Top

'ആ രോ​ഗാണുക്കളെ നശിപ്പിക്കൂ, ഇല്ലെങ്കിൽ അപകടം'; യുദ്ധത്തിനിടെ യുക്രെയ്ൻ ലാബുകളോട് ലോകാരോ​ഗ്യ സംഘടന

11 March 2022 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ രോ​ഗാണുക്കളെ നശിപ്പിക്കൂ, ഇല്ലെങ്കിൽ അപകടം; യുദ്ധത്തിനിടെ യുക്രെയ്ൻ ലാബുകളോട് ലോകാരോ​ഗ്യ സംഘടന
X

റഷ്യൻ സൈനികാക്രമണം കനത്തിരിക്കെ യുക്രെയ്നോട് രാജ്യത്തെ ലാബുകളിലെ അപകടകാരികളായ രോ​ഗാണുക്കളുടെ സാമ്പിളുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോ​ഗ്യ സംഘടന. റഷ്യൻ ആക്രമണത്തിൽ ലാബുകൾ തകർന്ന് രോ​ഗാണുക്കൾ പടർന്നാൽ ലോകത്ത് മഹാമാരികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമാെരു നിർദ്ദേശം. രാജ്യത്തെ ലാബുകളിൽ ശാസ്ത്ര പഠനങ്ങളുടെ ഭാ​ഗമായി വിവിധ തരത്തിലുള്ള രോ​ഗാണുക്കളുടെ മേൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

റഷ്യൻ ആക്രമണത്തിൽ ലാബുകൾ തകർന്നാൽ അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന രോ​ഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാനിടയാവും. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബയോ സെക്യൂരിറ്റി വിദ​ഗദ്ധർ രം​ഗത്ത് വന്നിരുന്നു. മറ്റ് പല രാജ്യങ്ങളിലും ഇത്തരം ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ഉൾപ്പെടെയുള്ള വൈറസ് രോ​ഗങ്ങളുടെ ഭീഷണി എങ്ങനെ ലഘൂകരിക്കാമെന്നാണ് ഇത്തരം ലാബുകളിൽ നടക്കുന്ന പഠനം. യുക്രെ്യനിലെ ലാബുകൾക്ക് അമേരിക്കയുടെയും ലോകാരോ​ഗ്യ സംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും പിന്തുണയുണ്ട്.

എന്നാൽ യുദ്ധ പശ്ചാത്തലത്തിൽ അതീവ അപകടകാരികളായ വൈറസുകൾ പുറത്തേക്ക് വ്യാപിക്കാനിടയുള്ളതിനാലാണ് ഇവയെ ലാബിൽ വെച്ച് നശിപ്പിക്കാൻ ലോകാരോ​ഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ചോദ്യത്തിനാണ് ഇത്തരമാെരു നിർദ്ദേശം നൽകിയതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയത്. പക്ഷെ എപ്പോഴാണ് ഈ നിർദ്ദേശം നൽകിയത്, ലാബുകളിൽ ഉള്ള അപകടകാരികളായ രോ​ഗാണുക്കൾ എന്നീ വിവരങ്ങളൊന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല.

അതേസമയം യുക്രെ്യനിലെ ലാബുകൾ സംബന്ധിച്ച് റഷ്യ പല കോൺസ്പിരൻസി തിയറികളും പ്രചരിപ്പിക്കുന്നുണ്ട്. യുഎസിന്റെ പിന്തുണയോടെ യുക്രെയ്ൻ ലാബുകളിൽ ബയോ വെപ്പണുകൾ തയ്യാറാക്കുന്നുണ്ടെന്നും രാസായുധ ആക്രമണത്തിന് കോപ്പ് കൂട്ടുന്നുമുണ്ടെന്നാണ് റഷ്യയുടെ പ്രചരണം.

റഷ്യൻ സൈന്യത്തിന് യുക്രെയ്നിൽ നിന്നും ലഭിച്ച രേഖകളിൽ യുഎസും യുക്രെയ്നും സംയുക്തമായി നടത്തുന്ന മിലിട്ടറി ബയോളജിക്കൽ പ്രോ​​ഗ്രാമുകളെ പറ്റി വ്യക്തമായെന്നും ലാബുകളിലെ സാമ്പിളുകൾ നശിപ്പിച്ച് ഈ വിവരം പുറം ലോകമറിയാതിരിക്കാൻ ശ്രമം നടന്നതായും റഷ്യൻ വിദേശകാര്യ മന്ത്രി ആരോപിച്ചു. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുക്രെയ്നും യുഎസും ഈ വാദങ്ങളെ തള്ളിക്കളയുകയും ചെയ്തു. അതേസമയം ചൈനീസ് മാധ്യമങ്ങളിൽ ഇത്തരം കോൺപിരൻസി തിയറികൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

story highlight: who tells Ukraine to destroy pathogens in health labs in case they are bombed

Next Story