Top

പെഗാസസ് വിവാദം: ഇന്ത്യന്‍ ജനാധിപത്യത്തെ താറടിയ്ക്കാന്‍ ശ്രമമെന്ന് കേന്ദ്രം; വിവരങ്ങള്‍ അവാസ്തവമെന്ന് ഐടി മന്ത്രി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ട് മുന്‍പ് ഉയര്‍ന്നു വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം യാദൃശ്ചികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവാദത്തോട് ലോക്‌സഭയില്‍ മറുപടി പറഞ്ഞ ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ആരോപണങ്ങള്‍ തള്ളിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിശദമായ പരിശോധയില്ലാതെ ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉറപ്പിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണ്. വസ്തുതകള്‍ മനസിലാക്കാന്‍ അംഗങ്ങള്‍ തയ്യാറാവണം. പുറത്ത് വന്ന വിവരങ്ങളും എന്‍എസ്ഒയും തമ്മില്‍ ബന്ധമില്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ […]

19 July 2021 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ് വിവാദം: ഇന്ത്യന്‍ ജനാധിപത്യത്തെ താറടിയ്ക്കാന്‍ ശ്രമമെന്ന് കേന്ദ്രം; വിവരങ്ങള്‍ അവാസ്തവമെന്ന് ഐടി മന്ത്രി
X

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ട് മുന്‍പ് ഉയര്‍ന്നു വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം യാദൃശ്ചികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവാദത്തോട് ലോക്‌സഭയില്‍ മറുപടി പറഞ്ഞ ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ആരോപണങ്ങള്‍ തള്ളിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിശദമായ പരിശോധയില്ലാതെ ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉറപ്പിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു.

പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണ്. വസ്തുതകള്‍ മനസിലാക്കാന്‍ അംഗങ്ങള്‍ തയ്യാറാവണം. പുറത്ത് വന്ന വിവരങ്ങളും എന്‍എസ്ഒയും തമ്മില്‍ ബന്ധമില്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് ഐടി മന്ത്രി ചൂണ്ടിക്കാട്ടി. വളരെ വിവാദപരമായ ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഒരു വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചത്. ഈ കഥയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.

രാജ്യത്ത് അനധികൃത നിരീക്ഷണം സാധ്യമല്ലെന്നും ഐടി മന്ത്രി സഭയില്‍ വ്യക്തമാക്കി. ദേശസുരക്ഷ ലക്ഷ്യമിട്ട് നിരീക്ഷണം നടത്താന്‍ രാജ്യത്ത് സംവിധാനമുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. പെഗാസസ് വിഷയത്തില്‍ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ദമായിരുന്നു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിയുകയും ചെയ്തു. പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു സഭയില്‍ പ്രതിഷേധിച്ചത്.

പുതിയതായി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. പ്രധാനമന്ത്രിയ്ക്ക് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ബഹളത്തെ തുടര്‍ന്ന് സാധിച്ചില്ല. പ്ലേകാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും സഭയില്‍ പ്രകോപിതരായി.

ഇന്നലെയാണ് പെഗാസസ് ഇന്ത്യയില്‍ നടത്തിയ ചാരപ്പണിയുടെ വിവരങ്ങള്‍ പുറത്തു വന്നത്. രണ്ട് കേന്ദ്ര മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. 40 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

സ്‌പൈവെയര്‍ നിരീക്ഷണത്തിലുള്ള ജഡ്ജി ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഷിഷിര്‍ ഗുപ്ത, ദ വയറിലെ ജേര്‍ണലിസ്റ്റുകളായ സിദ്ധാര്‍ത്ഥ് വരദരാജ്, എം.കെ വേണു. രോഹിണി സിംഗ് തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്.

Next Story