റോക്കറ്റുകള്‍ നിര്‍വീര്യമാക്കുന്ന അദൃശ്യ കവചം; എന്താണ് ഇസ്രയേലിന്റെ അയണ്‍ ഡോം?
ടെല്‍ അവീവ്: യുദ്ധത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ഇസ്രായേല്‍- പലസ്തീന് പോരാട്ടം തുടരുകയാണ്. ഇരുവിഭാഗവും നടത്തുന്ന വ്യോമ ആക്രമണങ്ങളില്‍ ഇരുപക്ഷത്തുമായി 17 കുട്ടികള്‍ അടക്കം 83 പേര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ ആയിരങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെ റോക്കറ്റ് ആക്രമണത്തെ തടയാന്‍ ഇസ്രായേല്‍ സേന (ഐഡിഎഫ്) ആശ്രയിക്കുന്ന അയണ്‍ ഡോം എന്ന പ്രതിരോധ സംവിധാനമാണ് ചര്‍ച്ചയാകുന്നത്. ഹമാസും പലസ്തീന് സുരക്ഷാ സേനയും അയയ്ക്കുന്ന റോക്കറ്റുകളില്‍ നിന്ന് ഇസ്രായേല്‍ വ്യോമാതിര്‍ത്തിയെ സംരക്ഷിക്കുന്ന ഈ കവചം ആഗോളതലത്തില്‍ ശ്രദ്ധ നേടുകയും റോക്കറ്റുകള്‍ ഒരു അദൃശ്യ […]

ടെല്‍ അവീവ്: യുദ്ധത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ഇസ്രായേല്‍- പലസ്തീന് പോരാട്ടം തുടരുകയാണ്. ഇരുവിഭാഗവും നടത്തുന്ന വ്യോമ ആക്രമണങ്ങളില്‍ ഇരുപക്ഷത്തുമായി 17 കുട്ടികള്‍ അടക്കം 83 പേര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ ആയിരങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെ റോക്കറ്റ് ആക്രമണത്തെ തടയാന്‍ ഇസ്രായേല്‍ സേന (ഐഡിഎഫ്) ആശ്രയിക്കുന്ന അയണ്‍ ഡോം എന്ന പ്രതിരോധ സംവിധാനമാണ് ചര്‍ച്ചയാകുന്നത്.
ഹമാസും പലസ്തീന് സുരക്ഷാ സേനയും അയയ്ക്കുന്ന റോക്കറ്റുകളില്‍ നിന്ന് ഇസ്രായേല്‍ വ്യോമാതിര്‍ത്തിയെ സംരക്ഷിക്കുന്ന ഈ കവചം ആഗോളതലത്തില്‍ ശ്രദ്ധ നേടുകയും റോക്കറ്റുകള്‍ ഒരു അദൃശ്യ കവചത്തില്‍ തട്ടി നശിക്കുന്ന അയണ്‍ഡോമിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

എന്താണ് അയണ്‍ ഡോം?
ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള വ്യോമ ആക്രമണങ്ങളെ ട്രാക്കുചെയ്യുകയും നിര്‍വീര്യമാക്കുകയും ചെയ്യുന്ന ഒരു ഹ്രസ്വ-ദൂര, പ്രതിരോധ സംവിധാനമാണ് അയണ്‍ഡോം. റഡാര്‍, മിസൈലുകള്‍ എന്നിവ ഉള്‍പ്പെടുന്ന നിലത്തുനിന്ന് വായുവിലേക്ക് സുരക്ഷ നല്കുന്ന പ്രതിരോധ സംവിധാനമാണിത്. റോക്കറ്റുകള്‍, മിസൈലുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ എന്നിവയെ അയണ്‍ ഡോമിന് നേരിടാനാകും.
റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഇത് 4 കിലോമീറ്റര്‍ (2.5 മൈല്‍) മുതല്‍ 70 കിലോമീറ്റര്‍ (43 മൈല്‍) ദൂരത്തില്‍ നിന്ന് വരുന്ന ഹ്രസ്വ-ദൂര റോക്കറ്റുകളെയും മിസൈല്‍ ഷെല്ലുകളെയും തടയാനും നശിപ്പിക്കാനും രൂപകല്‍പ്പന ചെയ്ത സംവിധാനമാണ്. മൂടല്‍മഞ്ഞ്, പൊടി കൊടുങ്കാറ്റ്, താഴ്ന്ന മേഘങ്ങള്‍, മഴ എന്നിവയുള്‍പ്പെടെ എല്ലാ കാലാവസ്ഥയിലും രാപകല്‍ വ്യത്യാസമില്ലാതെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

അയണ്‍ ഡോം നിലവില്‍ വന്നത്-
2006 ലെ ഇസ്രായേല്‍-ലെബനന് യുദ്ധത്തില്‍ ഹിസ്ബുള്ള ഹൈഫയിലും ഇസ്രായേലിന്റെ മറ്റ് വടക്കന്‍ പ്രദേശങ്ങളിലും 4,000 ത്തോളം റോക്കറ്റുകള്‍ പ്രയോഗിച്ചു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ നഗരങ്ങളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി റഫേല്‍ അഡ്വാന്‍സ് സിസ്റ്റംസുമായി ചേര്‍ന്ന് പുതിയ വ്യോമ പ്രതിരോധ സംവിധാനം കൊണ്ടുവരുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.
ഈ പ്രഖ്യാപിച്ചതിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2011 ല്‍ അയണ്‍ഡോം വിന്യസിക്കപ്പെടുന്നത്. 2011 മാര്‍ച്ചില്‍ ഇസ്രായേല്‍ വ്യോമസേന (ഐഎഎഫ്) അയണ്‍ ഡോം പ്രവര്‍ത്തനക്ഷമമാക്കി. ടെല്‍ അവീവ് പ്രദേശത്തെക്കുള്ള റോക്കറ്റ് ആക്രമണത്തിന് പിന്നാലെ 2012 നവംബറില്‍ ഇസ്രായേല്‍ ഗുഷ് ഡാനില്‍ അഞ്ചാമത്തെ അയണ്‍ ഡോം സ്ഥാപിച്ചു.
രണ്ടായിരത്തിലധികം ആക്രമണങ്ങളെ 90 ശതമാനത്തിലധികം വിജയനിരക്കില്‍ അയണ്‍ ഡോമിന് തടയാനാകുമെന്നാണ് റഫേലിന്റെ അവകാശവാദം. എന്നാല്‍ വിജയ നിരക്ക് 80 ശതമാനത്തിലധികമാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
അയണ്‍ ഡോം എങ്ങനെ പ്രവര്‍ത്തിക്കുന്നു
അയണ്‍ ഡോമിന് മൂന്ന് പ്രധാന സംവിധാനങ്ങളാണുള്ളത്. വ്യോമ മാര്‍ഗമുള്ള ശത്രുവിന്റെ ഭീഷണികള്‍ കണ്ടെത്തുന്നതിന് ഒരു ട്രാക്കിംഗ് റഡാറും, പ്രത്യാക്രമണം നിയന്ത്രിക്കുന്ന ഒരു സംവിധാനവും (ബാറ്റില്‍ മാനേജ്മെന്റ് ആന്റ് വെപ്പണ്‍ കണ്ട്രോള് സിസ്റ്റം), മൂന്ന് മിസൈല്‍ ലോഞ്ചര്‍ യൂണിറ്റുകളുമാണ് അവ.

നിലവില്‍ പത്ത് മൊബൈല്‍ അയണ്‍ ഡോം സംവിധാനങ്ങളാണ് ഇസ്രായേല്‍ ഉപയോഗിക്കുന്നത്. ഒരു അയണ്‍ ഡോം സംവിധാനത്തിന് ഒരു ഇടത്തരം നഗരത്തെ സംരക്ഷിക്കാനും പരമാവധി 70 കിലോമീറ്റര്‍ അകലെ നിന്നുള്ള റോക്കറ്റുകള്‍ തടയാനും കഴിയും. രാജ്യം മുഴുവന്‍ സംരക്ഷിക്കാന്‍ ഇത്തരത്തില്‍ 13 സംവിധാനങ്ങള്‍ ആവശ്യമാണെന്നാണ് ഇസ്രായേല്‍ സൈനിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
നിലവില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഗാസയില്‍ നിന്ന് 1,500 ലധികം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് ഉതിര്ക്കപ്പെട്ടുവെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് ജോനാഥന് കോണ്‍റിക്കസ് അവകാശപ്പെടുന്നത്. ഹമാസ് അയച്ച റോക്കറ്റുകളില്‍ 90 ശതമാനത്തിലധികം വിജയകരമായി തടയാന്‍ അയണ്‍ ഡോമിന് കഴിഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.