Top

‘പിന്നില്‍ ഇറാന്‍-ഇന്ത്യ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍’; ഇസ്രായേല്‍ എംബസി ആക്രമണം നിഷേധിച്ച് ഇറാന്‍; പ്രതികരണം രണ്ട് മാസത്തിനു ശേഷം

ജനുവരി 29 ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ പ്രതികരണവുമായി ഇറാനിയന്‍ എംബസി. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം തെറ്റാണെന്നും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഡശ്രമമാണിതെന്നും ഇറാനിയന്‍ എംബസി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്‌ഫോടനം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സാണ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കേന്ദ്ര തീവ്രവാദ വിരുദ്ധ ഏജന്‍സികള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം. സംഭവം […]

8 March 2021 11:17 PM GMT

‘പിന്നില്‍ ഇറാന്‍-ഇന്ത്യ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍’; ഇസ്രായേല്‍ എംബസി ആക്രമണം നിഷേധിച്ച് ഇറാന്‍; പ്രതികരണം രണ്ട് മാസത്തിനു ശേഷം
X

ജനുവരി 29 ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ പ്രതികരണവുമായി ഇറാനിയന്‍ എംബസി. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം തെറ്റാണെന്നും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഡശ്രമമാണിതെന്നും ഇറാനിയന്‍ എംബസി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്‌ഫോടനം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് ഇറാന്റെ പ്രതികരണം.

ഇറാന്റെ ഖുദ്‌സ് ഫോഴ്‌സാണ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കേന്ദ്ര തീവ്രവാദ വിരുദ്ധ ഏജന്‍സികള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം. സംഭവം നടന്നതു മുതല്‍ തെളിവുകളൊന്നുമില്ലാതെ ഇറാനെതിരെ അന്യായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

നിരപരാധികളായ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന എല്ലാ ആക്രമണത്തെയും ഇറാന്‍ അപലപിക്കുമെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വളര്‍ന്നു കൊണ്ടിരിക്കെ എങ്ങനെയാണ് ഇത്തരമൊരു ആക്രമണം നടത്തുന്നത് ഇറാന് നേട്ടമുണ്ടാക്കുകയെന്ന് എംബസി ചോദിക്കുന്നു. ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ അസംതൃപ്തിയുള്ളവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സശയിക്കുന്നതായും പ്രസ്താവനയിലുണ്ട്.

ജനുവരി 29 നാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. എംബസി കെട്ടിടത്തിന് സമീപത്തെ നടപ്പാതയിലാണ് സ്‌ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റര്‍ ദൂരത്തായിരുന്നു സ്‌ഫോടനം. സ്ഫോടനസ്ഥലത്ത് നിന്നും ലഭിച്ച ചില കുറിപ്പുകളിലൂടെയാണ് ഇറാനിയന്‍ സംഘടനകളുടെ പങ്കിലേക്ക് അന്വേഷണം എത്തിയത്.

Next Story