Top

റിപ്പോര്‍ട്ടുകളിലൂടെ സര്‍ക്കാരിനെതിരെ ജനരോഷമുയര്‍ത്തിവിട്ടെന്ന് ആരോപണം; ഇറാന്‍ ഭരണകൂടം മാധ്യമപ്രവര്‍ത്തകനെ തൂക്കിലേറ്റി

2017 ല്‍ റുഹൈല്ല തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇറാനില്‍ വലിയ സാമ്പത്തികപ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു

12 Dec 2020 3:09 AM GMT

റിപ്പോര്‍ട്ടുകളിലൂടെ സര്‍ക്കാരിനെതിരെ ജനരോഷമുയര്‍ത്തിവിട്ടെന്ന് ആരോപണം; ഇറാന്‍ ഭരണകൂടം മാധ്യമപ്രവര്‍ത്തകനെ തൂക്കിലേറ്റി
X

റിപ്പോര്‍ട്ടുകളിലൂടെ ഭരണകൂടത്തിനെതിരെ ജനരോഷമുയര്‍ത്തിവിട്ടെന്നാരോപിച്ച് ഇറാന്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പിലാക്കി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഭരണകൂടത്തിനെതിരെ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചുവെന്ന കുറ്റംചുമത്തി റുഹൊല്ല സാം എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഇറാന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയത്. ഇയാളെ സര്‍ക്കാര്‍ വധിച്ചതായി ഇറാന്‍ ഔദ്യോഗിക മാധ്യമമമായ ഐആര്‍എന്‍എ സ്ഥിരീകരിച്ചു.

ഭരണകൂടത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഇക്കഴിഞ്ഞ ജൂണ്‍മാസമാണ് റുഹൊല്ലയ്ക്ക് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ റുഹൊല്ല ശ്രമിച്ചെന്നും ചാരപ്രവൃത്തിയ്ക്ക് നേതൃത്വം നല്‍കിയെന്നും കോടതി വിധിച്ചിരുന്നു.

10 ലക്ഷത്തിലധികം ഫോളേവേഴ്‌സുള്ള അമദ് ന്യൂസ് എന്ന ടെലിഗ്രാം ചാനലിലൂടെയായിരുന്നു ഇയാള്‍ വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ റുഹൊല്ലയുടെ വിചാരണ വളരെയധികം അന്യായമായാണ് നടത്തപ്പെട്ടതെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍സ് കൂട്ടായ്മ പരാതിപ്പെട്ടിരുന്നു. നാട് വിട്ടശേഷം 2019ല്‍ റുഹല്ല വീണ്ടും പിടിക്കപ്പെടുകയായിരുന്നു.

2017 ല്‍ റുഹൈല്ല തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇറാനില്‍ വലിയ സാമ്പത്തികപ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റുഹെല്ല ഫ്രഞ്ച് ഇന്റലിജന്‍സിന്റെ ചാരനാണെന്നും രാജ്യത്തെ തകര്‍ക്കാനാണ് ഇയാളുടെ ശ്രമമെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

Next Story