‘കോണ്‍ഗ്രസിന്റെ തിരഞെടുപ്പ് യോഗ ങ്ങളില്‍ ഖിറാഅതും ഫാതിഹയും ഓതാന്‍ തുടങ്ങി. കാശ് കൊടുത്താല്‍ വാലാട്ടുന്ന ആര്‍ത്ഥിക മോഹികളായ ചില വാടക മൗലാന മാര്‍ നീളക്കുപ്പായങ്ങളുമായി സ്റ്റേജുകളില്‍ ഉപവിഷ്ടരായി. ഒരു വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രത്തിലെ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ ജനശ്രദ്ധ പിടിച്ചുപറ്റി..

കുറ്റിച്ചിറയില്‍ സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന യോഗം. നബിയുടെ മദ്ഹുകള്‍ വിവരിക്കാനും ,ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ മുസ്ലിംകളുടെ കടമ എന്തെന്ന് വിവരിക്കാനുമായിരുന്നു യോഗം വിളിച്ചു കൂട്ടിയത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യലാണ് മുസ് ലിംകളുടെ കടമയെന്ന് യോഗത്തിലെ മുഖ്യ പ്രാസംഗികനായ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. അതിനാവശ്യമായ ആയത്തുകളും അദ്ധേഹം കൊണ്ടു വന്നിരുന്നു. പ്രസംഗം മൂത്ത് അദ്ദേഹം കാടുകയറി. അദ്ധേഹം പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അച്ചടിക്കാന്‍ കൊള്ളാവുന്നവയായിരുന്നില്ലെങ്കിലും തമ്മില്‍ ദേതപ്പെട്ട ഒരു വാചകമിതാ …… സീതിയുടേയും ഉപ്പിയുടേയും സിഎച്ച് മുഫ്തിയുടേയും ബാഫഖീ നീളകുപ്പായത്തിന്റേയും മുസ്ലിം ജനാബത്താണ് ,മുസ്ലിം ജമാഅത്തല്ല മുസ്ലിം ലീഗ്.,, (പേ : 297) 1985′ ഹരിത ബുക്‌സ് കോഴിക്കോട്)

1976ല്‍ ലീഗ് രണ്ടായി പിളര്‍ന്നു. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ഇ എം എസിന്റെ കൂടെയിരുന്നുയിരുന്നു പന്നിമാംസം തിന്നുന്ന കാര്‍ട്ടൂണ്‍ വരേ ചന്ദ്രികയില്‍ വന്നു. ഇ കെ ഉസ്താദ് അഖിലേന്ത്യാ ലീഗിനോട് ചായ്‌വ് കാണിച്ചു എന്നു പറഞ്ഞാണ് സമസ്തയുടെ സ്വന്തം സ്ഥാപനമായ പട്ടിക്കാട് ജാമിഅയില്‍ നിന്നും അവരെ പുകച്ചുചാടിച്ച് പൂച്ചക്കാട്ട് എത്തിച്ചത്. (കാഞ്ഞങ്ങാടിനടുത്ത്) ശംസുല്‍ ഉലമയുടെ സുന്നത്ത് ജമാഅത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ശക്തമായ പിന്തുണയുമായി കാന്തപുരം ഉസ്താദ് ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു. 1985 ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ നടന്ന സമസ്തയുടെ അറുപതാം വാര്‍ഷിക മഹാസമ്മേളനം മുടക്കാന്‍ ആവുന്നതൊക്കെ ചെയ്തങ്കിലും എ പി ഉസ്താദിന്റെ സംഘാടനത്തികവില്‍ സമ്മേളനം പ്രോജ്വലമായി സമാപിച്ചു.

രണ്ട് അബൂബക്കറുമാര്‍ കേരളാ മുസ്‌ലിംകളെ കയ്യിലെടുത്ത് അമ്മാനമാടുന്ന കാഴ്ച പലരേയും അസൂയക്കാരാക്കി. ഈ രണ്ടു പേരേയും രണ്ട് ചേരിയിലാക്കണം, അവര്‍ തക്കം പാര്‍ത്തിരുന്നു. ശാബാനു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ശരീഅത്ത് വിവാദത്തില്‍ കേരളാ മുസ്‌ലിംകളുടെ ആശങ്ക അറിയിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമസ്ത തീരുമാനിച്ചു. ഡല്‍ഹിയില്‍ ചെന്ന് രാജീവ് ഗാന്ധിയെ കാണാന്‍ ഇ കെ ഉസ്താദ് ,താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ,എ പി ഉസ്താദ് എന്നിവരെ ചുമതലപ്പെടുത്തി. വാര്‍ത്തയറിഞ്ഞ ലീഗിലെ വഹാബികള്‍ നേതാക്കളെ ഉപദേശിച്ചു, ഈ യാത്ര എന്തു വില കൊടുത്തും മുടക്കണം. അല്ലങ്കില്‍ കേരളാ മുസ്ലിംകളുടെ നേതൃത്വം സമസ്തക്കാണെന്നു വരും! .

പിന്നീട് നടന്നത് ലീഗ് വിചാരിച്ചതാണ്. ശംസുല്‍ ഉലമ എങ്ങനെ ഈ വെട്ടില്‍ വീണു എന്നത് ആര്‍ക്കും പിടികിട്ടിയിട്ടില്ല. പിന്നീട് ലീഗിനു വേണ്ടി സംസാരിക്കുന്നു. സമസ്തയുടെ രാഷ്ട്രീയനിലപാട് സ്വയം തിരുത്തുന്നു. ഇതാണ് സമസ്ത പിളര്‍പിലേക്ക് വഴിവെച്ചത്. പുറത്താക്കപ്പെട്ട് അകത്താക്കപ്പെട്ട ചിലര്‍ പറയുന്നതു പോലെ എസ് വൈ എസിനെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കാനുള്ള കാന്തപുരം ഉസ്താദിന്റെ നീക്കമല്ല. നട്ടാല്‍ മുളക്കാത്ത നുണയാണത്. അങ്ങനെയായിരുന്നങ്കില്‍ സമസ്ത പിളര്‍ന്ന ഉടനെ പാര്‍ട്ടി ഉണ്ടാക്കണ്ടെ? പത്തുമുപ്പതു കൊല്ലമായില്ലെ. ഇതുവരെ ഉണ്ടാക്കിയോ? അതേ സമയം സമസ്തക്ക് രാഷ്ട്രീയമില്ല എന്ന പ്രഖ്യാപിത നയത്തില്‍ കാന്തപുരം ഉസ്താദും അനിയായികളും ഉറച്ചു നില്‍ക്കുമ്പോള്‍ അപ്പുറത്തുള്ളവര്‍, സമസ്തക്ക് രാഷ്ട്രീയമില്ല. ലീഗും സമസ്തയും ഒറ്റക്കെട്ടാണ്, എന്നു പറയുന്നതില്‍ നിന്നും ആര്‍ക്കാണ് നയവ്യതിയാന മുണ്ടായത് എന്ന് വ്യക്തമാണ്. എങ്കിലും ശംസുല്‍ ഉലമ തന്റെ അവസാന കാലത്ത് കാര്യങ്ങള്‍ ശരിയല്ലെന്ന് തിരിച്ചറിയുകയും എങ്ങനെയെങ്കിലും ഇരുസമസ്തകളും യോജിക്കണമെന്നും ഉല്‍ക്കടമായി ആഗ്രഹിച്ചിരുന്നു വെന്നാണ് ജനാബ് അബ്ദുറഹ്മാന്‍ കല്ലായി ചന്ദ്രികയില്‍ എഴുതിയത്. ഒരേ ആദര്‍ശത്തിനു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അല്ലാഹു ഇരുസമസ്തകള്‍ക്കും തൗഫീഖ് നല്‍കട്ടെ. നിഷ്പക്ഷ നിലപാടിലുറച്ച് സമുദായ സേവനം ചെയ്യാന്‍ ലീഗിനും സാധിക്കുമാറാകട്ടെ ആമീന്‍.

അഭിവന്ദ്യ ഗുരു കാന്തപുരം ഉസ്താദിന്റെ പേരില്‍ ചാനലില്‍ കയറി ഒരാള്‍ കളവു പറഞ്ഞതു കൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത്. സുന്നി ഐക്യം ആഗ്രഹിക്കുന്നവര്‍ ക്ഷമിക്കുക.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Next Story

Popular Stories