കൊറോണ കൊല്ലാത്ത കേരളം; ‘വിജയഗാഥ’ പാടുന്നവരോട് നാല് ചോദ്യങ്ങൾ

പുതിയ കൊവിഡ് ബാധ ഇങ്ങനെ മാസങ്ങളായി ഉയർന്നുതന്നെ നിൽക്കുന്ന കേരളത്തെപ്പറ്റിയാണ് ‘കൊറോണയെ കൊന്നു’ എന്ന പേരിൽ വ്യാപകമായ സംഘടിത പ്രചാരണം നടന്നത്. ഇപ്പോൾ, ആ കഥ കടംകഥയാണെന്ന് എല്ലാവർക്കും മനസ്സിലായ സ്ഥിതിക്ക് പറയുന്ന പുതിയ ‘വിജയഗാഥ’ നമ്മുടെ മരണനിരക്ക് വളരെ കുറവാണ് എന്നതാണ്. കേട്ടാൽ വിശ്വസിക്കാൻ ഒരു മടിയും തോന്നില്ല, കാരണം, കുറെയൊക്കെ ഒഴിവാക്കിയാണെങ്കിലും അതിൽ കഴമ്പുണ്ടെന്ന് തോന്നും. പക്ഷെ, അതിലെ നെല്ലും പതിരും തിരിയണമെങ്കിൽ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു.

ഒന്ന്: കേരളത്തിലെ കൊവിഡ് ബാധിതരിൽ എത്രപേർ തീവ്രപരിചരണത്തിനായി (ICU) സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്? അതിൽ എത്രയാണ് മരണനിരക്ക്? ഇത് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ കണക്കുമായി തുലനം ചെയ്തിട്ടാണോ ഈ അവകാശവാദം?

രണ്ട്: കേരളത്തിലെ കോവിഡ് ബാധിതരുടെ പ്രായം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കി ജനസംഖ്യാപരമായ വിശകലനം ചെയ്തിട്ടുണ്ടോ? എങ്കിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഏതു പ്രായഗണത്തിൽ പെടുന്നവരാണ്? അതിൽ കൂടുതലും ചെറുപ്പക്കാരും അറുപതു വയസ്സിനു താഴെയുള്ളവരുമാണെങ്കിൽ മരണനിരക്ക് കുറഞ്ഞേ ഇരിക്കൂ. യൂറോപ്പിൽ ധാരാളം ആളുകൾ മരിച്ചതിനു ഒരു കാരണം കൂടിയ പ്രായമാണ്. അല്ലാതെ അവരുടെ ആരോഗ്യ സംവിധാനം മോശമായത് കൊണ്ടല്ല. കേരളത്തിൽ 64 ശതമാനം ജനങ്ങളും 19നും 60നും മധ്യേ പ്രായമുള്ളവരാണ്. അവർക്ക് കൊവിഡ് വന്നാൽ കൂടുതലും പ്രശ്നമില്ലാതെ പോകാനുള്ള സാധ്യതയേയുള്ളൂ.

മരിച്ചവരുടെ പ്രായം അടിസ്ഥാനപ്പെടുത്തിയുള്ള മരണക്കണക്ക് സർക്കാർ പുറത്തു വിടട്ടെ. അപ്പോൾ ഇത് മനസ്സിലാകും. കേരളത്തിൽ അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർ വെറും 13 ശതമാനമേയുള്ളൂ. അതായത് കൊവിഡ് ബാധിച്ചാലും 87 ശതമാനം ജനങ്ങൾക്കും മരണ സാധ്യത കുറവാണ്. അത്കൊണ്ട് അടുത്തവട്ടം ഈ മരണക്കണക്ക് പറഞ്ഞു ‘കേരള മോഡൽ’ പ്രചരിപ്പിക്കുമ്പോൾ ഈ കണക്ക് ആവശ്യപ്പെടുക.

മൂന്ന്: കോമോർബിഡിറ്റീസ് (ഒരേ സമയം ഒന്നിൽ കൂടുതൽ അസുഖങ്ങൾ) ഉള്ള ആൾക്കാരുടെ മരണനിരക്ക് കുറവാണെങ്കിൽ, അവർ അവരുടെ അത്തരം അസുഖങ്ങൾക്ക് സ്ഥിരമായി ചികിത്സ എടുത്തു കൊണ്ടിരുന്നവരാണോ? ഈ ചികിത്സ സർക്കാർ സംവിധാനത്തിലായിരുന്നുവോ അതോ സ്വകാര്യ സംവിധാനത്തിലായിരുന്നുവോ? എഴുപതു ശതമാനവും സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്ന മലയാളി തന്റെ ‘കോമോർബിഡിറ്റീസ്’ സ്വന്തം പണം കൊണ്ട് നിയന്ത്രിച്ചു നിറുത്തിയിരുന്നത് കൊണ്ടാണ് കൊവിഡ് സങ്കീർണതകൾ, മരണ നിരക്ക് എന്നിവ കുറഞ്ഞിരുന്നത് എങ്കിൽ, അതിൽ സർക്കാരിന് എന്ത് അവകാശവാദം? അത് മലയാളിയുടെ സ്വന്തം നേട്ടം.

നാല്: ഒന്ന് രണ്ട് മാസങ്ങൾക്കു മുൻപ് പ്രതിപക്ഷ പാർട്ടികൾ (അതും വളരെ ചെറിയ ആൾക്കൂട്ടങ്ങൾ) പുറത്തിറങ്ങി സമരം ചെയ്തത് കൊണ്ടാണ് കൊവിഡ് പരന്നതെന്നുപറഞ്ഞ മന്ത്രി, ഇപ്പോഴും ഈ കോവിഡ് പിടിതരാതെ ഇങ്ങനെ പറന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരുമോ? ഈ ഭരണ പാർട്ടികളുടെ ആൾക്കൂട്ടവും, ആഘോഷങ്ങളും പ്രതിപക്ഷ പാർട്ടികളുടെ ആൾക്കൂട്ടത്തിനേക്കാൾ വിഭിന്നമാണോ?

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ മുതിർന്ന ഉപദേഷ്ടാവും മാധ്യമപ്രവർത്തകനുമായിരുന്നു ലേഖകൻ.

Latest News