Top

ഒരോവറില്‍ 37 റണ്‍സ്! ഹര്‍ഷല്‍ പട്ടേലിനെ തൂക്കിയടിച്ചു ജഡ്ഡു; ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍

അഞ്ചു സിക്‌സറുകളും ഒരു ഫോറുമടക്കം ഒരോവറില്‍ 37 റണ്‍സ്! അവസാന ഓവറില്‍ രവീന്ദ്ര ജഡേജ കത്തിക്കയറിയപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ചെന്നൈ-ബാംഗ്ലൂര്‍ സൂപ്പര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. 19-ാം ഓവര്‍ അവസാനിക്കുമ്പോള്‍ നാലിന് 154 എന്ന നിലയിലായിരുന്നു ചെന്നൈയെ അവസാന ഓവറില്‍ ആഞ്ഞടിച്ച ജഡേജയുടെ ബാറ്റിങ് മികവാണ് കൂറ്റന്‍ […]

25 April 2021 6:50 AM GMT

ഒരോവറില്‍ 37 റണ്‍സ്! ഹര്‍ഷല്‍ പട്ടേലിനെ തൂക്കിയടിച്ചു ജഡ്ഡു; ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍
X

അഞ്ചു സിക്‌സറുകളും ഒരു ഫോറുമടക്കം ഒരോവറില്‍ 37 റണ്‍സ്! അവസാന ഓവറില്‍ രവീന്ദ്ര ജഡേജ കത്തിക്കയറിയപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ചെന്നൈ-ബാംഗ്ലൂര്‍ സൂപ്പര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

19-ാം ഓവര്‍ അവസാനിക്കുമ്പോള്‍ നാലിന് 154 എന്ന നിലയിലായിരുന്നു ചെന്നൈയെ അവസാന ഓവറില്‍ ആഞ്ഞടിച്ച ജഡേജയുടെ ബാറ്റിങ് മികവാണ് കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 37 റണ്‍സാണ് ജഡേജ അടിച്ചു കൂട്ടിയത്. ആദ്യ രണ്ടു പന്തും സിക്‌സറിനു തൂക്കിയ ജഡേജയുടെ ആക്രമണത്തില്‍ പതറിയ പട്ടേല്‍ മൂന്നാം പന്ത് നോബോള്‍ എറിഞ്ഞു. അതും അതിനു പിഴയായി കിട്ടിയ ഫ്രീഹിറ്റും ഗാലറിയില്‍ എത്തിച്ച ജഡ്ഡു നാലാം പന്തില്‍ രണ്ടു റണ്‍സും അഞ്ചാം പന്തില്‍ വീണ്ടും സിക്‌സറും നേടി. അവസാന പന്തില്‍ ബൗണ്ടറി കൂടിപിറന്നതോടെ ചെന്നൈയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാമെന്ന ബാംഗ്ലൂര്‍ മോഹം പൊലിഞ്ഞു.

28 പന്തില്‍ നിന്ന് 62 റണ്‍സുമായാണ് ജഡേജ ചെന്നൈയുടെ രക്ഷകനായത്. ഇതില്‍ അഞ്ചു സിക്‌സറുകളും നാലു ബൗണ്ടറികളും ഉള്‍പ്പെടും. മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി നായകന്‍ ധോണിയായിരുന്നു ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ജഡേജയ്ക്കു കൂട്ട്.

നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലീസിസും റുതുരാജ് ഗെയ്ക്ക്വാദും ചേര്‍ന്ന് അവര്‍ക്കു മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഒമ്പതോവറില്‍ 71 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ ഇരുവരെയും പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തിലേക്കു തിരിച്ചെത്തി.

ഫാഫ് 41 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 33 റണ്‍സായിരുന്നു ഗെയ്ക്ക്വാദിന്റെ സമ്പാദ്യം. മൂന്നാമനായി എത്തിയ സുരേഷ് റെയ്‌ന 18 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്‌സറുകളും സഹിതം 24 റണ്‍സ് നേടി നന്നായി തുടങ്ങിയെങ്കിലും ഏറെനേരം പിടിച്ചു നില്‍ക്കാനായില്ല.

ഏഴു പന്തില്‍ 14 റണ്‍സ് എടുത്ത അമ്പാട്ടി റായിഡുവും പിടിച്ചു നില്‍ക്കാനാകാതെ മടങ്ങി. മധ്യഓവറുകളില്‍ റണ്‍റ്റേ് കുത്തനെ ഇടിഞ്ഞതോടെ ചെന്നൈ 17.3 ഓവറില്‍ നാലിന് 142 റണ്‍സ് എന്ന നിലയിലായി. ഇവിടെ നിന്നാണ് ജഡേജ ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റിയത്.

ഇരു ടീമുകളും രണ്ടു വീതം മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. ചെന്നൈ നിരയില്‍ പരുക്കേറ്റ സ്പിന്നര്‍ മൊയീന്‍ അലിക്കു പകരം ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും പേസര്‍ ലുങ്കി എന്‍ഗിഡിക്കു പകരം സ്പിന്നര്‍ ഇമ്രാന്‍ താഹിറും ഇടംപിടിച്ചു. ബാംഗ്ലൂര്‍ നിരയില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണു പകരം ഡാന്‍ ക്രിസ്റ്റിയനും ഷഹ്ബാസ് അഹമ്മദിനു പകരം നവ്ദീപ് സൈനിയുമാണ് ആദ്യ ഇലവനില്‍ എത്തിയത്.

Next Story

Popular Stories