Top

ദുരന്തനായകനാകുമോ സെലന്‍സ്‌കി?

വൊളോഡിമിര്‍ സെലന്‍സ്കി വൊളോഡിമിര്‍ പുടിന്‍ വൈരുദ്ധ്യം കാണുന്ന ലോകജനതക്ക്, ഉക്രെയ്‌നിന്‍-റഷ്യ യുദ്ധം എന്താകുമെന്ന് ഇപ്പോഴും ഒരു ഉറപ്പുമില്ല..പക്ഷെ ലോകമനസില്‍ ഒരു വിഭാഗം സെലന്‍സ്‌കിക്ക് ഒപ്പമാണ്.

4 March 2022 11:52 AM GMT
നിഷ അജിത്ത്

ദുരന്തനായകനാകുമോ സെലന്‍സ്‌കി?
X

'ലോകത്തിന്റെ ഭരണാധികാരി', എന്നര്‍ത്ഥം തരുന്ന 'വോളോഡിമിര്‍' എന്ന ഫസ്റ്റ് നെയിം ലെനിനിലൂടെയാണ് ലോകം അധികം കേട്ടിട്ടുണ്ടാവുക. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പേരിനൊപ്പവും വോളോഡിമിറുണ്ട്. നിലവിലെ യുദ്ധ സാഹചര്യത്തിന്റെ ചരിത്രവും, രാഷ്ട്രീയവും ഏതാണ്ട് എല്ലാവര്‍ക്കും ഇതിനകം മനസിലായി കാണും. രാജ്യം വന്‍സൈനിക അധിനിവേശത്തിന്‍ കീഴിലായിരിക്കുമ്പോഴും ആത്മവിശ്വാസം കൈവിടാതെ യുക്രെയ്ന്‍ ജനതയെ മുന്നില്‍ നിന്ന് നയിക്കുന്ന വോളോഡിമിര്‍ സെലന്‍സ്‌കി ആരാണെന്ന് ഒന്നറിയാന്‍ ശ്രമിക്കാം.

1978 ജനുവരി 25ന് തെക്കന്‍ യുക്രെയ്‌നിലെ ക്രിവി റിയിലെ ഒരു ജൂത കുടുംബത്തിലാണ് വോളോഡിമിര്‍ സെലന്‍സ്‌കി ജനിച്ചത്. 2019ല്‍ ഉക്രെയ്‌നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും മുന്‍പ് സെലന്‍സ്‌കി ഒരു നടന്‍, കൊമേഡിയന്‍, പെര്‍ഫോര്‍മര്‍ ഒക്കെ ആയിരുന്നു. രാഷ്ട്രീയത്തില്‍ തീരെ തുടക്കക്കാരനായിട്ടും ഒരു രാജ്യത്തിന്റെ പ്രസിഡന്റ് എന്ന പദവിയിലേക്ക് അയാള്‍ വളര്‍ന്ന കഥ രസകരമാണ്.

സെലന്‍സ്‌കിയുടെ ബാല്യത്തിന്റെ ആദ്യ നാല് വര്‍ഷം അയാള്‍ സ്വകുടുംബത്തോടൊപ്പം മംഗോളിയയിലെ ഏര്‍ഡിനെറ്റിലായിരുന്നു. എന്നാല്‍ സെലിന്‍സ്‌കിയുടെ വിദ്യാഭ്യാസകാലം തുടങ്ങുമ്പോഴേക്കും അവര്‍ വീണ്ടും ക്രിവി റിയിലേക്ക് തിരികെയെത്തിയിരുന്നു. അക്കാലത്തെ മറ്റു പലരെയും പോലെ ഒരു റഷ്യന്‍ തനിമയിലാണ് അയാളും വളര്‍ന്നതെങ്കിലും, പതിയെ ഉക്രേനിയന്‍ ഇംഗ്ലീഷ് ഭാഷകളിലും സെലെന്‍സ്‌കി പ്രാവീണ്യം നേടി. ഒപ്പം തന്നെ നാടകരംഗത്തും അയാള്‍ സജീവമാകാന്‍ തുടങ്ങി. അപ്പോഴും 1995ല്‍ കൈവ് നാഷണല്‍ ഇക്കണോമിക് യൂണിവേഴ്‌സിറ്റിയില്‍ നിയമപഠനമാരംഭിച്ചു 2000ല്‍ അയാള്‍ നിയമ ബിരുദവും നേടി.

ഇതോടെ സെലന്‍സ്‌കിക്ക് നിയമപരിശീലനം തുടങ്ങാമായിരുന്നു. പക്ഷെ അയാളുടെ ഒരു തൊഴിലിടം ഇതിനകം മറ്റൊരു ദിശയിലേക്ക് മാറിത്തുടങ്ങി. കാരണം മറ്റൊന്നുമായിരുന്നില്ല. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ നാടകത്തോടുണ്ടായ ആ അഭിനിവേശമായിരുന്നു അത്. തിരക്കഥ, നൃത്തം, അഭിനയം, ഡബ്ബിങ് ഒക്കെ അനായാസം വഴങ്ങുന്ന സെലന്‍സ്‌കിക്ക്, അക്കാലം സിനിമയായിരുന്നു പ്രധാന ഫോക്കസ്.

ഇക്കാലയളവില്‍ തന്നെ സെലന്‍സ്‌കിക്ക് ക്വാര്‍ട്ടല്‍ 95 എന്നൊരു പെര്‍ഫോമന്‍സ് ഗ്രൂപ്പുണ്ടായിരുന്നു. 1997ല്‍ ക്വാര്‍ട്ടല്‍ 95 എന്ന ഈ ഗ്രൂപ്പ്, വളരെ ജനപ്രീതിയാര്ജിച്ച കെവിഎന്‍ ഷോയുടെ ( 'ക്ലബ്ബ് ഓഫ് ദ ഫണ്ണി ആന്‍ഡ് ഇന്‍വെന്റീവ്' എന്ന് പൂര്‍ണ്ണ രൂപം) ഫൈനലില്‍ കയറുന്നു. ഇതിന്റെയൊരു പ്രാധാന്യം എന്താണെന്നു വെച്ചാല്‍ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്‌റ്റേറ്റ്‌സില്‍ അതായത് അര്‍മേനിയ, അസര്‍ബെയ്ജാന്‍, ബെലാറൂസ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മോള്‍ഡേവിയ, ഉസ്‌ബെക്കിസ്ഥാന്‍, റഷ്യ, താജികിസ്ഥാന്‍, ടര്‍ക്‌മെനിസ്ഥാന്‍, യുക്രെയ്ന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. 2003 വരെ ഈ പ്രോഗ്രാമില്‍ സെലന്‍സ്‌കി സ്ഥിരമായി ഉണ്ടായിരുന്നു. ഈ വേദിയിലൂടെയാണ് ക്വാര്‍ട്ടല്‍ 95 എന്ന ഗ്രൂപ്പ് ജനമനസ്സുകളില്‍ സ്ഥിരപ്പെടുന്നത്. സെലന്‍സ്‌കി ചിരപരിചിതനും ജനകീയനുമായി മാറുന്നതും.

ആ വര്‍ഷം തന്നെ അതായത് 2003ല്‍, സെലന്‍സ്‌കി സ്റ്റുഡിയോ ക്വാര്‍ട്ടല്‍ 95 എന്നു പേരുള്ള പ്രൊഡക്ഷന്‍ കമ്പനിയുടെ സഹസ്ഥാപകനായും മാറി. യുക്രെയ്‌നില്‍ ഏറ്റവും പ്രസിദ്ധവും ഒന്നാമതുമായ എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോ ആയി അത് വളര്‍ന്നു. 2003 മുതല്‍ 2011 വരെ, സ്റ്റുഡിയോ ക്വാര്‍ട്ടല്‍ 95ന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി സെലന്‍സ്‌കി തുടര്‍ന്നു. പിന്നീട് യുക്രെയ്‌നിയന്‍ ടെലിവിഷന്‍ ചാനലായ ഇന്റര്‍ ടിവി, തങ്ങളുടെ ജനറല്‍ പ്രൊഡ്യൂസര്‍ സ്ഥാനത്തേക്ക് സെലന്‍സ്‌കിയെ നിര്‍ദേശിച്ചു.

എന്നാല്‍ 2012ടെ ഇന്റര്‍ ടിവി വിട്ട സെലന്‍സ്‌കി, ആ വര്‍ഷം ഒക്ടോബറില്‍ തന്നെ സ്റ്റുഡിയോ ക്വാര്‍ട്ടല്‍ 95 ഉം ഉക്രേനിയന്‍ നെറ്റ്‌വര്‍ക്ക് 1+1മായി ഒരു സംയുക്ത നിര്‍മ്മാണ കരാര്‍ ഉറപ്പിച്ചു.1+1 എന്ന ആ ഉക്രേനിയന്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥന്‍ ഉക്രെയ്‌നിലെ ഏറ്റവും ധനികരായ ആളുകളില്‍ ഒരാളായ ഇഹോര്‍ കൊളോമോയിസ്‌കി ആയിരുന്നു. തീര്‍ച്ചയായും സെലന്‍സ്‌കിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം പിന്നീട് ഉണ്ടായപ്പോള്‍ ഈ ബന്ധം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാവുകയും, സെലന്‍സ്‌കിയെ ശതകോടീശ്വരന്റെ കൈയിലെ കളിപ്പാവയെന്ന് മുദ്രകുത്തി വിമര്‍ശിക്കുകയും ചെയ്തു എന്നത് ഈ കഥയിലെ രസകരമായ മറ്റൊരു ഏടാണ്, അത് വേറൊരു അവസരത്തില്‍ പറയാം.

ഈ കാലയളവില്‍ ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്നതിനു പുറമേ, ചരിത്രത്തെ പരിഹസിച്ച സെവര്‍സ്‌കി വേഴ്‌സസ് നപ്പോളിയന്‍ (2012)എന്ന ചിത്രത്തിലും, റൊമാന്റിക് കോമഡികളായ 8 ഫസ്റ്റ് ഡേറ്റ്‌സ് (2012), 8 ന്യൂ ഡേറ്റ്‌സ് (2015) എന്നിവയുള്‍പ്പെടെയുള്ള നിരവധി ഫീച്ചര്‍ ഫിലിമുകളിലും സെലന്‍സ്‌കി പ്രത്യക്ഷപ്പെട്ടു. ജനകീയമായ ഇത്തരം വേദികളിലൂടെ തന്റെ സാമൂഹ്യ ഇടപെടലുകളും, സാന്നിധ്യവും നിരന്തരമായി അറിയിച്ചു കൊണ്ടിരുന്നു സെലന്‍സ്‌കി. അറിഞ്ഞോ അറിയാതെയോ സെലന്‍സ്‌കിയുടെ ജനസ്വാധീനതയും വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

2013ല്‍ ക്വാര്‍ട്ടല്‍ 95ന്റെ കലാസംവിധായകനായി വീണ്ടും സെലന്‍സ്‌കി എത്തുകയുണ്ടായി. എന്നാല്‍ ഉക്രെയ്‌നിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുമായി അദ്ദേഹത്തിന്റെ കലാജീവിതത്തിന് ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഏറ്റുമുട്ടേണ്ടി വരികയായിരുന്നു എന്ന് വിശേഷിപ്പിക്കേണ്ടി വരും. കാരണം 2014 ഫെബ്രുവരിയില്‍, മാസങ്ങളോളം നീണ്ട ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അപ്പോഴത്തെ ഉക്രേനിയന്‍ പ്രെസിഡന്റ് വിക്ടര്‍ യാനുകോവിച്ചിന്റെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു.

പിന്നാലെ മെയ് മാസത്തില്‍ ശതകോടീശ്വരനായ പെട്രോ പൊറോഷെങ്കോ ഉക്രെയ്‌നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കിഴക്കന്‍ ഉക്രെയ്‌നില്‍ റഷ്യന്‍ പിന്തുണയോടെയുള്ള കലാപം രൂക്ഷമായ സമയമായിരുന്നു അത്. കൂടാതെ കടുത്ത അഴിമതി മൂലം സര്‍ക്കാരിന്‍ മേലുള്ള ജനങ്ങളുടെ വിശ്വാസവും നഷ്ടമാവുകയായിരുന്നു. ഈ സമയത്താണ് 2015 ഒക്ടോബറില്‍ 'സെര്‍വന്റ് ഓഫ് ദി പീപ്പിള്‍' എന്നൊരു ആക്ഷേപഹാസ്യ സ്വഭാവമുള്ള സീരീസ് 1+1ല്‍ പ്രീമിയര്‍ ചെയ്യുന്നത്.

സ്റ്റുഡിയോ ക്വാര്‍ട്ടല്‍ 95 നിര്‍മ്മിച്ചു വന്‍ വിജയം നേടിയ ഈ സീരിസില്‍, വാസിലി ഗൊലോബോ റോഡ്‌കോ എന്ന ഹിസ്റ്ററി ടീച്ചറുടെ ലീഡ് റോള്‍ സെലന്‍സ്‌കി ചെയ്യുന്നു. ക്ലാസ്‌റൂമില്‍ വെച്ചു ഈ അധ്യാപകന്‍ നടത്തുന്ന ഒരു അഴിമതിവിരുദ്ധ പ്രസംഗം ഒരു വിദ്യാര്‍ത്ഥി ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയും ആ വീഡിയോ വൈറലാകുന്നതും അതിലൂടെ അപ്രതീക്ഷിതമായി ഉക്രെയ്‌നിന്റെ പ്രസിഡന്റായി അയാള്‍ തിരഞ്ഞെടുക്കപ്പെടുന്നതുമായിരുന്നു ആ സീരിസിന്റെ ഇതിവൃത്തം.

വന്‍ ഹിറ്റായിരുന്ന ഈ സീരിസിന്റെ 'റീല്‍-റിയല്‍' സാധ്യത മുന്നില്‍ കണ്ടുകൊണ്ട് , 2018ല്‍ ക്വാര്‍ട്ടല്‍ 95 ഉക്രെയ്‌നില്‍ 'സെര്‍വന്റ് ഓഫ് ദി പീപ്പിള്‍' എന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. 2018 ഡിസംബര്‍ 31ന് 1+1ലൂടെ തന്റെ പ്രെസിഡെന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വവും സെലിന്‍സ്‌കി പ്രഖ്യാപിച്ചു. കൂടെ ഇഹോര്‍ കൊളോമോയിസ്‌കി എന്ന വമ്പനുമായുള്ള ചങ്ങാത്തവും ബന്ധങ്ങളും അയാള്‍ കഴിയുന്നത്ര കുറച്ചു..അകറ്റി. അങ്ങനെ കാര്യങ്ങള്‍ നീങ്ങവേ ഒരു ഭാഗത്തു ഉക്രേനിയന്‍ സമ്പദ്‌വ്യവസ്ഥ സ്തംഭിക്കുകയും പൊറോഷെങ്കോയുടെ ജനസമ്മിതി ഗണ്യമായി കുറയാനും തുടങ്ങി. അതോടെ 2019ലെ തെരഞ്ഞെടുപ്പ് സെലന്‍സ്‌കിക്ക് അനുകൂലമായി വരുന്ന സാഹചര്യത്തിലേക്ക് മാറി. മൂന്ന് ഡസനിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനുണ്ടായിരുന്ന ഈ തെരഞ്ഞെടുപ്പില്‍ സെലന്‍സ്‌കിക്ക് ആദ്യം മുതലേ വ്യക്തമായ ആധിപത്യം പുലര്‍ത്താനായി എന്നതാണ് ഇതില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വസ്തുത.

കൊളോമോയ്‌സ്‌കിയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സെലന്‍സ്‌കി സ്വീകരിച്ച നടപടികളും, പുതിയ പ്രചാരണ തന്ത്രങ്ങളും അയാളുടെ നീക്കങ്ങള്‍ കൂടുതല്‍ ലളിതമാക്കി. സ്ഥിരം പ്രചാരണ ശൈലികള്‍ക്കു പുറമെ പോകാതെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും കുഞ്ഞന്‍ പ്രസംഗങ്ങളും തന്റെ 'പതിവുകളെ' ജനതയോട് മടുപ്പില്ലാതെ പങ്കുവെക്കും പോലെ പോസ്റ്റ് ചെയ്യാനും സെലന്‍സ്‌കി തുടങ്ങി. സെലന്‍സ്‌കിയുടെ 'അഴിമതി വിരുദ്ധ' ഇമേജും സമൂഹ മാധ്യമങ്ങളിലെ വ്യാപക പിന്തുണയും അയാളുടെ ഓണ്‍ലൈന്‍ ഫോളോവേഴ്‌സും ശക്തമായൊരു തെരഞ്ഞെടുപ്പ് അടിത്തറയായി പരിണമിക്കുകയായിരുന്നു. അങ്ങനെ 2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പെട്രോ പൊറോഷെങ്കോയ്‌ക്കെതിരെ നേരിയ സംശയത്തിനു പോലുമിട നല്‍കാതെ സെലന്‍സ്‌കി വന്‍ വിജയം നേടി.

ഏപ്രില്‍ 21നു നടന്ന ഫലപ്രഖ്യാപനത്തിലൂടെ വോട്ടു രേഖപെടുത്തിയ 73 % ജനത്തിന്റെയും പിന്തുണയോടെ സെലന്‍സ്‌കി വിജയിച്ചതായി ലോകജനത തിരിച്ചറിഞ്ഞു. 4.5 കോടി ജനസംഖ്യയുള്ള ഉക്രെയ്‌നിന്റെ നായകനായി അവരോധിതനാകുമ്പോഴും ആദ്യം കാത്തിരുന്ന പ്രശ്‌നങ്ങളിലൊന്ന് റഷ്യയുമായി ബന്ധപ്പെട്ടതായിരുന്നു. റഷ്യയുടെ നിശബ്ദമായ അനുഗ്രഹാശിസ്സുകളുടെ ബലത്തില്‍ , കിഴക്കന്‍ ഉക്രൈനില്‍ തുടര്‍ന്ന് പോന്നിരുന്ന 'ഹൈബ്രിഡ്' യുദ്ധങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ആഭ്യന്തര കലാപങ്ങളില്‍ റഷ്യ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സെലന്‍സ്‌കി നിലകൊണ്ടു എന്നതായിരുന്നു അതില്‍ ആദ്യത്തേത്. പിന്നാലെ ചെറുതും വലുതുമായ അഭിപ്രായങ്ങളും നിലപാടുകളുമായി പുട്ടിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു സെലന്‍സ്‌കി.

ഒടുവില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യ രൂപീകരിച്ച 'കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്റന്റ് സ്റ്റേറ്റ്‌സി'ല്‍ നിന്ന് ഉക്രൈന്‍ വിട്ടു പോരുകയും, പിന്നീട് 2021ല്‍ യുക്രെയിനെ 'നാറ്റോ'യില്‍ ഉള്‍പ്പെടുത്താന്‍ ബൈഡനോട് സെലന്‍സ്‌കി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് റഷ്യയുമായുള്ള സംഘര്‍ഷങ്ങള്‍ ഇന്ന് കാണുന്ന യുദ്ധത്തിലേക്ക് ഉക്രെയ്‌നിനെ അടുപ്പിച്ചത്..

ഈ യുദ്ധത്തിനിടയിലും ഉക്രെയ്‌ന്റെ തെരുവില്‍ ഒരു ടീഷര്‍ട്ടും ധരിച്ച 43കാരന്‍ സെലന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ ഔദ്ധത്യത്തോടെ ഇങ്ങനെ പോസ്റ്റ് ചെയ്തു. 'ഞാന്‍ ഇവിടെയുണ്ട്,' ഞങ്ങള്‍ ആയുധങ്ങളൊന്നും താഴെ വെക്കില്ല. ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കും, കാരണം ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങളുടെ സത്യമാണ്.' വ്യക്തവും സംക്ഷിപ്തവുമായാണ് സെലന്‍സ്‌കി ലോകത്തോട് സംസാരിക്കുന്നത്,' എനിക്ക് വേണ്ടത് ആയുധമാണ് സവാരിയല്ല'. അയാളുടെ ശബ്ദവും അതിലെ വികാരവും ലോകമെമ്പാടും ഡബിള്‍ ഇമ്പാക്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പ്രതിധ്വനിക്കുകയും ചെയ്യുന്നുണ്ട്. 'നിങ്ങള്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍, ഞങ്ങളുടെ പിന്‍ഭാഗമായിരിക്കില്ല, മുഖങ്ങളാണ് നിങ്ങള്‍ കാണുക' എന്ന വാക്കുകള്‍ യുക്രെയ്ന്‍ ജനതയ്ക്ക് നല്‍കിയ പോരാട്ടവീര്യം ചെറുതല്ല.

വൊളോഡിമിര്‍ സെലന്‍സ്‌കി- വൊളോഡിമിര്‍ പുടിന്‍ വൈരുദ്ധ്യം കാണുന്ന ലോകജനതക്ക് യൂറോപ്പിന്റെ രണ്ട് വ്യത്യസ്ത ശൈലികള്‍, രണ്ട് വ്യത്യസ്ത തലമുറകള്‍, രണ്ട് വ്യത്യസ്ത ദര്‍ശനങ്ങള്‍ ഒക്കെയും കാണാന്‍ സാധിക്കും. ഉക്രെയ്‌നിന്‍ റഷ്യ യുദ്ധം എന്താകുമെന്ന് ഇപ്പോഴും ഒരു ഉറപ്പുമില്ല..പക്ഷെ ലോകമനസില്‍ ഒരു വിഭാഗം സെലന്‍സ്‌കിക്ക് ഒപ്പമാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് നാറ്റോ എന്നൊരൊറ്റ കാരണമാണ് വിദഗ്ദ്ധർ ചൂണ്ടി കാട്ടുന്നത്. എന്നാൽ ആക്രമണം തുടങ്ങിയപ്പോൾ ഉക്രെയ്നിനെ സഹായിക്കാൻ നാറ്റോ മുന്നോട്ട് വന്നില്ല എന്നതും ശ്രദ്ധേയമാണ്. "റഷ്യയ്ക്കെതിരെ ഉക്രൈന്‍ ഒറ്റയ്ക്ക് ചെയ്യുന്ന യുദ്ധമാണിത്" എന്ന് പറഞ്ഞു നിരാശപ്പെട്ട സെലന്‍സ്‌കിയെയും നമ്മൾ കണ്ടു. സോവിയറ്റ് യൂണിയന്റെ വളർച്ചക്ക് തടസ്സമാകാൻ കൂടി രൂപീകരിച്ച സഖ്യമായ നാറ്റോയിൽ നിലവിൽ 30 അംഗ രാജ്യങ്ങൾ ആണുള്ളത്. അയൽരാജ്യമായ യുക്രൈന്‍ നാറ്റോയില്‍ അംഗമായാല്‍ റഷ്യ പൂര്‍ണ്ണമായും പ്രതിരോധത്തിലാകും.

എന്നാൽ 'അസോവ ബറ്റാലിയൻ' (Azov Battalion) എന്ന നവ നാസി സൈനിക കൂട്ടം, ഉക്രൈനിന്റെ ദേശീയ സെന്യയുമായി (National Guard of Ukraine) ചേർന്ന് പ്രവൃത്തിക്കുന്നു എന്നും, നാസി ചിഹ്നങ്ങൾ ഉയർത്തി വംശീയ വിശുദ്ധിയും ഇതരവംശ വെറിയുമായി നിരന്തരം പതിനായിരക്കണക്കിന് കിഴക്കൻ ഉക്രയിൻകാരെ കൊന്നൊടുക്കുന്നു എന്നും, ഇതിനു നേതൃത്വം കൊടുക്കുന്ന പ്രസിഡന്റാണ് സെലിൻസ്കി എന്നും ഉറപ്പിച്ചു പറയുന്നവരുണ്ട്. അടിമുടി നാസികൾ ഭരിക്കുന്ന ഉക്രൈനിലെ വസ്തുതകളെ അമേരിക്കൻ മാധ്യമങ്ങളെകൊണ്ട് എത്ര കാലം ഇനിയും മറച്ചുപിടിക്കാന് സാധിക്കുമെന്നുമാണ് ഇക്കൂട്ടർ ചോദിക്കുന്നത്..!ഏതായാലും സെലിൻസ്കിയുടെ രാഷ്ട്രീയ താല്പര്യത്തോടൊപ്പം വ്യക്തിസുരക്ഷയും കൂടി നിര്ണയിക്കുന്നതാണ് ഇപ്പോഴും തുടരുന്ന ഈ യുദ്ധം.

Next Story