ഫക്രിസാദെ വധം: മുഖം സൂം ചെയ്ത് ഉതിര്‍ത്തത് 13 റൗണ്ട് വെടിയുണ്ടകള്‍; കൊലയ്ക്ക് നൂതന ക്യാമറയും എഐ സഹായവും
ടെഹ്റാന്: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് റെവല്യൂഷണറി ഗാര്‍ഡ്സ് ഡപ്യൂട്ടി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അലി ഫഡാവി. ലോകത്തില്‍ ഇപ്പോള്‍ ലഭ്യമായതില്‍ ഏറ്റവും നൂതനമായ ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ സഹായത്തോടെയും മെഷീന് ഗണ്‍ സാറ്റ്ലൈറ്റിലൂടെ ഓണ്‍ലൈനായി നിയന്ത്രിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഫഡാവി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വാഹനത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന മെഷീന് ഗണ്ണില്‍നിന്ന് 13 റൗണ്ട് വെടിയുണ്ടകളാണ് ഫക്രിസാദെയുടെ നേര്‍ക്ക് ഉതിര്‍ന്നത്. അദ്ദേഹത്തിന്റെ മുഖം കൃത്യമായി […]

ടെഹ്റാന്: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് റെവല്യൂഷണറി ഗാര്‍ഡ്സ് ഡപ്യൂട്ടി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അലി ഫഡാവി. ലോകത്തില്‍ ഇപ്പോള്‍ ലഭ്യമായതില്‍ ഏറ്റവും നൂതനമായ ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ സഹായത്തോടെയും മെഷീന് ഗണ്‍ സാറ്റ്ലൈറ്റിലൂടെ ഓണ്‍ലൈനായി നിയന്ത്രിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഫഡാവി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വാഹനത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന മെഷീന് ഗണ്ണില്‍നിന്ന് 13 റൗണ്ട് വെടിയുണ്ടകളാണ് ഫക്രിസാദെയുടെ നേര്‍ക്ക് ഉതിര്‍ന്നത്. അദ്ദേഹത്തിന്റെ മുഖം കൃത്യമായി തിരിച്ചറിഞ്ഞായിരുന്നു ആക്രമണമെന്നും അത്രയ്ക്ക് ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും ഫഡാവി പറഞ്ഞു. 25 സെന്റിമീറ്റര്‍ മാത്രം അകലെയിരുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നും ഫഡാവി കൂട്ടിച്ചേര്‍ത്തു. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് നേരത്തെ ഇറാന് മാധ്യമങ്ങളും സര്‍ക്കാര്‍ വൃത്തങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല.
നവംബര്‍ 27നാണ് ടെഹ്റാനിലേക്ക് പോവുകയായിരുന്ന ഫക്രിസാദെ കൊല്ലപ്പെട്ടത്. ഇറാനിലെ പരമോന്നത പദവിയിലിരിക്കെ ഈ വര്‍ഷം കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഫക്രിസാദെ. കഴിഞ്ഞ ജനുവരിയില്‍ സൈനിക നേതാവ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. 2010ന് ശേഷം ഇറാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത് ആണവശാസ്ത്രജ്ഞനാണ് ഫക്രിസാദെ. ഫക്രിസാദെയുടെ മരണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞദിവസം ഫക്രിസാദെയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. ഇറാന് ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഒരു വധശ്രമത്തിനപ്പുറം യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് തങ്ങളുടെ പിതാവ് കൊല്ലപ്പെട്ടതെന്നാണ് അവര്‍ അന്ന് പറഞ്ഞത്. അതൊരു ആസൂത്രിത കൊലപാതകമാണെന്നും അവര്‍ ഉറപ്പിച്ച് പറഞ്ഞു. ഫക്രിസാദെയ്ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോസ്ഥര്‍ മുന്നറിയിപ്പ് നല്കിയിരുന്നുയെന്നാണ് മക്കള്‍ പറയുന്നത്.
2018ല്‍ ഇസ്രയേലിലെ ഒരു ഉന്നതതലയോഗത്തില്‍ ഫക്രിസാദെയുടെ പേര് ഓര്‍ത്തുവയ്ക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാന്റെ ‘അമാദ്’, ‘ഹോപ്’ പദ്ധതികളെ നയിച്ചിരുന്നത് ഫക്രിസാദെയായിരുന്നു. മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസാദെയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ട്.