അവരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്; ഫൈസര്‍ വാക്‌സിന്‍ ഓര്‍ഡറുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്‍ വിശ്വാസ്യ യോഗ്യമല്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇ. ഇതേതുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ ഇറാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. അമേരിക്കയില്‍ നിന്നും യുകെയില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെട്ട വാക്‌സിനുകള്‍ വിശ്വാസ്യ യോഗ്യമല്ലെന്നാണ് ഇറാന്‍ പരമോന്നത നേതാവ് പറയുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ശേഷം 150,000 ഡോസുകളുടെ ഓര്‍ഡറാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

‘ യുഎസ്, ബ്രിട്ടീഷ് വാക്‌സിനുകള്‍ വിലക്കപ്പെട്ടതാണ്. അവരെ ഒരു തരത്തിലും വിശ്വസിക്കാന്‍ പറ്റില്ല. മറ്റു രാജ്യങ്ങളെ മലിനപ്പെടുത്താന്‍ അവര്‍ ശ്രമിച്ചേക്കാം,’ ഖാംനൗ തെഹ്‌റാനില്‍ വെച്ച് നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

പ്രസംഗത്തില്‍ 1980 കളില്‍ ഫ്രാന്‍സില്‍ നിന്നും എച്ച് ഐവി അണുബാധയുള്ള രക്തം ഇറാനിലെത്തിയ സംഭവവും ഖാംനഇ പരാമര്‍ശിച്ചു.

‘ ഫ്രാന്‍സില്‍ നിന്നും എച്ച്‌ഐവി ബാധിത രക്തം രാജ്യത്ത് വിതരണം ചെയ്ത സംഭവം ഓര്‍മിക്കുമ്പോള്‍ ഫ്രഞ്ച് വാക്‌സിനും വിശ്വാസ്യ യോഗ്യമല്ല,’

80 കളില്‍ ഫ്രാന്‍സ് ദേശീയ രക്ത വിതരണ സെന്റര്‍ അറിഞ്ഞു കൊണ്ട് എച്ച്‌ഐവി അണുബാധയുള്ള രക്തം ഇറാനില്‍ എത്തിച്ചത് വന്‍ വിവാദമായിരുന്നു.

പശ്ചിമേഷ്യയില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. 1,27,514 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യത്ത് 56,018 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇറാനില്‍ വകഭേദം സംഭവിച്ച് കൊവിഡ് വാക്‌സിനും റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ ദേശീയ തലത്തില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിന്‍ ഇപ്പോള്‍ അവസാന ഘട്ട പരീക്ഷണത്തിലാണ്.

Latest News