
ഗാസ: പാലസ്തീനെതിരെ ഇസ്രായേല്‍ കരമാര്‍ഗം ആക്രമിച്ചതായി റിപ്പോര്‍ട്ട്. ടാങ്കറുകള്‍ പാലസ്തീന് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം മരണനിരക്ക് 100 കവിഞ്ഞിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ ബങ്കറുകളിലേക്ക് മാറുകയാണെന്നും മറ്റു ചിലര്‍ കൂട്ടമായി പാലായനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഇസ്രായേല്‍ ശക്തമാക്കിയിരുന്നു. അതേസമയം യുദ്ധ ടാങ്കറുകള്‍ ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് കരമാര്‍ഗവും ആകാശ മാര്‍ഗവും ഹമാസിനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കരമാര്‍ഗമുള്ള ആക്രമണം തുടങ്ങിയിട്ടില്ലെന്നും ഫോഴ്സ് ട്വീറ്റ് ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ ടാങ്കറുകള്‍ നിലയുറപ്പിച്ചതായിട്ടാണ് വിവരം.
ഇസ്രായേലിലേക്ക് വ്യോമാക്രമണം തുടരുന്ന ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രതികരിച്ചു. പൂര്‍ണ ശക്തിയില്‍ തിരിച്ചടിക്കുമെന്നും എല്ലാ ഇസ്രായേല്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് വ്യോമാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഗാസ മുമ്പിലേക്ക് ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 36 പേര് കൊല്ലപ്പെട്ടു.
ഗാസ അതിര്‍ത്തിക്കടുത്തുള്ള ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തെല്‍ അവീവിനു സമീപമുള്ള ഈ നഗരത്തില്‍ അറബ്-ഇസ്രായേല്‍ പൗരര്‍ പ്രതിഷേധം നടത്തുന്നുണ്ട്. നഗരത്തില്‍ ജൂതരും അറബ് വംശജരും തമ്മില്‍ അക്രമ സംഭവങ്ങളും അരേങ്ങേറുന്നുണ്ട്. റോയിട്ടേര്സിന്രെ റിപ്പോര്‍ട്ട് പ്രകാരം അറബ് വംശജന് ഓടിച്ച കാറിന് നേരെ ജൂതര്‍ കല്ലെറിഞ്ഞു.
ജനവാസ മേഖലകളിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിക്കാതെ വെടി നിര്ത്തലിനില്ലെന്നാണ് ഇസ്രായേല്‍ സൈനിക സീനിയര്‍ ഉദ്യോഗസ്ഥന് ഇസ്രായേല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇസ്രായേല്‍ മധ്യസ്ഥ ശ്രമം തിരസ്കരിച്ചോ എന്ന ചോദ്യത്തിന് ഇദ്ദേഹം മറുപടി നല്‍കിയില്ല. ഇതിനിടെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി ചര്‍ച്ച നടത്തിയിരുന്നു.