ഫക്രിസാദെ വധം: ഇസ്രയേലിന്റെ 20 വര്‍ഷത്തെ ആസൂത്രണമെന്ന് ഇറാന്: റിമോട്ട് മെഷിന് ഗണ്‍ ഉപയോഗം സ്ഥിരീകരിച്ച് ടെഹ്റാന്
ടെഹ്റാന്: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷ ഉദ്യോഗസ്ഥന്. ആസൂത്രിത കൊലപാതകമാണ് നടന്നത്. റിമോര്‍ട്ട് നിയന്ത്രിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി പറഞ്ഞതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നില്‍ ഇസ്രയേലും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദുമാണെന്ന് സംശയമില്ലെന്നും ഷംഖാനി പറഞ്ഞു. ഫക്രിസാദെയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടാണ് ഷംഖാനി ഇക്കാര്യം വ്യക്തമാക്കിയത്. ”കഴിഞ്ഞ […]

ടെഹ്റാന്: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷ ഉദ്യോഗസ്ഥന്.
ആസൂത്രിത കൊലപാതകമാണ് നടന്നത്. റിമോര്‍ട്ട് നിയന്ത്രിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി പറഞ്ഞതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന് പിന്നില്‍ ഇസ്രയേലും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദുമാണെന്ന് സംശയമില്ലെന്നും ഷംഖാനി പറഞ്ഞു. ഫക്രിസാദെയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടാണ് ഷംഖാനി ഇക്കാര്യം വ്യക്തമാക്കിയത്.
”കഴിഞ്ഞ 20 വര്‍ഷമായി ഇസ്രയേലിന്റെ ആവശ്യമായിരുന്നു ഫക്രിസാദെയെ കൊല്ലുക എന്നത്. ഇത്തവണ അവര്‍ അത് കൃത്യമായ ആസൂത്രണത്തോടെ, പുതിയ മാര്‍ഗങ്ങളിലൂടെ നടപ്പാക്കുകയായിരുന്നു. അത് വിജയിക്കുകയും ചെയ്തു.”- അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മുജാഹിദ്ദീന്‍ ഇ ഖല്ക്ക് എന്ന ഇറാനിയന്‍ സംഘത്തിന്റെ പങ്കാളിത്തവും ഷംഖാനി സൂചിപ്പിക്കുന്നുണ്ട്. മുജാഹിദ്ദീന്‍ ഇ ഖല്‍ക്കിനെ ഭീകരവാദ സംഘമായാണ് ഇറാന് കണക്കാക്കുന്നത്.
അതേസമയം, വിദൂര നിയന്ത്രിത മെഷീന് ഗണ്‍ ആണ് കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്ന് ഇറാന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞദിവസമാണ് ഫക്രിസാദെ കൊല്ലപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാറിന് സമീപം ഒരു ട്രക്കില്‍ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചെന്നും തുടര്‍ന്ന് ഒരുസംഘമാളുകള്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് കൊലപാതകം സംബന്ധിച്ച് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
സ്ഥലത്ത് നിന്ന് ലഭിച്ച ആയുധത്തില്‍ ഇസ്രയേലി സേനാ വ്യവസായത്തിന്റെ അടയാളമുണ്ടെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഗ്രഹത്താല്‍ നിയന്ത്രിക്കപ്പെട്ട ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അറബിക് ചാനല്‍ അല്‍ ആലമും അര്‍ധ ഔദ്യോഗിക ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്റെ ‘അമാദ്’, ‘ഹോപ്’ പദ്ധതികളെ നയിച്ചിരുന്നത് ഫക്രിസാദെയായിരുന്നു. മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസാദെയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ട്.