Top

'ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളെ വിളിച്ചുണര്‍ത്തേണ്ടിവന്നു'; തന്നെ ലക്ഷ്യമിട്ട് രണ്ട് തവണ ആക്രമണമുണ്ടായെന്ന് സെലന്‍സ്‌കി

പ്രസിഡന്റിന്റെ വസതിയില്‍പ്പോലും തങ്ങള്‍ സുരക്ഷിതമല്ലെന്ന തോന്നല്‍ ഇത് ഉണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി

30 April 2022 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളെ വിളിച്ചുണര്‍ത്തേണ്ടിവന്നു; തന്നെ ലക്ഷ്യമിട്ട് രണ്ട് തവണ ആക്രമണമുണ്ടായെന്ന് സെലന്‍സ്‌കി
X

കീവ്: റഷ്യന്‍ സേന തന്നെ പിടികൂടുന്നതിനായി തൊട്ടടുത്ത് വരെ എത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. യുക്രെയ്‌നുമേല്‍ റഷ്യയുടെ അധിനിവേശത്തിന്റെ ആദ്യ ദിവസങ്ങളെക്കുറിച്ച് ടൈം മാഗസിനോട് സംസാരിക്കവെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് യുക്രെയ്‌നിന് മേല്‍ കടന്നുകയറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്നകാര്യങ്ങളെക്കുറിച്ച് താനിക്ക് മങ്ങിയ ഓര്‍മ്മകളാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങള്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് റഷ്യ ബോംബ് വര്‍ഷിക്കാന്‍ ആരംഭിച്ചപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 17 കാരി മകളേയും ഒമ്പതുകാരനായ മകനേയും വിളിച്ചുണര്‍ത്തിയത് അദ്ദേഹം ഓര്‍ത്തെടുത്തു. ഇത് തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണണാണെന്നും പ്രസിഡന്റിന്റെ വസതിയില്‍പ്പോലും തങ്ങള്‍ സുരക്ഷിതമല്ലെന്ന തോന്നല്‍ ഇത് ഉണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ സമയത്താണ് തന്നെ വധിക്കാനോ, ജീവനോടെ പിടിക്കാനോ ലക്ഷ്യമിട്ട് റഷ്യന്‍ സൈനികര്‍ പാരച്യൂട്ടില്‍ ഇറങ്ങിയതായി വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആ രാത്രിയ്ക്ക് തൊട്ടുമുമ്പ് വരെ തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ടിവിയില്‍ മാത്രമേ കണ്ടിരുന്നുള്ളൂവെന്ന് സെലന്‍സ്‌കിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ടൈമിനോട് പറഞ്ഞു. വസതിയുടെ പിന്‍ഭാഗത്തെ പ്രവേശന വഴി പൊലീസ് ബാരിക്കേഡുകളും പ്ലൈവുഡുകളും ഉപയോഗിച്ച് അടച്ചു. സുരക്ഷയ്ക്കായി അടച്ചത് എന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതിന് പകരം, പഴയ സാധനങ്ങള്‍ കൂട്ടിവെച്ചത് എന്ന് തോന്നുന്ന തരത്തിലാണ് ഇത് ചെയ്തത്.

റഷ്യന്‍ ആക്രമണം ഉണ്ടായി ആദ്യ രാത്രിയില്‍ വസിതിയിലെ വൈദ്യുതി വിച്ഛേദിച്ചു. സെലന്‍സ്‌കിക്ക് സുരക്ഷയൊരുക്കാന്‍ ബുള്ളറ്റ് പ്രൂഫ് മേലങ്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചു. പ്രത്യേകം തോക്കുകളും ഈ സമയത്ത് കൊണ്ടുവന്നിരുന്നു. സെലന്‍സ്‌കിയുടെ ഭാര്യയും മക്കളും ഉണ്ടായിരുന്നപ്പോള്‍ തന്നെ രണ്ട് തവണ റഷ്യന്‍ സേന വസതിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

STORY HIGHLIGHTS: Ukraine President Volodymyr Zelensky Says Russian Troops Came Close To Capturing Him And His Family

Next Story