Top

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കി; നന്ദിയറിയിച്ച് യുക്രെയ്ന്‍

8 April 2022 2:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കി; നന്ദിയറിയിച്ച് യുക്രെയ്ന്‍
X

ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കി. യുക്രെയ്ന്‍ അധിനിവേശത്തിന്റെയും ബുച്ചയില്‍ നിന്ന് പുറത്തുവന്ന കൂട്ടക്കൊല സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍ ആണ് സസ്‌പെന്‍ഷന്‍. 193 അംഗങ്ങളുള്ള അസംബ്ലിയില്‍ 93 അംഗങ്ങളുടെ പിന്തുണയോടെയാണ് നടപടി. യുഎസ്എ ആണ് റഷ്യക്ക് എതിരായ നീക്കം കൗണ്‍സില്‍ അവതരിപ്പിച്ചത്.

റഷ്യക്ക് എതിരായ നീക്കത്തെ എതിര്‍ത്ത് 24 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 54 അംഗ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ. ലിബിയ ആണ് ഇതിന് മുന്‍പ് സമാനമായ നടപടി നേരിട്ടത്. 2011 ലായിരുന്നു ലിബിയക്ക് എതിരായ നീക്കം.

റഷ്യക്ക് എതിരായ നടപടിയില്‍ നന്ദി അറിയിച്ച് യുക്രെയ്ന്‍ രംഗത്തെത്തി. 'മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎന്‍ ബോഡികളില്‍ യുദ്ധക്കുറ്റവാളികള്‍ക്ക് സ്ഥാനമില്ല,' റഷ്യക്ക് എതിരായ പ്രമേയത്തെ പിന്തുണയ്ക്കുകയും ശരിയുടെ പക്ഷം തിരഞ്ഞെടുക്കുകയും ചെയ്ത എല്ലാ അംഗരാജ്യങ്ങളോടും നന്ദിയുണ്ട്.' എന്നുമായിരുന്നു യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുടെ പ്രതികരണം. ട്വിറ്ററിലായിരുന്നു പ്രതികരണം.

യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ ബുച്ചയിലും കീവിന് ചുറ്റുമുള്ള മറ്റ് പട്ടണങ്ങളിലും നടന്ന സിവിലിയന്‍ കൊലപാതകങ്ങള്‍ വലിയ അന്താരാഷ്ട്ര വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു. സംഭവത്തില്‍ റഷ്യന്‍ സൈനികര്‍ക്ക് എതിരെ യുക്രൈന്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചിരുന്നു. കൂട്ടക്കൊല സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ റഷ്യക്ക് മേല്‍ പുതിയ ഉപരോധത്തിനുള്ള ആഹ്വാനം ഉയരാനും ഇടയാക്കിയിരുന്നു.

Content Highlight: United Nations General Assembly suspended Russia from Human Rights Council after killings in Ukraine

Next Story