Top

‘യസീദികള്‍ക്കെതിരെ നടന്നത് വംശഹത്യ’; തെളിവുകള്‍ നിരത്തി യുഎന്‍ അന്വേഷണ സംഘം

യസീദി വംശജര്‍ക്കെതിരെ ഇറാഖില്‍ ഐഎസ് ഭീകര സംഘം നടത്തിയത് കൃത്യമായ വംശഹത്യയെന്ന് യുഎന്‍. യസീദികള്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങള്‍ അന്വേഷിച്ച യുഎന്‍ പ്രത്യേക സംഘമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തിയത്. 2014 ല്‍ ഐഎസ് യസീദികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് യുഎന്നിന്റെ ടീമായ യുണിടാഡിന്റെ സ്‌പെഷ്യല്‍ അഡൈ്വസര്‍ കരിം ഖാന്‍ യുഎന്നിനെ അറിയിച്ചു. യസീദികളെ കൊന്നൊടുക്കാന്‍ രാസായുധങ്ങളും വിഷ വാതകങ്ങളും ഐഎസ് സംഘം ഉപയോഗിച്ചിരുന്നെന്ന് യുണിടാഡ് വ്യക്തമാക്കുന്നു. ‘ അന്താരാഷ്ട്ര മാനദണ്ഡങ്ങളും യുഎന്‍ പരിശീലനവും അനുസരിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ […]

11 May 2021 4:59 AM GMT

‘യസീദികള്‍ക്കെതിരെ നടന്നത് വംശഹത്യ’; തെളിവുകള്‍ നിരത്തി യുഎന്‍ അന്വേഷണ സംഘം
X

യസീദി വംശജര്‍ക്കെതിരെ ഇറാഖില്‍ ഐഎസ് ഭീകര സംഘം നടത്തിയത് കൃത്യമായ വംശഹത്യയെന്ന് യുഎന്‍. യസീദികള്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങള്‍ അന്വേഷിച്ച യുഎന്‍ പ്രത്യേക സംഘമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തിയത്. 2014 ല്‍ ഐഎസ് യസീദികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് യുഎന്നിന്റെ ടീമായ യുണിടാഡിന്റെ സ്‌പെഷ്യല്‍ അഡൈ്വസര്‍ കരിം ഖാന്‍ യുഎന്നിനെ അറിയിച്ചു. യസീദികളെ കൊന്നൊടുക്കാന്‍ രാസായുധങ്ങളും വിഷ വാതകങ്ങളും ഐഎസ് സംഘം ഉപയോഗിച്ചിരുന്നെന്ന് യുണിടാഡ് വ്യക്തമാക്കുന്നു.

‘ അന്താരാഷ്ട്ര മാനദണ്ഡങ്ങളും യുഎന്‍ പരിശീലനവും അനുസരിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച വ്യക്തമായ തെളിവുകള്‍ പ്രകാരം യസീദികള്‍ക്കെതിരെ നടന്ന അതിക്രമം വംശഹത്യയാണെന്ന് വ്യക്തമായി പറയാന്‍ പറ്റും,’ കരിം ഖാന്‍ പറഞ്ഞു.

‘ വധശിക്ഷ അടിമത്തം, ലൈംഗിക അടിമകളാക്കല്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇവ ഭയാനകവും ഹൃദയം മരവിപ്പിക്കുന്നതുമാണ്. ഭൂമിയില്‍ എങ്ങനെ ഇത് നടക്കാനനുവദിച്ചെന്ന് തോന്നിപ്പോവും. എന്നിട്ടും അവരത് ചെയ്തു,’ കരിം ഖാന്‍ പറഞ്ഞു.

നിര്‍ബന്ധിത മതം മാറ്റം അല്ലെങ്കില്‍ മരണം എന്നായിരുന്നു യസീദികളോട് ഐഎസ് സ്വീകരിച്ച നയമെന്നും യുണിടാഡ് പറയുന്നു. 2014 ജൂണില്‍ ടിക്‌റിത് എയര്‍ അക്കാദമിയില്‍ ഷിയ വിഭാഗത്തില്‍ പെട്ട നിരായുധരായ കേഡറ്റുകളെ ഐഎസ് കൊന്നൊടുക്കിയ സംഭവവും യുണിടാഡ് വ്യക്തമാക്കുന്നുണ്ട്.

ഇരകളുടെ മൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍, ശവപ്പറമ്പുകളില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍, ഐഎസ് അംഗങ്ങളുടെ ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് യുണിടാടാഡ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

2014 ല്‍ സംഭവിച്ചത്

2014 ല്‍ ഇറാഖി മേഖലകളില്‍ ഐഎസ് ഭീകര സേന പിടിമുറിക്കിയപ്പോഴാണ് യസീദികളുടെ യാതന തുടങ്ങിയത്. ഇവര്‍ അധിവസിക്കുന്ന സിന്‍ജര്‍ പ്രവിശ്യയില്‍ കുര്‍ദുകളുടെ പെഷ്മര്‍ഗ സേനയുണ്ടായിരുന്നെങ്കിലും ഐഎസ് ആക്രമണത്തെ തടുക്കാന്‍ അവര്‍ക്കായില്ല. പ്രവിശ്യ ഐഎസിന്റെ കീഴിലാവുമെന്ന് മനസ്സിലാക്കിയ യസീദികള്‍ കൂട്ടത്തോടെ പാലായനം ചെയ്യാന്‍ തുടങ്ങി. സിന്‍ജര്‍ മലനിരകളുടെ 25-40 കിലോ മീറ്റുകള്‍ക്കപ്പുറത്തുള്ള ഗ്രാമങ്ങളിലേക്കാണ് ഇവര്‍ പാലായനം ചെയ്തത്. കാറും മറ്റ് വാഹനങ്ങളുമുള്ളവര്‍ക്ക് പാലായനം ചെയ്യാനായി. കാല്‍നടയായി പോയ യസീദികളെ ഐഎസ് ഭീകരര്‍ പടികൂടി. പുരുഷന്‍മാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ നിന്നും ഇവര്‍ തുടച്ചു നീക്കപ്പെട്ടു. വംശഹത്യ എന്നാണ് യുഎന്‍ യസീദികള്‍ക്കെതിരെയുള്ള ക്രൂരതയെ വിശേഷിപ്പിച്ചത്.

ഐഎസ് ആധിപത്യത്തിന് മുമ്പ് ഇറാഖില്‍ അഞ്ചര ലക്ഷം യസീദികളുണ്ടായിരുന്നെന്നാണ് കണക്ക്. ഇതില്‍ 360,000 യസീദികള്‍ അഭയാര്‍ത്ഥികളായി പലയിടങ്ങളിലേക്ക് ചിതറി.

പതിനായിരത്തിലധികം യസീദി പുരുഷന്‍മാര്‍ കൊല്ലപ്പെട്ടു. ഏഴായിരത്തിലധികം യസീദി സ്ത്രീകളും പെണ്‍കുട്ടികളും ഐഎസിന്റെ ലൈംഗിക അടിമകളായി. ഐഎസിന്റെ പതനശേഷം ഇവരെ പലരെയും രക്ഷിക്കാനായിട്ടുണ്ട്. ഇറാഖിലെ തന്നെ കുര്‍ദ് സേനയുടെ പെഷമെര്‍ഗ സേനയുടെ ക്യാമ്പുകളിലാണ് പലരും കഴിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോയവരും നിരവധിയാണ്.

യസീദിയും പശ്ചിമേഷ്യയും

ഇറാഖിലെ ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളിലൊന്നാണ് യസീദി വിഭാഗം. ഇവരില്‍ ഭൂരിഭാഗവം ഇറാഖിലെ സിന്‍ജര്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ജീവിച്ചു വരുന്നത്. ഏകദൈവ വിശ്വാസികളാണെങ്കിലും യസീദികളുടെ വിശ്വാസ രീതി വ്യത്യസ്തമാണ്. ദൈവം ലോകത്തെ ഏഴു മാലാഖമാരുടെ കൈയ്യില്‍ ഏല്‍പ്പിച്ചെന്നാണ് യസീദി മതവിശ്വാസത്തില്‍ പറയുന്നത്. മതപരിവര്‍ത്തനവും ഇവര്‍ക്ക് സ്വീകാര്യമല്ല. എന്നാല്‍ യസീദികള്‍ ചെകുത്താന്‍ സേവ നടത്തുന്നവരാണെന്നാണ് മറ്റു മതസ്ഥരിലെ തീവ്ര വിഭാഗക്കാര്‍ ഇവര്‍ക്കെതിരെ ഉന്നയിക്കുന്നത്.
ഇറാഖിലെ ഐഎസ് യുദ്ധകാലത്ത് ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ചതും ഈ സമൂഹമായിരുന്നു. നഗരത്തിലേക്ക് പാലായനം ചെയ്ത പല യസീദികളും സ്വന്തം ഐഡന്റിറ്റി പുറത്താവാതെയാണ് കഴിഞ്ഞത്.

ഐഎസ് പതനം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കവെ കുര്‍ദു സൈനിക സംരക്ഷണത്തില്‍ കഴിയുന്ന ഇവരെ സിന്‍ജര്‍ പ്രവിശ്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇറാഖ്-സിറിയ അതിര്‍ത്തിക്കു സമീപമാണ് സിന്‍ജര്‍ പ്രവിശ്യ. മേഖലയില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രധാന ഇടം. ഇവിടേക്ക് തിരിച്ചെത്തുന്നതില്‍ ഇവര്‍ക്ക് ആശങ്കയുമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 20 ശതമാനം നിവാസികള്‍ മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തിയിട്ടുള്ളൂ. പലരും പെഷ്മെര്‍ഗ സൈന്യമുള്ള ക്യാമ്പുകളില്‍ തന്നെ കഴിയാനാണ് താല്‍പര്യപ്പെടുന്നത്.

Next Story