ഇസ്രായേല്‍ എംബസിയിലെ സ്ഫോടനത്തില്‍ ഇറാന് സംഘടനകള്‍ക്ക് പങ്ക്? കത്ത് കണ്ടെത്തി, മൊസാദിന്റെ സഹായം തേടി ഇന്ത്യ
ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം. സ്ഫോടനസ്ഥലത്ത് നിന്നും ലഭിച്ച ചില കുറിപ്പുകളിലൂടെയാണ് ഇറാനിയന്‍ സംഘടനകളുടെ പങ്കിലേക്ക് അന്വേഷണം എത്തിയത്. സംഭവത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രായേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു […]

ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം. സ്ഫോടനസ്ഥലത്ത് നിന്നും ലഭിച്ച ചില കുറിപ്പുകളിലൂടെയാണ് ഇറാനിയന്‍ സംഘടനകളുടെ പങ്കിലേക്ക് അന്വേഷണം എത്തിയത്. സംഭവത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രായേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു. അജിത് ഡോവല്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് തങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
ഇസ്രായേല്‍ എംബസിയ്ക്കുസമീപം എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേന്ദ്രമന്ത്രി എസ് ജയശങ്കറും ഇസ്രയേല്‍ മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നടന്നത് തീവ്രത കുറഞ്ഞ സ്ഫോടനമാണെങ്കിലും വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു.
എംബസി കെട്ടിടത്തിന് സമീപത്തെ നടപ്പാതയിലാണ് സ്ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റര്‍ ദൂരത്തായിരുന്നു സ്ഫോടനം. സ്ഫോടക വസ്തു ഉണ്ടായിരുന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് ബാഗ് നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.