Top

'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുമായി മുപ്പതോളം യുസ് നഗരങ്ങള്‍ക്ക് കരാര്‍'; റിപ്പോര്‍ട്ട്

സമൂഹ മാധ്യമങ്ങളില്‍ കപട ശാസ്ത്രത്തിലൂടെ ആത്മീയ പ്രസംഗങ്ങള്‍ നടത്തിയ നിത്യാനന്ദ, 2019 ല്‍ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ' എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്നു

18 March 2023 2:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുമായി മുപ്പതോളം യുസ് നഗരങ്ങള്‍ക്ക് കരാര്‍; റിപ്പോര്‍ട്ട്
X

ന്യൂയോര്‍ക്ക്: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ' 30-ലധികം അമേരിക്കന്‍ നഗരങ്ങളുമായി സാംസ്‌കാരിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. നേരത്തെ നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ യുഎന്നില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് യുഎസിലെ ന്യൂജേഴ്സിയിലെ നെവാര്‍ക്ക് നഗരം സാങ്കല്‍പ്പിക രാജ്യവുമായുള്ള സിസ്റ്റര്‍-സിറ്റി കരാര്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസിലെ 30ല്‍ അധികം നഗരങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുമായി സിസ്റ്റര്‍-സിറ്റി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട് എന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സമൂഹ മാധ്യമങ്ങളില്‍ കപട ശാസ്ത്രത്തിലൂടെ ആത്മീയ പ്രസംഗങ്ങള്‍ നടത്തിയ നിത്യാനന്ദ, 2019 ല്‍ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ' എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്നു. കൈലാസയുടെ വെബ്സൈറ്റിലും 30 ല്‍ അധികം അമേരിക്കന്‍ നഗരങ്ങള്‍ കൈലാസയുമായി സാംസ്‌കാരിക പങ്കാളിത്തത്തില്‍ ഒപ്പുവച്ചിട്ടുളളതായി പറയുന്നു. റിച്ച്മണ്ട്, വെര്‍ജീനിയ മുതല്‍ ഒഹായോയിലെ ഡേട്ടണ്‍, ബ്യൂണ പാര്‍ക്ക്, ഫ്‌ളോറിഡ വരെയുള്ള നഗരങ്ങള്‍ അതില്‍പ്പെടുന്നു എന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വ്യാജ രാഷ്ട്രവുമായി കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്തയില്‍ യുഎസിലെ ചില നഗരങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചില നഗരങ്ങള്‍ ഈ വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ കൈലാസയ്ക്ക് 'പ്രത്യേക കോണ്‍ഗ്രസ് അംഗീകാരം' നല്‍കിയിട്ടുണ്ടെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവവം നിത്യാനന്ദ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ ഒരാള്‍ കാലിഫോര്‍ണിയയിലെ കോണ്‍ഗ്രസ് വുമണ്‍ നോര്‍മ ടോറസ് ആണ്. കഴിഞ്ഞ മാസം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ പ്രതിനിധികള്‍ ജനീവയില്‍ നടന്ന രണ്ട് യുഎന്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. കൈലാസയുടെ വെബ്‌സൈറ്റില്‍ തങ്ങളുടെ രാജ്യത്ത് രണ്ട് ബില്യണ്‍ ഹിന്ദുക്കളുണ്ടെന്നും കാണിക്കുന്നു. ഇന്ത്യയില്‍ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ നിലവിലുണ്ട്.

നെവാര്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയും തമ്മിലുള്ള സിസ്റ്റര്‍-സിറ്റി ഉടമ്പടി ഈ വര്‍ഷം ജനുവരി 12 നാണ് ഒപ്പുവച്ചെത്. നെവാര്‍ക്കിലെ സിറ്റി ഹാളില്‍ വെച്ചായിരുന്നു കരാറില്‍ ഇരുവരും ഒപ്പുവെച്ചത്. പിന്നീട് ലാര്‍ജ് ലൂയിസ് ക്വിന്റാനയിലെ നെവാര്‍ക്ക് കൗണ്‍സിലറാണ് കരാര്‍ റദ്ദാക്കാനുള്ള പ്രമേയം സ്‌പോണ്‍സര്‍ ചെയ്തത്. സിസ്റ്റര്‍ സിറ്റി ഉടമ്പടിയില്‍ ഒപ്പിടുന്ന ഏതൊരു നഗരവും മുന്നോട്ട് പോകുന്നത് മനുഷ്യാവകാശങ്ങളുടെ നിലവാരത്തിലായിരിക്കണം എന്ന് ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.

'സിസ്റ്റര്‍ സിറ്റിസ് ഇന്റര്‍നാഷണലിനെ ഒരു വിവാദത്തിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇതൊരു മേല്‍നോട്ടമാണ്. ഇനി സംഭവിക്കാന്‍ പാടില്ല.', അദ്ദേഹം പറഞ്ഞു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് കരാറുകാരെക്കുറിച്ച് അന്വേഷണം നടത്താഞ്ഞത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ രാഷ്ട്രവുമായുള്ള സിസ്റ്റര്‍-സിറ്റി കരാര്‍ നഗരത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് നെവാര്‍ക്ക് നിവാസിയെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

STORY HIGHLIGHTS: 'United States of Kailash' has reportedly signed cultural partnership agreements with more than 30 American cities

Next Story