Book

ദൈവനീതിക്കും ആൺകോയ്മക്കും ഇടയിൽ; ഇസ്‌ലാമിക നിയമത്തിന്റെ ഫെമിനിസ്റ്റ് വായന

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ ഗവേഷകയായ ഉമ്മുൽ ഫായിസയുടെ ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീർണത, ഭാവി എന്ന പുസ്‌തകത്തിലെ ‘ഇസ്‌ലാമിക നിയമവും ഇസ്‌ലാമിക ഫെമിനിസവും’ എന്ന അധ്യായത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

റൂമി അഹ്‌മദും അൻവർ ഇമോനും ചേർന്ന് എഡിറ്റ് ചെയ്ത ‘ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള ഓക്സ്ഫോർഡ് കൈപ്പുസ്തകം’ (The Oxford Handbook of Islamic Law) എന്ന പുസ്തകത്തിൽ സാദിയ യാക്കൂബ് എഴുതിയ ഇസ്‌ലാമിക നിയമവും ലിംഗവും എന്ന പഠനത്തിൽ മൂന്ന് പ്രധാന ഇസ്‌ലാമിക ഫെമിനിസ്റ്റ് സമീപനങ്ങൾ ഇസ്‌ലാമിക നിയമത്തിന്റെ മേഖലയിൽ പരിചയപ്പെടുത്തുന്നുണ്ട്. 1990കൾക്കുശേഷം വികസിച്ചവയാണ് ഇത്.

ഒന്നാമത്തെ വായന ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രപരമായ വിമോചനമൂല്യങ്ങൾ ഇസ്‌ലാമിക നിയമത്തിന്റെ മണ്ഡലത്തിൽ കാലക്രമേണ എങ്ങനെ അരികുവൽക്കരിക്കപ്പെടുന്നുവെന്ന് അന്വേഷിക്കുന്നു. 1992ൽ പുറത്തിറക്കിയ സ്ത്രീകളും ലിംഗഭേദവും ഇസ്‌ലാമിൽ (Women and Gender in Islam) എന്ന പുസ്തകത്തിലൂടെ ലൈല അഹ്‌മദാണ് ഈ സമീപനം വികസിപ്പിച്ചത്. ഇസ്‌ലാമിന്റെ നിയമവൽക്കരണം ഒരു പ്രത്യയശാസ്ത്രപരമായ പതനം എന്ന നിലക്കാണ് ഈ സമീപനത്തിൽ കാണുന്നത്. രണ്ടാമത്തെ സമീപനം മതനിയമ നിദാനശാസ്ത്രത്തിൽ (ഉസൂലുൽ ഫിഖ്ഹ്) ഊന്നിയ ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനയാണ്. അസീസ അൽ-ഹിബ്രിയാണ് ഈ വായനയുടെ പ്രധാന വക്താവായി മാറിയത്. ഇസ്‌ലാമിക നിയമത്തിന്റെ ശരിയായ വായന മുസ്‌ലിംസ്ത്രീകളുടെ അവകാശത്തെ സാധ്യമാക്കുന്നുവെന്ന സമീപനം ഈ വിഭാഗം പഠനങ്ങൾ ഉയർത്തിപ്പിടിച്ചു. ഇസ്‌ലാമിക നിയമത്തെ നിർമാണാത്മകമായ സ്ത്രീ രാഷ്ട്രീയത്തിന് ഉപയോഗിക്കാമെന്ന് അവർ കരുതി.

മൂന്നാമത്തെ വിഭാഗം എങ്ങനെയാണ് നിയമപരമായ വിഷയിസ്ഥാനം (Legal subject position) ഇസ്‌ലാമിക നിയമത്തിൽ സാധ്യമാകുന്നതെന്നും അന്വേഷിച്ചു. നേരത്തെ സൂചിപ്പിച്ച രണ്ടു സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക നിയമത്തിനുള്ളിലെ പ്രതിസന്ധികളും സാധ്യതകളും സന്ദർഭവും സാഹചര്യവും പ്രധാനമായി കാണാനുള്ള ശ്രമമായി മാറ്റുകയും ചെയ്തു. ഈ പ്രതിസന്ധി തിരിച്ചറിയുന്ന സീബ മിർ ഹുസൈനിയാവട്ടെ പ്രായോഗികമായ ഇടപെടലിലൂടെയാണ് ഇസ്‌ലാമിക നിയമത്തിന്റെ സ്ത്രീപക്ഷ വായന നടത്തുന്നത്. അതാവട്ടെ ഈ മൂന്നു സമീപനങ്ങളുടെയും ജൈവിക സമന്വയമാണ്.

ലൈല അഹ്‌മദ്

നിയമത്തിന്റെ നൈതിക സമീപനം

പ്രധാനപ്പെട്ട ഒരു ഇസ്‌ലാമിക അവകാശവാദത്തെ ചോദ്യംചെയ്‌താണ്‌ 1992-ലെ ലൈല അഹ്മദിന്റെ സ്ത്രീകളും ലിംഗഭേദവും ഇസ്‌ലാമിൽ (Women and Gender in Islam) പഠനം പുറത്തുവന്നത്. ലൈല അഹ്‌മദിന്റെ വാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: മറ്റു ചില ഇസ്‌ലാമിക ഫെമിനിസ്റ്റുകൾ കരുതുന്ന പോലെ ഇസ്‌ലാം സ്ത്രീവിമോചനത്തെ പടിപടിയായി സാധ്യമാക്കിയിട്ടില്ല. അതിനുമുൻപ് ഗ്രീക്ക്, റോമൻ, ക്രൈസ്തവ നാഗരികതകളിൽ നിലനിന്ന ആൺകോയ്മയെ ശക്തിപ്പെടുത്താനും അതിന് പുതിയ ന്യായങ്ങൾ കണ്ടെത്താനുമാണ് ഇസ്‌ലാം പടിപടിയായി തയ്യാറായത്. ഇസ്ലാമിന് തീർച്ചയായും തുല്യനീതിയിൽ അധിഷ്ടിതമായ സാമൂഹ്യ സങ്കല്പം ഉണ്ടായിരുന്നെങ്കിലും അതിനു വളരാൻ പറ്റിയ സാമൂഹ്യ സാഹചര്യം ഇല്ലായിരുന്നു. ശ്രേണീബദ്ധവും സർവോപരി ആൺകോയ്മയിൽ അധിഷ്ടിതവുമായ മതമായി ഇസ്ലാം മാറി. ഇതിന്റെ പ്രധാന കാരണം ഇസ്‌ലാമിക നിയമമാണ്.

ചരിത്രത്തിലുടനീളം ഇസ്‌ലാമിക നിയമത്തിന്റെ വികാസം ഇസ്‌ലാമിന്റെ നൈതിക സാമൂഹ്യ ബോധത്തെ പിന്നോട്ടുവലിച്ചു. നൈതികതയും നിയമവും തമ്മിൽ വിപരീത ബന്ധമാണ് ലൈല അഹ്‌മദ് കല്പിക്കുന്നത്. ഒന്നിന്റെ അഭാവം മറ്റൊന്നിന്റെ വളർച്ചയെ സഹായിച്ചുവെന്ന് ലൈല അഹ്മദ് വാദിച്ചു. ഇസ്‌ലാമിൽ നൈതികതയുടെ തലത്തിൽ നിലനിന്ന ആത്മീയസ്വഭാവമുള്ള ലിംഗസമത്വം പക്ഷെ സാമൂഹ്യ തലത്തിൽ ഒട്ടും പാലിക്കപ്പെട്ടില്ല. ഇസ്‌ലാമിന്റെ ലിംഗഭേദരാഷ്ട്രീയപരമായ പതനം ആരംഭിക്കുന്നത് ആത്മീയ സ്വഭാവത്തെ കളഞ്ഞുകുളിച്ചുകൊണ്ടു വികസിച്ച നിയമ സ്വഭാവമുള്ള സാമൂഹ്യ-രാഷ്ട്രീയ നീക്കുപോക്കുകളിലൂടെയാണ്. മുസ്‌ലിം രാജാധിപത്യ ശക്തികളായ അബ്ബാസിയ കാലഘട്ടത്തിലാണ് ഈ മാറ്റം പ്രവാചകമതത്തെ ആണുങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന്റെ പൂർത്തീകരണമാക്കി മാറ്റിയത്. കർമശാസ്ത്രം അടക്കമുള്ള ഇസ്‌ലാമിക നിയമ സ്ഥാപനങ്ങളാണ് മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇസ്‌ലാമിൽ സ്ത്രീയവകാശങ്ങളുടെ അന്തകരായി മാറിയത്.

ലൈല അഹ്മദ് ഉന്നയിച്ച ഫെമിനിസ്റ്റ് രീതിശാസ്ത്രം ഇസ്‌ലാമിനെ തുല്യനീതിയുടെയും ആൺകോയ്മയുടെയും പോരാട്ടഭൂമികയായി മാറ്റി. മാത്രമല്ല ഇസ്‌ലാമിക നിയമത്തിന്റെ പഠനത്തെ അതിന്റെ മത ഭക്തിയിൽ മാത്രം കണ്ടാൽ പോര. നേരെമറിച്ച്, ആൺകോയ്‌മയുടെ ചരിത്രത്തിൽ തന്നെ സ്ഥാപിക്കാനും അവർ ശ്രദ്ധിച്ചു. ലൈല അഹ്മദിന്റെ ഈ നീക്കം ഇസ്‌ലാമിൽ തുടക്കം മുതലേയുള്ള ആൺകോയ്മയുടെ രാഷ്ട്രീയത്തെ കാണാതിരിക്കുകയും ഒരർത്ഥത്തിൽ ബാഹ്യഘടകങ്ങൾക്ക് ആൺകോയ്മയുടെ കാരണങ്ങൾ കൊടുക്കുകയും ചെയ്യുകയാണെന്ന് ഫാത്തിമ സീദാത് വിമർശനമുന്നയിക്കുന്നുണ്ട്.

നിയമനിദാനശാസ്ത്ര സമീപനം

ഇസ്‌ലാമിക നിയമത്തിന്റെ സാധ്യതകളെ കാണാനും അതിനകത്ത് സ്ത്രീ അവകാശങ്ങൾ കണ്ടെടുക്കാനുമാണ് അസീസ അൽ-ഹിബ്രിയും ആസിഫ ഖുറൈഷിയും റജ അൽ- നിമ്രും നിരീക്ഷിക്കുന്നത്. ലൈല അഹ്മദിൽ നിന്നും വ്യത്യസ്തമായി ഇസ്ലാമിക നിയമത്തെ ആൺകോയ്മയുടെ പ്രതിഫലനമായി ചുരുക്കാൻ ഇവർ വിസമ്മതിച്ചു. ഇസ്ലാമിക നിയമത്തിന്റെ സമ്പൂർണ നിരാകരണം ഒട്ടും ആശാസ്യമല്ലെന്ന് ഇവർ കരുതി. നിയമത്തിലെ ചില ഘടകങ്ങൾ ആൺകോയ്മയെ പിന്തുണക്കുമ്പോൾ മറ്റു ചില ഘടകങ്ങൾ അതിനെ എതിർക്കുന്നുണ്ടെന്നും അവർ നിരീക്ഷിച്ചു. അപ്പോൾ സമ്പൂർണ നിരാകരണമല്ല മറിച്ച് സൂക്ഷ്മവായനയാണ് ഇസ്‌ലാമിക നിയമത്തെപറ്റി വികസിപ്പിച്ചത്.

ഇസ്‌ലാമിക നിയമങ്ങൾ നൈതികവും വിമോചനപരമാവുന്നത് വായനയുടെ തലത്തിലാണ്. വ്യക്തികളായ ഇസ്‌ലാമിക നിയമവിശാരദന്മാരുടെ നിയമ നിർമാണത്തെ ഈ അർത്ഥത്തിൽ തിരുത്താൻ സാധ്യമാണെന്ന് അവർ വിലയിരുത്തി. അതിനായി അവർ പുതിയ ഫത്‌വകൾ രൂപപ്പെടുത്തി. കർമശാസ്ത്ര ഗ്രന്ഥങ്ങളെ മാറ്റിയെഴുതി. മുസ്‌ലിം സമുദായത്തിലെ നിയമ നിർമാണ സഭകളെ സ്വധീനിക്കാൻ ശ്രമിച്ചു. ഒരേ സമയം ഇസ്‌ലാമിക നിയമങ്ങളെ ആൺകോയ്മയുടെ മൂല്യമണ്ഡലമായും അതേസമയം അതിന്റെ പ്രതിരോധമായും ഇവർ വിലയിരുത്തുന്നു. ഈ വൈരുധ്യത്തെ അവർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘ശരീഅയും’ ‘ഫിഖ്ഹും’ പ്രത്യക്ഷത്തിൽ ഇസ്‌ലാമിക നിയമമാണെങ്കിലും ശരീഅ ഇസ്‌ലാമികനിയമത്തിന്റെ ആദർശ മാതൃകയുടെയും ‘ഫിഖ്ഹ്’ അതിലേക്കെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെയും പേരാണ്. ഈ വൈരുധ്യം ഇസ്‌ലാമികനിയമത്തെ ദൈവികമായ നീതിബോധത്തിൻറെയും മനുഷ്യസഹജമായ അധമവായനകളുടെയും സംഘർഷവേദിയാക്കി മാറ്റുന്നുണ്ട്.

അസീസ അൽ-ഹിബ്രി, ആസിഫ ഖുറൈഷി

ചില സന്ദർഭങ്ങളിൽ ഇസ്‌ലാമിക നിയമങ്ങൾ ദൈവിക നീതിയെ പ്രകാശിപ്പിക്കുമ്പോൾ മറ്റു ചില സന്ദർഭങ്ങളിൽ അവ ആൺകോയ്മയുടെ വിഭാഗീയ താല്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ശരീഅയുടെ സാക്ഷാൽ ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാമിക നിയമനിർമ്മാണം ആ അർത്ഥത്തിൽ ഫെമിനിസത്തെപ്പോലെത്തന്നെ ഇസ്ലാമിന്റെ താൽപര്യം കൂടിയാണ്. സ്വതന്ത്ര ഗവേഷണം (ഇജ്ത്തിഹാദ്‌) ഇസ്‌ലാമിക നിയമത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഇടപെടലാണ്. പക്ഷേ ഈ ഗവേഷണ പ്രക്രിയയിൽ സാമൂഹിക സാഹചര്യം സൃഷ്ടിച്ച ആൺകോയ്മാമൂല്യങ്ങളുടെ താൽപര്യം കടന്നുവരികയും ഫിഖ്ഹ് എന്ന നിയമസ്ഥാപനം ദൈവികതാല്പര്യത്തെ അവഗണിക്കുകയും ചെയ്യുന്നു. അസിഫ ഖുറൈഷിയും അസീസ അൽ-ഹിബ്രിയും മാത്രമല്ല റജ അൽ -നിമ്രും ഈ കാഴ്ചപാട് വികസിപ്പിക്കുന്നുണ്ട്.

രണ്ടാമത്തെ സമീപനം നിയമനിദാനശാസ്ത്രത്തിൽ (ഉസൂലുല് ഫിഖ്ഹ്) ഊന്നിയ ഇസ്ലാമിക ഫെമിനിസ്റ്റ് വായനയാണ്. എങ്കിലും പലപ്പോഴും ഇസ്‌ലാമിക നിയമത്തിന്റെ ഉപകരണങ്ങൾ സ്‌തംഭിക്കുന്ന സന്ദർഭങ്ങളിൽ അവർ നേരിട്ട് ഖുർആനിലേക്കും നിയമനിദാനശാസ്ത്രത്തിനു പുറത്തുള്ള രാഷ്ട്രീയത്തിലേക്കും നീങ്ങുന്നുണ്ടെന്നാണ് കേഷിയ അലി വിമര്ശിക്കുന്നത്. എപ്പോഴും നിദാനശാസ്ത്രത്തെതന്നെ (ഉസൂല്) ആശ്രയിച്ചു നിൽക്കാൻ കഴിയാത്തത് ഒരു പരിമിതിയാണെന്നതിനാൽ ഇസ്‌ലാമിക നിയമത്തിന്റെ ആൺകോയ്മാസ്വഭാവത്തെ വ്യത്യസ്തമായി കാണാൻ ഇത് കേഷിയ അലിയെയും ഹിന അസം, മരിയോൻ കാറ്റ്സ് തുടങ്ങിയ ഗവേഷകരെയും പ്രേരിപ്പിച്ചു. ഇത് ഇസ്‌ലാമികനിയമത്തിലുള്ള സ്ത്രീപക്ഷ വായനയുടെ മൂന്നാമത്തെ വഴിയായിത്തീർന്നു.

നിയമത്തിന്റെ ചരിത്രപരമായ വായന നിരവധി അടരുകളുള്ള വിമർശനമായാണ് കേഷിയ അലി ഉയർത്തുന്നത്. ഒന്ന്) നിലവിലെ ഇസ്‌ലാമിക നിയമത്തിന്റെ ആന്തരികയുക്തി ഉപയോഗിച്ച് സ്ത്രീയവകാശം സ്ഥാപിക്കാൻ ബുദ്ധിമുട്ടാണ്. അതായത് ഇസ്‌ലാമികനിയമത്തോട് മുസ്‌ലിം അവകാശം സ്ഥാപിക്കാനുള്ള ഇടം എന്ന സമീപനം കയ്യൊഴിയാൻ ഇസ്‌ലാമികനിയമത്തെ ചരിത്രവല്കരിക്കാനും കേഷിയ അലി ആഹ്വാനം ചെയ്തു. Progressive Muslims and Islamic Jurisprudence: The Necessity for Critical Engagement with Marriage and Divorce Law എന്ന ലേഖനമാണ് ഈ മൂന്നാം ഘട്ടത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നതെന്ന് സാദിയ യാക്കൂബ് കരുതുന്നു.

മൊറോക്കോയിൽ നിന്നും

രണ്ട്) നിയമത്തിന്റെ ആന്തരിക പ്രവർത്തന യുക്തി (internal functioning of the law) അസീസ അൽ-ഹിബ്രിയൊന്നും കാണുന്നില്ലെന്നും അലി കരുതുന്നു. ഇസ്‌ലാമിക നിയമത്തിന്റെ മണ്ഡലത്തിൽ ചരിത്രപരമായി വികസിച്ചു വന്ന നിയമാധികാരത്തെ ഈ സമീപനം ഒട്ടും ഉലയ്ക്കുന്നില്ലെന്നും യാക്കൂബ് കരുതുന്നു. ഇസ്‌ലാമിക നിയമത്തിൽ ചരിത്രപരമായി വികസിച്ചുവന്ന നിയമാധികാരത്തിന്റെ ഘടകങ്ങളെ കാണാത്ത ഈ വിമർശനം ലിംഗപരമായ വിടവുകളെ കൂട്ടാനേ ഉപകരിക്കൂവെന്നും അലി വിമര്ശനമുന്നയിക്കുന്നു.

മൂന്ന്) നിയമഗ്രന്ഥങ്ങളെയും നിയമത്തിന്റെ ലോകത്തെയും അതുണ്ടായ സാംസ്കാരിക സാഹചര്യങ്ങളെയും കാണുന്ന വിധത്തിൽ ചരിത്രപരമായി കാണാൻ അലി ആഹ്വാനം ചെയ്യുന്നു. ഉദാഹരണത്തിന് നിയമം, വിവാഹം എന്നീ രണ്ടു കാര്യങ്ങൾക്ക് ഇസ്‌ലാമിലെ ഓരോ ഘട്ടത്തിലും ഓരോ അർത്ഥമാണുള്ളത്. അതുകൊണ്ട് ഇന്ന് നാം വിവാഹത്തിനു കാണുന്ന അർത്ഥം ആയിരം വർഷം മുമ്പുള്ള ഒരു നിയമഗ്രന്ഥത്തിൽ തിരയുന്നതിനും അതിനു സമാനമായ നിയമപരമായ പരിഹാരം കാണുന്നതിലും കാര്യമില്ലെന്ന് അലി കരുതുന്നു. വിവാഹം, വിവാഹമോചനം എന്നീ രണ്ടു കാര്യങ്ങളെ ചരിത്രപരമായി കാണാനും അതിന്റെ മാറിയ അർത്ഥങ്ങളെ കാണാനും കഴിയുമ്പോൾ മാത്രമേ ഇസ്‌ലാമിക നിയമത്തിന്റെ വായന പൂർണമാവുകയുള്ളു. ഉദാഹരണത്തിന് ഇന്നത്തെ അണുകുടുംബമൂല്യത്തെ പഴയ മുതലാളിത്തപൂർവ വ്യസ്ഥിതിയിൽ തിരയുന്നത് നിയമത്തിന്റെ അന്തസത്തയെ ചോർത്തുമെന്നും അലി കരുതുന്നു.

സീബ മിർ ഹുസൈനിയുടെ ജൈവിക സമന്വയം

നേരത്തെ പറഞ്ഞ മൂന്നു സമീപനങ്ങളും കോർത്തിണക്കി ഇടപെടുന്ന പ്രമുഖ ഇസ്ലാമിക ഫെമിനിസ്റ്റാണ് സീബ മിർ ഹുസൈനി. സ്വതന്ത്രമായ ഇസാമിക ലീഗൽ ഫെമിനിസ്റ്റ് എന്ന വിശേഷണം അവർക്ക് ചേരുന്നുണ്ട്. അവർ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആക്റ്റിവിസ്റ്റുകൂടിയാണ്.

സീബ മിർ ഹുസ്സൈനി

ഇവിടെ വിശകലനം ചെയ്ത മറ്റ് ഇസ്‌ലാമിക ഫെമിനിസ്റ്റുകളിൽ നിന്നും മിർ ഹുസൈനിയെ വ്യത്യസ്തമാക്കുന്നത് ശിയ വിഭാഗത്തിൽ നിന്നുള്ള ഇസ്‌ലാമിക ഫെമിനിസ്റ്റ് എന്നത് കൂടിയാണ്. ഇറാനിലെ തന്റെ സംസ്കാരത്തെയും വിശ്വാസത്തെയും കുറിച്ച് കൂടുതൽ പഠിക്കാൻ കൂടിയാണ് അവർ ശ്രമിച്ചത്. ലിംഗഅസമത്വം എന്നത് ദൈവികമല്ലെന്നും ദൈവികപാഠങ്ങളുടെ ഭാഗമല്ലെന്നും മുസ്‌ലിം ന്യായാധിപന്മാരുടെ പ്രവർത്തനങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും ഭാഗമാണെന്നും ഇത് ദൈവികമായ ലിംഗനീതിക്ക് എതിരാണെന്നും സീബ മിർ ഹുസൈനി കരുതുന്നു.
മുസ്‌ലിം സ്ത്രികളുടെ മതപരമായ പ്രതിബദ്ധതയും കൊളോണിയൽ പാശ്ചാത്യ സ്വാധീനമുള്ള ലിംഗസമത്വവും ഒരുമിച്ചു കൊണ്ടുപോകുന്നതിന് നിരവധി പ്രയാസമുണ്ടെന്ന് അവർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആധുനിക ദേശരാഷ്ട്രങ്ങളിലെ ജനാധിപത്യ വിരുദ്ധമായ ശക്തികൾ പുതിയ നിയമവ്യവഹാരത്തിനുള്ളിൽ ലിംഗഅസമത്വത്തിൽ അധിഷ്ടിത്മായ കർമശാസ്ത്രത്തെയാണ് പ്രതിഷ്ടിച്ചത്. പുരുഷന്റെ കുടുംബത്തിന് മേലുള്ള രക്ഷകർതൃത്ത്വം, ഭർത്താവിന്റെയും പിതാവിന്റെയും അധികാരം, ഏകപക്ഷീയമായ വിവാഹമോചനത്തിനുള്ള ഭർത്താവിന്റെ അധികാരം, തന്നെ സംരക്ഷിക്കുന്നതിനു പകരമായി സ്ത്രീകൾ ലൈംഗികത പകരം കൊടുക്കൽ, സ്ത്രീകളുടെ അനുസരണയും അനുസരണക്കേടും എന്നിവയാണ് പ്രധാന ലിംഗപ്രശ്നങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ അർത്ഥത്തിലുള്ള പ്രായോഗിക ഇടപെടലും മിർ ഹുസൈനിയുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്.

കുടുംബ നിയമങ്ങളുടെ പരിഷ്കരണമാണ് മിർ ഹുസൈനി ഏറെ ശ്രദ്ധ കൊടുക്കുന്ന കാര്യം. മുസ്‌ലിം കുടുംബനിയമം എന്നതുതന്നെ ആധുനിക രാഷ്ട്രത്തിലേക്ക് ഇസ്‌ലാമികനിയമം ഒതുക്കുമ്പോൾ ഉണ്ടാകുന്നതാണ്. ഇസ്‌ലാമിക നിയമത്തിന്റെ പ്രശ്നമണ്ഡലത്തിൽ സ്ത്രീകളുടെ പദവി ഉയർത്താൻ ചെയ്യേണ്ടത് എന്തൊക്കെയെന്നു ഹുസൈനി വിവരിക്കുന്നുണ്ട്.

ഇസ്‌ലാമിക ഫെമിനിസം-കവർ | എഴുത്തുകാരി ഉമ്മുൽ ഫായിസ

ഒന്ന്: നിലവിലുള്ള വ്യവസ്ഥയിൽ നിന്നും വ്യത്യസ്തമായി വിവാഹകരാറിൽ സ്ത്രീകൾക്ക് മുൻകൈവരികയും പുരുഷന്റെ അധികാരം പരിമിതപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥ ചേർക്കേണ്ടതുണ്ട്. അതിലൂടെ സ്ത്രികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടു ഒത്തുതീർപ്പിന് സാധ്യതയേറുന്നു. രണ്ട്: ഭർത്താവിന്റെ ഏകപക്ഷീയമായ അധികാരത്തെ പരിമിതപ്പെടുത്താനും ഭാര്യയുടെ അവകാശം വിപുലപ്പെടുത്താനും വേണ്ടി വിവാഹത്തിലെ ധാർമികവും നിയമപരവുമായ അതിർവരമ്പുകളെ പുനർനിർവചിക്കണം. മൂന്ന്: ഖുർആനിലും നിയമസിദ്ധാന്തത്തിലും അടിസ്ഥാനമാക്കിയുള്ള യുക്തിയെ കേന്ദ്രീകരിച്ച് മാറ്റത്തിനുവേണ്ടി വാദിക്കുന്നു. സ്ത്രികളുടെ പദവിക്കും ലിംഗഭേദബന്ധങ്ങൾക്കും ആധുനിക കാലത്ത് നടന്ന മാറ്റത്തിനനുസരിച്ചു പല നിയമതീർപ്പുകളും പുന:പരിശോധിക്കേണ്ടതുണ്ട്.

നാല്: ജ്ഞാനശാസ്ത്രത്തിലുള്ള പുരുഷന്മാരുടെ കുത്തകയെ വെല്ലുവിളിക്കുന്ന സമീപനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.
സീബ മീർ ഹുസൈനിയുടെ വായനയാണ് പ്രായോഗികമായ ഇസ്‌ലാമികനിയമ ഫെമിനിസത്തിന്റെ ഏറ്റവും സജീവമായ ധാര. മേൽപറഞ്ഞ മൂന്ന് ധാരകളും സൈദ്ധാന്തികമായി ഇടപെടൽ നടത്തുമ്പോൾ മിർ ഹുസൈനി സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിക്കുന്നു. പുതിയൊരു പ്രയോഗം (praxis) അവരുടെ ഇടപെടലിന്റെ ഭാഗമാണ്. ഇത് ഇസ്‌ലാമികനിയമ ഫെമിനിസത്തിന്റെ മേഖലയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഇടപെടലാണ്.

Latest News