Top

'യുദ്ധ കുറ്റകൃത്യമായി കണക്കാക്കും'; കോംഗോയില്‍ ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎന്‍

യുഎന്‍ സമാധാന സേനയ്‌ക്കെതിരേയുള്ള അതിക്രമങ്ങളെ യുദ്ധ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്നും വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടുന്നതിനായി കോംഗോളീസ് അധികൃതരോട് ആവശ്യപ്പെടുമെന്നും അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു

27 July 2022 8:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുദ്ധ കുറ്റകൃത്യമായി കണക്കാക്കും; കോംഗോയില്‍ ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎന്‍
X

ന്യൂഡല്‍ഹി: യുഎന്‍ സമാധാന സേനയിലെ അംഗങ്ങള്‍ കോംഗോയില്‍ മരണപ്പെട്ടതില്‍ ശക്തമായി അപലപിക്കുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. മരണപ്പെട്ട സേനാംഘങ്ങളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ സമാധാന സേനയ്‌ക്കെതിരേയുള്ള അതിക്രമങ്ങളെ യുദ്ധ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്നും വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടുന്നതിനായി കോംഗോളീസ് അധികൃതരോട് ആവശ്യപ്പെടുമെന്നും അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ബിഎസ്എഫ് ജവാന്മാരായിരുന്ന യുഎന്‍ സമാധാന സേനാംഗങ്ങളുടെ മരണം വളരെ വേദനാജനകമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

കോംഗോയിലെ ബുടെംബോയില്‍ നടന്ന പ്രതിഷേധത്തില്‍ യുഎന്‍ സമാധാന സേനയിലെ അംഗങ്ങളായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ കിവു പ്രദേശത്തെ ബുടെംബോയില്‍ യുഎന്‍ മിഷനായ മൊനുസ്‌കോയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിലായിരുന്നു സംഭവം. രണ്ട് ബിഎസ്എഫ് ജവാന്മാരും ഒരു മൊറോക്കന്‍ മിലിട്ടറി ഉദ്യോഗസ്ഥനുമാണ് മരിച്ചത്. പ്രതിഷേധത്തിലുണ്ടായിരുന്ന 12 പേരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ജനാധിപത്യ റിപ്പബ്ലിക്കായ കോംഗോയില്‍ സമാധാന പാലനത്തിനായുള്ള യുഎന്‍ മിഷനാണ് മൊനുസ്‌കോ. കോംഗോയില്‍ വര്‍ഷങ്ങളായി തുടരുന്ന തീവ്രവാദി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ മൊനുസ്‌കോ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുഎന്‍ സമാധാന സേനയ്‌ക്കെതിരേയുള്ള അതിക്രമങ്ങളെ യുദ്ധ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് അന്റോണിയോ ഗുട്ടറസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹക്ക് പ്രതികരിച്ചു.

തിങ്കളാഴ്ച ഗോമയില്‍ ആരംഭിച്ച പ്രതിഷേധം ഇന്നലെ ബുടെംബോയിലേക്ക് പടരുകയായിരുന്നു. നൂറിലധികം വരുന്ന പ്രതിഷേധക്കാര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും എറിഞ്ഞും യുഎന്‍ കെട്ടിടങ്ങള്‍ക്ക് തീവെച്ചും നാശം വിതച്ചു. സമാധാന സേന രണ്ട് പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലുന്നത് കണ്ടുവെന്ന് റോയിട്ടേഴ്‌സ് പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധകരില്‍ അഞ്ച് പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നും അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കോംഗോ സര്‍ക്കാര്‍ വക്താവ് പാട്രിക് മുയായ പറഞ്ഞു. ബുടെംബോയില്‍ ഏഴ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായില്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

Story Highlights: UN Secretary General Condemns Attacks on UN Peacekeepers in Congo

Next Story

Popular Stories