വിവാഹത്തില്‍ നിന്നകന്ന് ഇറാനിയന്‍ യുവത്വം; ജനസംഖ്യയും കുറയുന്നു; പരിഹാരത്തിന് ഇസ്ലാമിക ഡേറ്റിംഗ് ആപ്പുമായി സര്‍ക്കാര്‍
ഇറാനില്‍ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഇസ്ലാമിക ഡേറ്റിംഗ് ആപ്പ് അവതരിപ്പിച്ച് സര്‍ക്കാര്‍. പങ്കാളി എന്നര്‍ത്ഥം വരുന്ന ഹംദാം എന്ന പേരിലാണ് പുതിയ ഡേറ്റിംഗ് ആപ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ആപ്പ്. ഇറാനില്‍ വിവാഹ മോചനങ്ങള്‍ കൂടുകയും ജനസംഖ്യാ നിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. സുസ്ഥിരമായ വിവാഹ ജീവിതവും ഒരു ഭാര്യയെയും തേടുന്നവര്‍ക്കാണ് ആപ്പിലേക്ക് പ്രവേശനം. ഒരാള്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പ് ഉപയോഗിക്കുന്നു.ഹംദാം ആപ്പില്‍ പങ്കാളികളെ […]
13 July 2021 6:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇറാനില്‍ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഇസ്ലാമിക ഡേറ്റിംഗ് ആപ്പ് അവതരിപ്പിച്ച് സര്‍ക്കാര്‍. പങ്കാളി എന്നര്‍ത്ഥം വരുന്ന ഹംദാം എന്ന പേരിലാണ് പുതിയ ഡേറ്റിംഗ് ആപ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ആപ്പ്. ഇറാനില്‍ വിവാഹ മോചനങ്ങള്‍ കൂടുകയും ജനസംഖ്യാ നിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
സുസ്ഥിരമായ വിവാഹ ജീവിതവും ഒരു ഭാര്യയെയും തേടുന്നവര്‍ക്കാണ് ആപ്പിലേക്ക് പ്രവേശനം. ഒരാള്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പ് ഉപയോഗിക്കുന്നു.
ഹംദാം ആപ്പില്‍ പങ്കാളികളെ തിരയണമെങ്കില്‍ ആദ്യം ആപ്പിന്റെ ഒരു മനശാസ്ത്ര പരിശോധന പാസാവേണ്ടതുണ്ട്. ഒരാള്‍ക്ക് അവരാഗ്രഹിച്ച പങ്കാളിയെ ലഭിച്ചാല്‍ അവരുടെ കുടുംബങ്ങളെ തമ്മില്‍ കൂട്ടിയിണക്കാനും ആപ്പ് സൗകര്യമൊരുക്കും. ഒപ്പം വിവാഹ ശേഷം സുഗമമായ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടു പോവാന്‍ നാല് വര്‍ഷത്തോളം ഇവര്‍ക്ക് ആപ്പിന്റെ സേവന സൗകര്യങ്ങള്‍ ലഭിക്കും.
രാജ്യത്ത് നിരവധി ഡേറ്റിംഗ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും സര്‍ക്കാര്‍ അനുമതിയില്ല. കുടുംബങ്ങളെ തകര്‍ക്കാന്‍ പാശ്ചാത്യര്‍ കൊണ്ടു വന്ന ദുര്മാര്ഗങ്ങളാണിതെന്ന് ഇറാനിയന്‍ ഭരണ കൂടം ആരോപിക്കുന്നു.
ഇറാനിയന്‍ യുവത്വത്തിനിടയില്‍ കുടുംബ ജീവിതത്തോട് താല്പര്യം കുറയുകയും വ്യാപകമായി വിവാഹ മോചന പ്രവണത കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആപ്പ് സര്‍ക്കാരിന്റെ കീഴില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ മാസം വരെയുള്ള കാലയളവില്‍ 307,300 വിവാഹങ്ങളാണ് രാജ്യത്ത് നടന്നത്. ഒപ്പം 99600 വിവാഹ മോചനങ്ങളും രാജ്യത്ത് നടന്നു.
ഇതോടൊപ്പം തന്നെ 2020 ല്‍ രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച 1.29 ശതമാനം ഇടിയുകയും ചെയ്തു. ഇറാനിയന്‍ ജനസംഖ്യയിലെ പകുതിയേലെറൈയും 35 വയസ്സില്‍ താഴെയുള്ളവരാണെന്നിരിക്കെയാണ് ഇതെന്നും ശ്രദ്ധേയമാണ്.
ജനസംഖ്യാ ഇടിവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ അടുത്ത മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ വയോധിക രാജ്യങ്ങളിലൊന്നായി ഇറാന് മാറുമെന്ന് സര്‍ക്കാര്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് സാമ്പത്തിക സഹായവും ആനുകൂല്യവും നല്കുന്ന ബില്‍ ഇറാനിയന്‍ പാര്‍ലമെന്റില്‍ പാസായിട്ടുണ്ട്. എന്നാല്‍ ഇതിനു ഇതുവരെയും ഗാര്ഡിയന് കൗണ്‍സിലിന്‍രെ അനുമതി ലഭിച്ചിട്ടില്ല.
ഇറാനിയന്‍ ഭരണകൂടത്തിന് ഇസ്ലാമിക യാഥാസ്ഥിതിക സ്വഭാവമാണെങ്കിലും ഇറാനിയന്‍ യുവത്വം ഇക്കാലയളവിനുള്ളില്‍ വലിയ രീതിയില്‍ മാറുന്നുണ്ട്. കൂടുതല്‍ സ്വതന്ത്രപരമായ ജീവിlത്തിലേക്കാണ് ഇറാനിയന്‍ യുവത്വം താല്പര്യം കാണിക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു.