“പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഇരയായി”; ആമിർ ഖാന്റെ മകളുടെ വെളിപ്പെടുത്തൽ

പതിനാലാം വയസ്സിൽ താൻ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നു ബോളിവുഡ് നടനും സംവിധായകനുമായ അമീർഖാന്റെ മകൾ ഐറ ഖാൻ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തനിക്കു നേരിടേണ്ടി വന്ന ദുരന്തത്തെക്കുറിച്ചു ഐറ തുറന്നടിച്ചത്. വിഷാദ രോഗത്തിന് അടിമയായിരുവെന്ന ഐറയുടെ വെളിപ്പെടുത്തൽ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലിലൂടെ വിഷാദ രോഗത്തിന് പിന്നിലെ കാരണം കൂടിയാണ് വ്യക്തമായിരിക്കുന്നത്.

“താരപുത്രിയായതു കൊണ്ട് തന്നെ തനിക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ പൊതു മധ്യത്തിലേയ്ക്ക് കൊണ്ടുവരാതെ സ്വയം പരിഹരിക്കണമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ അകാരണമായി ഞാൻ കരയുകയും ദീർഘ നേരം ഉറങ്ങാനും തുടങ്ങിയതോടെ വിഷാദത്തിന്റെ അവസ്ഥയിലേയ്ക്ക് എത്തിച്ചേർന്നതായി ബോധ്യപ്പെട്ടു. അതോടു കൂടി സുഹൃത്തുക്കളും ബന്ധുക്കളുമായി അകലം പാലിക്കാനും തുടങ്ങി. തന്റെ വൈകാരികമായ അവസ്ഥ ആരെയും ബാധിക്കാതിരിക്കുവാൻ വേണ്ടിയാണ് പ്രിയപ്പെട്ടവരുമായി അകന്നത് “. ഇങ്ങനെയൊക്കെയായിരുന്നു പത്തു മിനിറ്റ് നീണ്ടു നിന്ന ഐറയുടെ വീഡിയോയിലെ വെളിപ്പെടുത്തൽ.

മാതാപിതാക്കളുടെ വിവാഹമോചനമല്ല തന്റെ അവസ്ഥയ്ക്ക് കാരണമെന്നു ഐറ നേരത്തെ വ്യക്തമാക്കിയിരുന്നു . തന്റെ ചെറുപ്പത്തിലായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും എന്നാല്‍ അത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ലെന്നും ഐറ പറഞ്ഞിരുന്നു. അവര്‍ ഇപ്പോഴും തന്റെയും സഹോദരന്‍ ജുനൈദിന്റെയും അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങളുടേത് ഒരര്‍ത്ഥത്തിലും തകര്‍ന്ന കുടുംബമല്ലെന്നും ഐറ വെളിപ്പെടുത്തിയിരുന്നു.

ഐറയുടെ വിഷാദരോഗത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ ആമിർ ഖാന്റെ കുടുംബം തകർച്ചയുടെ വക്കിലാണെന്ന ആരോപണവുമായി നടി കങ്കണ റണൗത് രംഗത്ത് വന്നിരുന്നു.

Latest News