Top

'യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം': സെലന്‍സ്‌കി

ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തെ അര്‍ത്ഥമാക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി

20 March 2022 7:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം: സെലന്‍സ്‌കി
X

കീവ്: യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. പുടിനുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. സിഎന്‍എന്‍ വാര്‍ത്താ ചാനലില്‍ ഫരീദ് സക്കറിയയോട് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

'ഈ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി. പുടിനുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണ്' സെലന്‍സ്‌കി പറഞ്ഞു.

അതേസമയം ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തെ അര്‍ത്ഥമാക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ അധിനിവേശം നാലാമത്തെ ആഴ്ചയിലാണ്. നിരവധിപ്പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യം ഞങ്ങളെ ഉന്മൂലനം ചെയ്യാന്‍ വന്നിരിക്കുകയാണ്. സമാധാന ചര്‍ച്ചകളില്ലാതെ നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നുവെന്നും സെലന്‍സ്‌കി വിശദീകരിച്ചു.

മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രമായ സ്‌കൂളില്‍ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 400 ഓളം പേര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂള്‍ മുഴുവനായും ആക്രമണത്തില്‍ തകര്‍ന്നു. സമാധാന ചര്‍ച്ച നടന്നില്ലെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആഗോള യുദ്ധത്തിലേക്ക് വളരുമെന്നും സെലന്‍സ്‌കി ആവര്‍ത്തിച്ചു.

STORY HIGHLIGHTS: zelensky says negotiation is the only way to end the war

Next Story