Top

ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് 42 വയസ്സ് ; ഓര്‍മ്മകളില്‍ പഴയ ഇറാന്‍, രാജ്യം ഇന്ന് എവിടെ എത്തി?

ഇറാനിലെ ഇസ്ലാമിക വിപ്ലവം പോലെ പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തില്‍ സ്വാധീനിച്ച, ആഴമുള്ള സംഭവം വേറെ ഇല്ല എന്നാണ് പൊതുവെയുള്ള നിരീക്ഷണം. ഒരു പക്ഷെ ഈ വിപ്ലവം നടന്നില്ലായിരുന്നെങ്കില്‍ പശ്ചിമേഷ്യയെ മറ്റൊരു തരത്തില്‍ നോക്കി കണ്ടേനെ. സുന്നി-ഷിയ വൈര്യത്തില്‍ നിന്നുള്ള അറബ് രാജ്യങ്ങളുമായുള്ള സംഘര്‍ഷം, ഇസ്രായേലുമായുള്ള കൊമ്പുകോര്‍ക്കല്‍, അമേരിക്കയുടെ ഏറ്റവും വലിയ തലവേദന, അവസാനം ചരിത്രമായി മാറിയ യുഎഇ-ഇസ്രായേല്‍ അനുനയത്തിന്റെയും പ്രധാന കാരണമായി ഇറാന്‍ നിലനില്‍ക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ പത്തു ദിവസം വലിയ ആഘോഷമാണ് ഇറാനില്‍ […]

8 Feb 2021 3:04 AM GMT

ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് 42 വയസ്സ് ; ഓര്‍മ്മകളില്‍ പഴയ ഇറാന്‍, രാജ്യം ഇന്ന് എവിടെ എത്തി?
X

ഇറാനിലെ ഇസ്ലാമിക വിപ്ലവം പോലെ പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തില്‍ സ്വാധീനിച്ച, ആഴമുള്ള സംഭവം വേറെ ഇല്ല എന്നാണ് പൊതുവെയുള്ള നിരീക്ഷണം. ഒരു പക്ഷെ ഈ വിപ്ലവം നടന്നില്ലായിരുന്നെങ്കില്‍ പശ്ചിമേഷ്യയെ മറ്റൊരു തരത്തില്‍ നോക്കി കണ്ടേനെ. സുന്നി-ഷിയ വൈര്യത്തില്‍ നിന്നുള്ള അറബ് രാജ്യങ്ങളുമായുള്ള സംഘര്‍ഷം, ഇസ്രായേലുമായുള്ള കൊമ്പുകോര്‍ക്കല്‍, അമേരിക്കയുടെ ഏറ്റവും വലിയ തലവേദന, അവസാനം ചരിത്രമായി മാറിയ യുഎഇ-ഇസ്രായേല്‍ അനുനയത്തിന്റെയും പ്രധാന കാരണമായി ഇറാന്‍ നിലനില്‍ക്കുന്നു.

ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ പത്തു ദിവസം വലിയ ആഘോഷമാണ് ഇറാനില്‍ നടക്കുന്നത്. രാജ്യത്ത് ഇസ്‌ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെട്ട് ഏകാധിപതി മുഹമ്മദ് റസാ പലവിയുടെ ഭരണത്തെ താഴെയിറക്കിയിട്ട് 42 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇറാന്റെ ഭാഷയില്‍ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങളായിരുന്നു ഇത്. ഒട്ടനവധി വ്യാഖാനങ്ങളുള്ള ഇറാനിലെ ഇസ് ലാമിക വിപ്ലവം ആ രാജ്യത്തിനു ബാക്കി വെച്ചതെന്താണെന്ന് പരിശോധിക്കാം.

പഴയ ഇറാന്‍

1950 ല്‍ ഇറാനില്‍ ഭരണത്തിലുണ്ടായിരുന്ന നാഷണല്‍ പാര്‍ട്ടിയുടെ മൊഹമ്മദ് മെസദെക് അധികാരത്തില്‍ നിന്നും പുറത്തായതോടെയാണ് ഇറാനിലെ രാഷട്രീയസ്ഥിതി മാറിയത്. ഇറാനിലെ എണ്ണ കമ്പനിയെ ഇദ്ദേഹം ദേശീയവല്‍ക്കരിച്ചതും സോവിയറ്റ് യൂണിയനോടുള്ള മുഹമ്മദ് മെദെക്കിന്റെ ചായ്‌വും ബ്രിട്ടനെയും യുഎസിനെയും ചൊടിപ്പിച്ചു.

ഓപ്പറേഷന്‍ അജാക്‌സ് എന്ന പേരില്‍ ഇദ്ദേഹത്തിന്‍രെ ഭരണത്തെ യുഎസിലെ സിഐഎയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചു. പകരം മുഹമ്മദ് റസ പഹലവി 1921 ല്‍ പാശ്ചാത്യ പിന്തുണയോടെ ഇറാന്‍രെ അധികാരത്തിലേറി. ഫലത്തില്‍ ഇറാനില്‍ നിന്നും യഥേഷ്ടം എണ്ണ ബ്രിട്ടനിലും യുഎസിലുമെത്തി.

ഷായുടെ വെള്ളപൂശല്‍

ഷായുടെ അധികാരത്തില്‍ ഇറാന്‍ അടിമുടി മാറുന്നതാണ് പിന്നീട് കണ്ടത്. പാശ്ചാത്യ സഹായത്തോടെ രാജ്യത്ത് പല വികസന പദ്ധതികളും ഷാ നടത്തി. ഇറാന്റ മുഖഛായ തന്നെ മാറ്റിയ ഷാ സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള നയങ്ങള്‍ സ്വീകരിച്ചു. വൈറ്റ് റെവല്യൂഷന്‍ എന്ന പേരില്‍ രാജ്യത്തെ പാശ്ചാത്യ മാതൃകയിലേക്ക് ഷാ പരുവപ്പെടുത്തി.

എന്നാല്‍ ഷായുടെ ഏകാധിപത്യ ഭരണം മികച്ചതായിരുന്നില്ല. പകരം ക്രൂരമായിരുന്നു. എതിര്‍ശബ്ദങ്ങളെ ഷാ ഭരണകൂടം നിഷ്ടൂരമായി നേരിട്ടു. സവാക് എന്ന പേരില്‍ പ്രത്യേക ഏജന്‍സി തന്നെ ഇതിനായി ഷായ്ക്കുണ്ടായിരുന്നു. പ്രതിഷേധ സ്വരങ്ങളെ അതിക്രൂരമായി സവാക് സേന നേരിട്ടു. രാജ്യത്തെ കുത്തകവല്‍ക്കരണം പൗരന്‍മാര്‍ക്കിടയിലെ അസമത്വവും രൂക്ഷമാക്കി.

അസംതൃപ്തരായ ഇറാനിയന്‍ ജനതയുടെ പ്രതിഷേധം വ്യാപിക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് അയത്തൊല റുഹല്ല ഖംനഇ എന്ന മതപുരോഹിതന്റെ ശബ്ദം ഇറാനിയന്‍ ജനങ്ങള്‍ക്കിടയില്‍ അലയടിക്കാന്‍ തുടങ്ങിയത്. ഫ്രാന്‍സിലേക്ക് പാലായനം ചെയ്ത ഖനംനഇക്ക് ഷാ ഭരണകൂടത്തില്‍ നിന്നും അറസ്റ്റ് ഭീഷണിയുമുണ്ടായിരുന്നു.

ഫ്രാന്‍സില്‍ വെച്ച് ഖംനഇ തന്റെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും ഇറാനിലേക്ക് തന്റെ വിപ്ലവാശയങ്ങള്‍ അണികള്‍ മുഖേന എത്തിക്കുകയും ചെയ്തു. തൊഴിലില്ലായ്മയിലും അസമത്വത്തിലും അടിച്ചമര്‍ത്തലിലും അസംതൃപ്തരായ ഇറാനിയന്‍ യുവത വലിയ രീതിയില്‍ ഖംനഇയില്‍ സ്വാധീനിക്കപ്പെട്ടു. തെഹ്‌രാനിലെ ഒരു ദേശീയ പത്രത്തില്‍ ഖംനഇയെക്കുറിച്ച് വന്ന അപകീര്‍ത്തി പരാമര്‍ശം യുവാക്കളെ പ്രകോപിപ്പിച്ചു. രാജ്യത്തെ മതപഠന സ്‌കൂളുകളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ പ്രതിഷേധിച്ചു. പിന്നാലെ രാജ്യത്തെ യുവാക്കളും അണിനിരന്നു

പ്രക്ഷോഭകരും ഷായുടെ സേനയും തെരുവില്‍ ഏറ്റുമുട്ടി. നിരവധി പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ഇത് പ്രതിഷേധത്തെ കൂടുതല്‍ രൂക്ഷമാക്കി. അനുദിനം വര്‍ധിച്ചു വന്ന പ്രക്ഷോഭം ഷായ്ക്ക് തടുക്കാനാവുന്നതിലപ്പുറമായിരുന്നു. ഈ സമയത്ത് ഇദ്ദേഹം കാന്‍സര്‍ ബാധിതനുമായിരുന്നു. സംഘര്‍ഷം കനത്തതോടെ സര്‍ക്കാര്‍ സൈന്യത്തിന് അടിയന്തര പ്രവര്‍ത്തന അനുമതി നല്‍കി. തെരുവുകളില്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തു നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഇത് തെഹ്‌രാന്‍ തെരുവുകളെ കലാപ ഭൂമിയാക്കി. ആയിരങ്ങള്‍ തെരുവുകളില്‍ പ്രതിഷേധം നടത്തി. രാജ്യത്തെ എണ്ണ മേഖലയിലെ ജീവനക്കാര്‍ നിസ്സഹകരണംം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പ്രതിസന്ധിയിലായി. പ്രക്ഷോഭങ്ങളുടെയെല്ലാം പിന്നില്‍ ഖംനഇക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ഫ്രാന്‍സിലിരുന്നു കൊണ്ട് ഖംനഇ പ്രക്ഷോഭത്തെ ആളിപ്പടര്‍ത്തി.

ഒടുവില്‍ 1979 ല്‍ ഷാ ഇറാനില്‍ നിന്നും പാലായനം ചെയ്യുകയാണുണ്ടായത്. ഒരു വെക്കേഷന്‍ എന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിച്ചതെങ്കിലും ഷാ കുടുംബത്തോടൊപ്പം അന്ന് ഇറാനില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. താല്‍ക്കാലം ഭരണം നല്‍കിയ പ്രധാനമന്ത്രിക്കും പ്രക്ഷോഭത്തിനു മുമ്പില്‍ ്ഒന്നും ചെയ്യാനായില്ല.

ഒടുവില്‍ 1979 ഫെബ്രുവരി ഒന്നിന് ഇറാനിലേക്ക് ഫ്രാന്‍സില്‍ നിന്നും ഖംനഇ എത്തി. രാജ്യത്തെ തെരുവുകളിലുട നീളം പതിനായിരങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. പുതിയ ഇറാനിലെ ഇറാനിലെ വാഴ്ത്തപ്പെട്ട നേതാവായി ആ ജനത ഖംനഇയെ നോക്കിക്കണ്ടു. ഇറാനിയന്‍ സൈനിക സേനകളും സര്‍ക്കാരിനെ കൈവെടിഞ്ഞ് നിഷ്പക്ഷത പ്രഖ്യാപിച്ചു. ഫലത്തില്‍ ഷാ ഭരണകൂടം നിലം പൊത്തി. ഈ സംഭവങ്ങള്‍ അരങ്ങേറിയ പത്തു ദിവസമാണ് ഇറാനില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ ആഘോഷിക്കുന്നത്.

ഇതിനിടയില്‍ ഷായ്ക്ക് അഭയം നല്‍കിയെന്നാരോപിച്ച് തെഹ് രാനിലെ യുഎസ് എംബസി ഒരു കൂട്ടം ഇറാനിയന്‍ ചെറുപ്പക്കാര്‍ കൈയ്യേറി. ജീവനക്കാരെ ബന്ദികളാക്കി. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനിന്ന ഈ അത്യന്തം അപകടകരമായ ഈ സംഘര്‍ഷം ഇന്നും ഇറാന്‍-അമേരിക്ക വൈര്യത്തിന്‍രെ പ്രധാന വേരുകളിലൊന്നാണ്. 66 അമേരിക്കന്‍ പൗരന്‍മാരെയാണ് ഇറാന്‍ അന്ന് ബന്ദികളാക്കിയത്. ഷായെ വിചാരണയ്ക്കായി വിട്ടു കിട്ടാതെ ഇവരെ വിട്ടയക്കില്ലെന്നായിരുന്നു അന്ന് ഇറാന്‍ പറഞ്ഞത്. ഇറാന്‍ ഉപരോധം, സൈനിക നീക്കം എന്നിവയിലേക്ക് നീങ്ങിയ ഈ സംഭവം അമേരിക്കയുടെയും ഇറാന്റെയും മറക്കാനാവാത്ത മറ്റൊരു ചരിത്രം.

ഇറാനെ മൂടുപടമണിയിച്ച് ഖംനഇ

ഖംനഇയുടെ കീഴില്‍ ഇറാന്‍ അടുമുടി മാറുന്നതാണ് പിന്നീട് കണ്ടത്. രാജ്യത്തിന്റെ പരമോന്നത നേതാവായി ഖംനഇയെ പ്രഖ്യാപിച്ചു. സര്‍ക്കാരിനു മുകളിലെ അവസാന വാക്കായി ഈ സ്ഥാനം രാജ്യത്ത് പിന്തുടര്‍ന്നു വരുന്നു. (അയത്തൊല്ല അലി ഖംനഇയാണ് ഇപ്പോഴത്തെ പരമോന്നത നേതാവ്).

1979 ഏപ്രില്‍ ഒന്നിന് ഇറാനെ ജനഹിതം വോട്ടു നടത്തി ഖംനഇ ഇസ്‌ലാമിക് റിപബ്ലിക്കായി പ്രഖ്യാപിച്ചു. രാജ്യത്ത് മദ്യം, സംഗീതം, സിനിമ എന്നിവയെല്ലാം നിരോധിക്കപ്പെട്ടു. സ്ത്രീകള്‍ നിര്‍ബന്ധമായും തല മറച്ചിരിക്കണമെന്ന നിയമവും ഇറാനില്‍ പാസായി. മതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായി. മതശിക്ഷകള്‍ക്കായി പ്രത്യേക കോടതി തന്നെ രാജ്യത്തുണ്ട്. ഏകാധിപത്യ ഭരണത്തിന്റെ ദോഷം അനുഭവിച്ച ഇറാനിയന്‍ ജനതയില്‍ വലിയൊരു വിഭാഗം ഇതിനെയൊക്കെ ആദ്യ ഘട്ടത്തില്‍ അനുകൂലിച്ചു. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്‌ലാമിക വിപ്ലവത്തിന്റെ യഥാര്‍ത്ഥ്യവും അവരെ തേടിയെത്തി….

2009 ല്‍ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം മറ്റൊരു വിപ്ലവം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടു. രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നാരോപിച്ച് ‘വെര്‍ ഈസ് മൈ വോട്ട്’ എന്ന മുദ്രാവാക്യവുമായി തെരുവുകളില്‍ യുവജനങ്ങള്‍ അലയടിച്ചു. ‘ഗ്രീന്‍ മൂവ്‌മെന്റ്’ എന്ന പേരില്‍ വമ്പന്‍ പ്രക്ഷോഭത്തിലേക്ക് അത് മാറി. വീണ്ടും അധികാരത്തിലേറിയ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആ പ്രക്ഷോഭം. എന്നാല്‍ ഈ പ്രക്ഷോഭത്തെ ക്രൂരമായാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. നിരവധി പേര്‍ ജയിലിയായി, തൂക്കിലേറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഉയര്‍ന്നു വന്ന വിപ്ലവത്തെ വിപ്ലവത്തില്‍ ഉയര്‍ന്നു സര്‍ക്കാര്‍ തന്നെ അടിച്ചമര്‍ത്തുന്നത് പശ്ചിമേഷ്യ നോക്കി നിന്നു.

അന്നുവരെ അറബ് രാജ്യങ്ങളില്‍ ഇസ്‌ലാമിക വിപ്ലവത്തിന് ആരാധകരുണ്ടായിരുന്നെങ്കില്‍ ഇതിന്റെ അപകടം അവര്‍ക്കതോടു കൂടി മനസ്സിലായെന്നാണ് രാഷട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

വര്‍ഷങ്ങള്‍ പിന്നിടുന്തോറും രാജ്യത്തെ കര്‍ക്കശ ചട്ടങ്ങളില്‍ ചെറിയ ഇളവുകള്‍ വന്നിട്ടുണ്ട്. സ്ത്രീകളെ വലിയ രീതിയില്‍ നിയന്ത്രിക്കാനാവുന്നില്ല. നഗരജീവിതം മാറിവരികയാണ്. കാലം മാറുന്തോറും രാജ്യത്തെ സാമൂഹിക ഘടനയില്‍ അയവും വരുന്നുണ്ട്. പക്ഷെ ഖംനഇ ഇന്നും രാജ്യത്തിന്റെ മാറ്റി നിര്‍ത്താനാവാത്ത യാഥാര്‍ത്ഥ്യമാണ്. . അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ആ ചട്ടങ്ങളില്‍ മുറുകെ പിടിക്കുന്നു. സര്‍ക്കാരിന്റെ അവസാനവാക്ക് പരമോന്നത നേതാവാണ്.

ഇന്നും തല മറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീക്ക് രാജ്യത്ത് ശിക്ഷ ലഭിക്കും. പ്രക്ഷോഭകര്‍ക്ക് വധശിക്ഷയും ലഭിക്കുന്നതില്‍ കുറവില്ല. അടുത്തിടെയാണ് രാജ്യത്തെ ഒരു പ്രക്ഷോഭത്തില്‍ പങ്കെടുത്ത ദേശീയ ഗുസ്തി താരമായ നാവിദ് അഫ്കാരിയെ തൂക്കിലേറ്റിയത്. പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോസ്ഥനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് വധശിക്ഷ വിധിച്ചത്. ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നതിലൊരു രാജ്യമാണ് ഇന്ന് ഇറാന്‍.

സൈനികപരമായി മേഖലയിലാകെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്‍ന്റെ സാന്നിധ്യമുണ്ട്. ലെബനനിലെ ഷിയ ഗ്രൂപ്പായ ഹിസ്‌ബൊള്ളയുടെ സ്‌പോണ്‍സര്‍മാരാണ് ഇറാന്‍ സേന. ഇസ്രായേല്‍-ഇറാന്‍ വൈര്യത്തിനായി ഉപയോഗിക്കപ്പെടുന്നതും ഹിസ്‌ബൊള്ളയാണ്. യെമനിലെ ഹൂതി വിമതര്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്നു എന്നാണ് അറബ് രാജ്യങ്ങളുടെ ആരോപണം. വര്‍ഷങ്ങളായി അവിടെ സംഘര്‍ഷം തുടര്‍ന്നു വരുന്നു. എന്നാല്‍ മേഖലയിലെ സുസ്ഥിരതയ്ക്കാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ഇറാന്‍ വാദം. തമ്മില്‍ തല്ലിക്കാനുള്ള പാശ്ചാത്യ ബുദ്ധിയില്‍ വീഴരുതെന്നും ഇറാന്‍ പറയുന്നു.

Next Story