Top

സംഘപരിവാറിനെ തുരത്തിയ സംസ്ഥാനങ്ങളുടെ നേതാക്കൾ പെ​ഗാസിസിൽ ഉൾപ്പെട്ടോ? ചർച്ചകൾക്ക് ചൂടേറുന്നു

ബിജെപിക്ക് നാൾക്കുനാൾ ജനപിന്തുണ നഷ്ടമാകുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെന്ന് ഖ്യാതിയുള്ളവരാണ് മൂവരും.

19 July 2021 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘപരിവാറിനെ തുരത്തിയ സംസ്ഥാനങ്ങളുടെ നേതാക്കൾ പെ​ഗാസിസിൽ ഉൾപ്പെട്ടോ? ചർച്ചകൾക്ക് ചൂടേറുന്നു
X

പെ​ഗാസിസ് ഫോൺ ചോർത്തൽ വിവാദത്തിന് പിന്നാലെ മോദി സർക്കാർ കടുത്ത ആരോപണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളുടെ ഫോൺ വിവരങ്ങൾ പെ​ഗാസിസ് ചോർത്തിയെന്ന് കൂടെ പുറത്തുവന്നതോടെ കാര്യങ്ങൾ എൻഡിഎ സർക്കാരിന് ശുഭകരമാവില്ലെന്ന് സൂചനയും.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചോർത്തപ്പെട്ടവരുടെ പട്ടിക അപൂർണമാണെന്നാണ് ദേശീയ മാധ്യമങ്ങളിൽ ഭൂരിഭാ​ഗവും ചൂണ്ടിക്കാണിക്കുന്നത്. മലയാളികളായ മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും പട്ടികയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പേരുകളില്ല.

സംഘപരിവാർ രാഷ്ട്രീയം സമീപകാലത്ത് ആശയപരമായി ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ട മൂന്ന് സംസ്ഥാനങ്ങളാണ് തമിഴ്നാട്, കേരളം, ബം​ഗാൾ എന്നിവ. ഈ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വിവരങ്ങൾ പെ​ഗാസിസ് ചോർത്തിയിട്ടുണ്ടോയെന്ന് അന്വേഷണങ്ങൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി ചോർത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. വ്യാപ്തി വ്യക്തമായിട്ടില്ലാത്ത ഹിറ്റ്ലിസ്റ്റുകൾ പെ​ഗാസിസ് ചോർത്തലിന് മുന്നിലുണ്ടെന്ന് ചുരുക്കാം.

ഹിറ്റ്ലിസ്റ്റിൽ കൂടുതലും സംഘപരിവാർ വിരുദ്ധർ

പെ​ഗാസിസ് ഉപയോ​ഗിച്ച് ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടവരിൽ ഭൂരിഭാ​ഗം പേരും സംഘപരിവാർ വിരുദ്ധരായ മാധ്യമപ്രവർത്തകരാണ്. ആർഎസ്എസ് ‘ദേശാഭിമാനി’യെന്ന് കളിയാക്കുന്ന ‘ദിവയറിന്റെ’ സ്ഥാപക പത്രാധിപരായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ വേണു, ഇതേ സ്ഥാനപത്തിലെ മാധ്യമപ്രവർത്തക രോഹിണി സിം​ഗിന്‍റെയും വിവരങ്ങള്‍ ചോർത്തിയത് ഇതിന് ഉദാഹരണമാണ്. സംഘപരിവാറിന്റെ കണ്ണിലെ കരടായ മാധ്യമ പ്രവർത്തകർ ഹിറ്റ്ലിസ്റ്റിൽ പ്രധാനികളായിരുന്നുവെന്ന് വ്യക്തം. ​

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘം ലക്ഷ്യം വെച്ചിരുന്ന മാധ്യമ പ്രവർത്തകനാണ് സിദ്ധാർത്ഥ് വരദരാജൻ. അമിത് ഷായുടെ മകൻ ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവന്നയാളാണ് രോഹിണി സിം​ഗ്. റഫാലിനെ കുറിച്ച് അന്വേഷണാത്മക പത്രപ്രവർത്തനം നടത്തിയിരുന്ന സുശാന്ത് സിം​ഗ്, തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തകൾ ചെയ്യുന്ന റിതിക ചോപ്ര, കശ്മീർ വാർത്തകൾ ചെയ്യുന്ന മുസമ്മിൽ ജമീൽ, ഇന്ത്യാടുഡേ സുരക്ഷാ അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്യുന്ന മനോജ് ഝാ തുടങ്ങി പെ​ഗാസിസ് കൂടുതലായും തേടിയത് സംഘപരിവാറിന് തലവേദന സമ്മാനിച്ചവരെ.

രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി തുടങ്ങിയ പ്രതിപക്ഷത്തെ സുപ്രധാന നേതാക്കളും സംഘപരിവാർ വിരുദ്ധ പട്ടികയിലുണ്ട്. സ്വകാര്യ കമ്പനികൾക്കോ വ്യക്തികൾക്കോ പെ​ഗാസിസ് നൽകില്ലെന്ന് സ്പൈവെയർ നിർമ്മിച്ച ഇസ്രായേൽ കമ്പനി എൻഎസ്ഒ ​ഗ്രൂപ്പ് ആവർത്തിക്കുന്നുണ്ട്. കാര്യങ്ങൾ അങ്ങനെയെങ്കിൽ ഇന്ത്യയിലെ നേതാക്കളെയും മാധ്യമപ്രവർത്തകരെയും നിരീക്ഷണത്തിൽ നിർത്തിയത് ആരാണെന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ ഉത്തരവാദിത്വം പറയേണ്ടി വരും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും പട്ടികയിലുണ്ടെന്ന് വയർ റിപ്പോർട്ട് ചെയ്തിരുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതിൽ പ്രശാന്ത് കിഷോറിന്റെ സ്വാധീനം ചെറുതല്ല. എന്നാൽ പിന്നീട് ബിജെപി എതിർ ചേരിയിലുള്ള പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ച പ്രശാന്ത് ഇത്തവണ കോൺ​ഗ്രസ് പാളയത്തിൽ സജീവ സാന്നിദ്ധ്യമാകുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചോർത്തലുമായി ബന്ധപ്പെട്ട ഫോറൻസിക് തെളിവുകളെത്തുന്നത്. 2017 മുതൽ 2021 വരെ നാല് ഹാൻഡ് സെറ്റുകളാണ് പ്രശാന്ത് മാറ്റിയത്. ഇതിൽ നാലിലും പെ​ഗാസിസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് സൂചന.

മമത, പിണറായി, സ്റ്റാലിൻ

ചോർത്തൽ പട്ടിക നീളുകയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന മൂന്ന് നേതാക്കളിലേക്ക് പെ​ഗാസിസ് എത്തിയോ എന്ന ചോദ്യം പ്രസക്തമാവും. മമത ബാനർജി, പിണറായി വിജയൻ, എംകെ സ്റ്റാലിൻ എന്നിവരാണ് ഈ പ്രധാന നേതാക്കൾ. ബിജെപിക്ക് ഇതര സംസ്ഥാനങ്ങളിൽ ശക്തരായ എതിരാളികളുണ്ടെങ്കിലും തമിഴ്നാട്, കേരളം, ബം​ഗാൾ എന്നിവിടങ്ങളിലെ കാര്യങ്ങൾ വ്യത്യസ്ഥമാണ്. ബിജെപിക്ക് നാൾക്കുനാൾ ജനപിന്തുണ നഷ്ടമാകുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെന്ന് ഖ്യാതിയുള്ളവരാണ് മൂവരും.

ബിജെപിയെ പെ​ഗാസിസുമായി നേരിട്ട് ബന്ധപ്പിക്കാൻ ഇപ്പോൾ പ്രത്യക്ഷ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ പെ​ഗാസിസിലൂടെ ബിജെപി നേരിടേണ്ടി വരും. കേന്ദ്ര സർക്കാർ അറിയാതെ പെ​ഗാസിസ് ഇന്ത്യയിലെത്തില്ലെന്നാണ് പ്രതിപക്ഷ വിമർശനം. സൗത്ത് ഇന്ത്യയിലേക്കും ബം​ഗാളിലേക്കും പെ​ഗാസിസ് എത്തിയോ എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തമാണ്. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.

Next Story