'ഞാനും കൂട്ടുകാരും അര്‍ബുദ ബാധിതരായി'; ബൈഡന്റെ പരാമര്‍ശത്തില്‍ ഞെട്ടല്‍, വിശദീകരണവുമായി വൈറ്റ് ഹൗസ്
അര്‍ബുദ ബാധിതനാണെന്ന് ബൈഡന് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി രംഗത്തെത്തിയത്
21 July 2022 11:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാഷിങ്ടണ്‍: അര്‍ബുദ ബാധിതനാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. താന്‍ അര്‍ബുദ ബാധിതനാണെന്ന് ബൈഡന് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി രംഗത്തെത്തിയത്. ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തിന് ചികിത്സ നേടിയതിനേക്കുറിച്ചാണ് ബൈഡന് പരാമര്‍ശിച്ചത്. കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റായി ചുമതല ഏല്ക്കുന്നതിന് മുന്‍പേ രോഗ വിമുക്തനായെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
മസാച്ചുസെറ്റ്സ് സോമര്‍സെറ്റിലെ കല്‍ക്കരി ഖനി പ്ലാന്റ് സന്ദര്‍ശനത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ബൈഡന്റെ പരാമര്‍ശം. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായുള്ള ഭരണ സമിതിയുടെ ഉത്തരവുകളേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു സന്ദര്‍ശനം. എണ്ണസംസ്കരണ ശാലകളുടെ മലിനീകരണത്തെക്കുറിച്ച് സംസാരിക്കവെ ബൈഡന് തന്റെ കുട്ടിക്കാലം ചെലവഴിച്ച ഡെലാവര്‍ സംസ്ഥാനത്തെക്കുറിച്ച് പരാമര്‍ശിച്ചു. 'ഞങ്ങള്‍ കുട്ടികള്‍ തനിയെ നടന്ന് ശീലിച്ചതിനേക്കാള്‍ കൂടുതലായി അമ്മ ഞങ്ങളെ വണ്ടിയില്‍ സവാരിക്കായി കൊണ്ടുപോയിട്ടുണ്ട്. മഞ്ഞ് കാലങ്ങളില്‍ എന്തായിരുന്നു സംഭവിച്ചിരുന്നതെന്നറിയുമോ? വിന്‍ഡോയിലെ എണ്ണമെഴുക്ക് കളയുന്നതിനായി വൈപ്പര്‍ തുടരെ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നിരുന്നു. അതിനാലാണ് ഞാനും എനിയ്ക്കൊപ്പം കളിച്ചുവളര്‍ന്ന ധാരാളം പേരും അര്‍ബുദ ബാധിതരായത്. വളരെ കാലത്തോളം ഡെലാവറായിരുന്നു രാജ്യത്തെ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ നിരക്കുള്ള സംസ്ഥാനം' ബൈഡന് പറഞ്ഞു.
ട്വിറ്ററില്‍ വീഡിയോ പ്രചരിച്ചതോടെ ബൈഡന് നാവുപിഴ സംഭവിച്ചതാണോ അതോ അര്‍ബുദ ബാധിതനാണെന്ന് വെളിപ്പെടുത്തിയതാണോ എന്ന സംശയവുമായി നിരവധി പേര് രംഗത്തെത്തി. ബൈഡന് അര്‍ബുദമാണോ മറവിരോഗമാണോ എന്ന ചോദ്യവുമുയര്‍ന്നു. ബൈഡന്റെ രോഗം മാറുന്നതിനായി പ്രാര്‍ത്ഥിക്കാമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവാദമായതോടെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായെത്തിയത്. ചര്‍മ്മത്തിന്റെ മുകള്‍ ഭാഗത്തുണ്ടാകുന്ന 'നോണ്‍-മെലനോമ സ്കിന്‍ ക്യാന്‍സര്‍' ബാധിതനായിരുന്നു ബൈഡന്. 2021 ജനുവരിയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുന്‍പേ അര്‍ബുദം ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
Story Highlights: White House Clarifies US President Joe Biden's I Have Cancer Remark
- TAGS:
- Joe Biden
- US President