Top

ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്? പാർലമെന്റു പിരിച്ചു വിടുന്നതിനു പിന്തുണയറിയിച്ച് ബെന്നി ​ഗാന്റ്സ്

തെൽ അവിവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീഴ്ചകൾക്കെതിരെ രാജ്യത്തെ സഖ്യസർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാവുന്നു. സർക്കാർ സഖ്യത്തിലെ ബ്ലൂ ​ആൻഡ് വൈറ്റ് പാർട്ടി ചീഫായ ബെന്നി ​​ഗാന്റ്സ് ആ​ണ് നെതന്യാഹുവിനെതിരെ രം​ഗത്തു വന്നിരിക്കുന്നത്. ഇസ്രയേൽ പാർലമെന്റായ നെസറ്റ് പിരിച്ചുവിടുന്നതിനായി പ്രതിപക്ഷ പാർട്ടി അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി പിന്തുണയറിയിക്കുമെന്ന് ​ഗാന്റ്സ് മാധ്യമങ്ങളെ അറിയിച്ചു. സഖ്യ സർക്കാരുണ്ടാക്കുമ്പോൾ നെതന്യാഹുവുമായി ധാരണയിലായ തീരുമാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ​ബെന്നി ​ഗാന്റ്സ് പറയുന്നത്.‘നെതന്യാഹു തന്റെ വാ​ഗ്ദാനങ്ങൾ ലം​ഘിച്ചു. ജനങ്ങളാണ് ഇതിന്റെ പേരിൽ […]

2 Dec 2020 3:47 AM GMT

ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്? പാർലമെന്റു പിരിച്ചു വിടുന്നതിനു പിന്തുണയറിയിച്ച് ബെന്നി ​ഗാന്റ്സ്
X

തെൽ അവിവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീഴ്ചകൾക്കെതിരെ രാജ്യത്തെ സഖ്യസർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാവുന്നു. സർക്കാർ സഖ്യത്തിലെ ബ്ലൂ ​ആൻഡ് വൈറ്റ് പാർട്ടി ചീഫായ ബെന്നി ​​ഗാന്റ്സ് ആ​ണ് നെതന്യാഹുവിനെതിരെ രം​ഗത്തു വന്നിരിക്കുന്നത്. ഇസ്രയേൽ പാർലമെന്റായ നെസറ്റ് പിരിച്ചുവിടുന്നതിനായി പ്രതിപക്ഷ പാർട്ടി അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി പിന്തുണയറിയിക്കുമെന്ന് ​ഗാന്റ്സ് മാധ്യമങ്ങളെ അറിയിച്ചു.

സഖ്യ സർക്കാരുണ്ടാക്കുമ്പോൾ നെതന്യാഹുവുമായി ധാരണയിലായ തീരുമാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ​ബെന്നി ​ഗാന്റ്സ് പറയുന്നത്.
‘നെതന്യാഹു തന്റെ വാ​ഗ്ദാനങ്ങൾ ലം​ഘിച്ചു. ജനങ്ങളാണ് ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്നത്,’ ബെന്നി ​ഗാന്റ്സ് മാധ്യമങ്ങളോട് പറഞ്ഞു.

പാർലമെന്റ് പിരിച്ചുവിട്ടാൽ രണ്ടു വർഷക്കാലയളവിനിടയിൽ നാലാമത്തെ പൊതുതെരഞ്ഞെടുപ്പാണ് ഇസ്രയേലിൽ നടക്കുക.

2019 ഏപ്രിൽ മുതൽ നടത്തിയ മൂന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഒരു പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാനായിരുന്നില്ല. തുടർന്ന് 2020 ഏപ്രിലിൽ ബെന്നി ​ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ​നെതന്യാഹുവിന്റെ ലിക്വുഡ് പാർട്ടിയും സഖ്യ സർക്കാർ നിർമ്മിക്കുകയായിരുന്നു. ഇതു പ്രകാരം മൂന്നു വർഷ ഭരണത്തിൽ ആദ്യ ഭരണകാലയളവിൽ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കും. ഇതിനു ശേഷം 2021 നവംബർ മുതൽ ബെന്നി ​ഗാന്റ്സ് പ്രധാനമന്ത്രി സ്ഥാനം വഹിക്കണം.

എന്നാൽ ഭരണം വിട്ടുകൊടുക്കാതിരിക്കാൻ നെതന്യാഹു പല തന്ത്രങ്ങളും പ്രയോ​ഗിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നെതന്യാഹുവിന്റെ ഭരണസമയത്ത് നടത്തേണ്ട ബജറ്റ് പ്രഖ്യാപനം നെതന്യാഹു വൈകിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തു തന്നെ തുടരാനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കൊവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ സാമ്പത്തിക മേഖല പ്രശ്നങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് പുതിയ നീക്കങ്ങൾ. കഴിഞ്ഞ കുറേ മാസങ്ങളായി നെതന്യാഹു രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ തെരുവിൽ വലിയ പ്രക്ഷോഭം നടത്തുകയാണ്. കൊവിഡ് വ്യാപനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. പ്രധാനമന്ത്രിയുടെ ഭരണപ്പിഴവാണ് ഇതിനുകാരണമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണങ്ങളും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം പാർലമെന്റ് പിരിച്ചു വിടാനുള്ള ബിൽ പാസാവാൻ കടമ്പകളേറെയുണ്ട്. പാർലമെന്റ് പൊതുസമ്മേളനത്തിൽ മൂന്ന് തവണ ബിൽ പാസാവണം. ഇതിനു പുറമെ മൂന്ന് തവണ പാർലമെന്റ് ഹൗസ് കമ്മിറ്റിയിലും ബിൽ പാസായാൽ മാത്രമേ പാർലമെന്റ് ‍പിരിച്ചുവിടലിനു കളമൊരുങ്ങൂ.

​ഗാന്റ്സിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നെതന്യാഹു രം​ഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുന്ന ഈ സാഹചര്യം തെരഞ്ഞെടുപ്പ് നടത്തേണ്ട സമയമല്ലെന്നും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നുമാണ് നെതന്യാഹു ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

Next Story