
തെരഞ്ഞെടുപ്പടുത്തിരിക്കെ ബീഹാറില്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പട്നയിലെത്തി കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിഓഫീസിലെ ഒരാളില്‍ നിന്നും പത്ത് ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.
പട്നയിലെ കോണ്‍ഗ്രസ് ഓഫീസ് ആസ്ഥാനത്തെത്തിയ ആദായ നികുതിവകുപ്പ് ഓഫീസിന്റെ പുറത്ത് നിര്‍ത്തിയിട്ടുരുന്ന വാഹനത്തില്‍ നിന്നും എട്ടര ലക്ഷം രൂപ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആദായ വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം പണം കണ്ടെത്തിയിരിക്കുന്നത് ഓഫീസിന് പുറത്ത് നിന്നാണെന്നും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പക്കല്‍ നിന്നും 22 കിലോ സ്വര്‍ണ്ണവും രണ്ടര കിലോഗ്രാം വെള്ളിയും കണ്ടെത്തിയതിനെ പറ്റി ആദായ വകുപ്പ് യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നാണ് ബീഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹില്‍ പറഞ്ഞു.
ബിജെപിയുടെ പ്രകടനപത്രികയില്‍ ബീഹാറിലെ ജനങ്ങള്‍ക്ക് സൗജന്യ കൊവിഡ് വാക്സിനാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എത്തിയിരുന്നു. കൊവിഡ് വാക്സിന് വിതരണം എന്നാണെന്നറിയാന്‍ തെരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
അങ്ങനെയാണെങ്കില്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ, ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാവാത്ത ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന് സൗജന്യമായി ലഭിക്കില്ലെ എന്ന ചോദ്യമാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ സാമൂഹ്യമാധ്യമത്തിലൂടെ ഉന്നയിച്ചത്.