Top

മരിയുപോളിലെ ഒഴിപ്പിക്കൽ തടഞ്ഞ് റഷ്യൻ ഷെല്ലാക്രമണം; രക്ഷാപ്രവർത്തനം അവതാളത്തിൽ

ആക്രമണത്തിലൂടെ റഷ്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്

11 March 2022 10:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരിയുപോളിലെ ഒഴിപ്പിക്കൽ തടഞ്ഞ് റഷ്യൻ ഷെല്ലാക്രമണം; രക്ഷാപ്രവർത്തനം അവതാളത്തിൽ
X

യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോളിലെ ഒഴിപ്പിക്കലിനെ വീണ്ടും തടസ്സപ്പെടുത്തി റഷ്യൻ ഷെല്ലാക്രമണം. ആക്രമണത്തിലൂടെ റഷ്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. മരിയുപോളിലെ സാധാരണക്കാരെ റഷ്യൻ സൈന്യം ലക്ഷ്യമിടുന്നതായും ഐറിന ആരോപിച്ചു.

മരിയുപോളിലെ സ്ഥിതി ഗുരുതരമാണെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ പറഞ്ഞു. കരിങ്കടൽ തുറമുഖ നഗരത്തിന് ചുറ്റും റഷ്യൻ സൈന്യം കുരുക്ക് മുറുക്കിയതിനാൽ സ്ഥിതി ഗുരുതരമാണെന്നും റഷ്യൻ ഷെല്ലാക്രമണത്തിലും 12 ദിവസത്തെ ഉപരോധത്തിലും മരിച്ചവരുടെ എണ്ണം 1,600 ൽ എത്തിയതായും ഉക്രെയ്ൻ വെള്ളിയാഴ്ച അറിയിച്ചിരുന്നു. മരിയുപോളിലെ സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും മാനുഷിക സഹായം എത്തിക്കാനുള്ള ശ്രമം വിജയിക്കുവാനുളള സാധ്യത കുറവാണെന്ന ആശങ്കയും വാഡിം ഡെനിസെങ്കോ പ്രകടിപ്പിച്ചു.

അതേസമയം കീവ് മേഖലയിലെ വോർസെൽ ഗ്രാമത്തിൽ നിന്ന് 1000 പേരെ വിജയകരമായി ഒഴിപ്പിച്ചു. എന്നാൽ കിഴക്കൻ യുക്രൈൻ നഗരമായ ഇസിയത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ റഷ്യ തടഞ്ഞതായി ഖാർകിവ് മേയർ ഇഹോർ തെരെഖോവ് പറഞ്ഞു. തലസ്ഥാനമായ കീവിൽ നിന്നും, മറ്റ് മേഖലയിൽ നിന്നുമുള്ള അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസുകൾ റഷ്യൻ സൈന്യം തടഞ്ഞു. യുക്രെയ്നിലെ തുറമുഖ നഗരമായ മൈക്കോളൈവിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി പ്രാദേശിക ഗവർണർ അറിയിച്ചു.

Story highlights: Ukraine says Russian shelling blocks evacuation of Mariupol

Next Story