ആറ് ഫൈനലുകള്‍, ആറ് കീരീടം, കലാശപോരാട്ടത്തില്‍ രോഹിത് എന്ന വന്മരം ഇതുവരെ വീണിട്ടില്ല

രോഹിത് ശര്‍മ, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാള്‍. ഐപിഎല്‍ ഫൈനലുകളില്‍ മറ്റ് ഏത് താരത്തിനേക്കാളും പരിചയ സമ്പത്തുള്ളവന്. കളിച്ച ആറ് ഫൈനലുകളുടെ അവസാനവും രോഹിതിന് നിരാശപ്പെടേണ്ടി വന്നിട്ടില്ല.
2009 ഐപിഎല്ലില്‍ ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേര്‍സിന്റെ തുറുപ്പ് ചീട്ടായിരുന്നു രോഹിത്. കാലാശപോരാട്ടത്തില് റോയല്‍ ചലഞ്ചേര്‍സ് ബെംഗളുരുനെതിരെ ഓപ്പണിംഗിന് ഇറങ്ങിയ രോഹിത് നേടിയത് 23 പന്തില്‍ 24 റണ്‍സ്. ഡെക്കാന്‍ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യത്തിന് ആറ് റണ്‍സ് അകലെ ബാംഗ്ലൂര്‍ വീണു. സീസണില്‍ 362 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് ഒരു ഹാട്രിക്ക് അടക്കം 11 വിക്കറ്റുകളും സ്വന്തമാക്കി.

ആദ്യ മൂന്ന് സീസണുകളിലെ മികച്ച പ്രകടനം 2011ല്‍ രോഹിതിനെ മുംബൈ ഇന്ത്യന്‍സില്‍ എത്തിച്ചു. ക്രിക്കറ്റ് ദൈവമുണ്ടായിട്ടും കിരീടം കിട്ടാക്കനിയായിരുന്നു നീലപ്പടക്ക്. 2013ല്‍ നായസ്ഥാനം രോഹിത്തിന്റെ കൈകളില്‍ എത്തിയതോടെ 2010 ഫൈനലില്‍ ചെന്നൈയോട് അടിയറവ് പറഞ്ഞ മുംബൈ ആ വര്‍ഷം തന്നെ പകരം വീട്ടി. സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം ആദ്യമായി കപ്പ് ഉയര്‍ത്തി. ബാറ്റ്സ്മാന് എന്ന നിലയില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച സീസണായിരുന്നും 2013. 538 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

പിന്നീട് ഐപിഎല്‍ കണ്ടത് രോഹിത് എന്ന നായകന്റെ വളര്‍ച്ചയായിരുന്നു. 2014ല്‍ പ്ലെ ഓഫ് വരെ എത്തിയെങ്കിലും എലിമിനേറ്ററില്‍ പുറത്തായി. 2015ല്‍ വന്‍ തിരിച്ചുവരാവാണ് രോഹിത്തും സംഘവും നടത്തിയത്. ലീഗില്‍ രണ്ടാം സ്ഥാനം നേടി. ഒരിക്കല്‍കൂടി ചെന്നൈയെ ഫൈനലില്‍ നേരിട്ടപ്പോള്‍ 26 പന്തില്‍ 50 റണ്‍സ് എടുത്ത് മുന്നില്‍ നിന്ന് നയിച്ചതും രോഹിത്തായിരുന്നു. മുംബൈ ഉയര്‍ത്തിയ 202 എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞില്ല.

2017ല്‍ മുംബൈ കിരീടം ചൂടിയത് റൈസിംഗ് പൂനൈ സൂപ്പര്‍ജയന്റ്സിനെ കേവലം ഒരു റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു. ബാറ്റ് കൊണ്ട് സീസണില്‍ കാര്യമായ സംഭാവന നല്കാനായില്ലെങ്കിലും നായകന് എന്ന നിലയില്‍ ഹിറ്റ്മാന്റെ പ്രകടനം വാഴ്ത്തപ്പെട്ടു. തന്റെ നാലാം കിരീടം ഹൈദരാബാദില്‍ നിന്ന് രോഹിത് മടങ്ങി.

2019ല്‍ ചിരവൈരികളായ ചെന്നൈയെ മൂന്നാം തവണയും കലാശപ്പോരാട്ടത്തില്‍ മുംബൈ നേരിട്ടു. കിരീടം നിലനിര്‍ത്താന്‍ എത്തിയ ധോണിപ്പടക്ക് മുംബൈയെ 149 എന്ന ശരാശരി സ്കോറില്‍ ഒതുക്കാന്‍ സാധിച്ചെങ്കിലും ജയം പിടിച്ചെടുക്കാനായില്ല. മറ്റൊരു ഫൈനല്‍ കൂടി മുംബൈ ഒരു റണ്‍സിന് സ്വന്തമാക്കി. ടീമെന്ന നിലയില്‍ മുംബൈയും നായകനെന്ന നിലയില്‍ രോഹിത്തും അന്ന് ചരിത്രം കുറിച്ചു.
മഹാമാരിയുടെ പിടിയില്‍ നിന്നും ഐപിഎല്‍ മോചനം നേടിയപ്പോളും അവസാനത്തെ ചിരി ഹിറ്റ്മാനൊപ്പം തന്നെ. ഫൈനല്‍ കളിച്ച് ശീലമായ മുംബൈയുടെ എക്കാലത്തെയും മികച്ച ടീമിനെ മറികടക്കാന്‍ ഡെല്‍ഹിയുടെ യുവനിരക്കായില്ല. മോശം ഫോം, പരുക്ക്, എല്ലാം കൊണ്ടും വിമര്‍ശനം നേരിടേണ്ടി വന്ന രോഹിത് നിര്‍ണായക മത്സരത്തില്‍ എന്ത് കൊണ്ട് താന്‍ മികച്ചതെന്ന് തെളിയിച്ചു. 51 പന്തില്‍ അഞ്ച് ഫോറും നാല് സിക്സുമടക്കം നേടിയത് 68 റണ്‍സ്. ആറ് കീരിടങ്ങള്‍.