തളർന്ന തുർക്കിക്ക് യുഎഇയുടെ സഹായം; രാജ്യത്തേക്ക് വമ്പൻ നിക്ഷേപം
25 Nov 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുർക്കിയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ തീരുമാനിച്ച് യുഎഇ. യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഇരു നേതാക്കളും അങ്കാരയിൽ വെച്ച് നടത്തിയ ചർച്ചയിൽ ഇതുൾപ്പെടെ വിവിധ കരാറുകൾക്ക് ധാരണയായി. ഊർജം, എണ്ണ, ആരോഗ്യം എന്നീ മേഖലകളിൽ പരസ്പരം സഹകരിക്കാനും കള്ളപ്പണമൊഴുക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗും തടയാനും ഇരു നേതാക്കളും തീരുമാനിച്ചു. സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന തുർക്കിയെ സംബന്ധിച്ച് യുഎഇയുമായുള്ള സഹകരണം സുപ്രധാനമാണ്. തുർക്കിഷ് കറൻസി ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
2012 ന് ശേഷം ആദ്യമായാണ് യുഎഇ കിരീടാവകാശി തുർക്കിയിലെത്തിയതെന്നതും ശ്രദ്ധേയമാണ്. ലിബിയൻ പ്രശ്നത്തിലുൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ട് പക്ഷത്തായിരുന്ന യുഎഇയും തുർക്കിയും പലഘട്ടങ്ങളിൽ അസ്വാരസ്യം പ്രകടമാക്കുകയും ചെയ്തിരുന്നു. അടുത്തിടെ രമ്യതയിലെത്തിയതിനു ശേഷമാണ് കൂടിക്കാഴ്ച നടക്കുന്നത്. ആഗസ്റ്റിൽ ഇരു ഭരണാധികാരികളും ഫോണിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു.
അറബ് രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങളിൽ നിന്ന് പതിയെ മാറാനാണ് തുർക്കി ശ്രമിക്കുന്നത്. അടുത്തിടെ ഈജിപ്തുമായും എർദൊഗാൻ സംയമന ചർച്ച നടത്തിയിരുന്നു. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധം, ഇസ്രായേൽ-യുഎഇ-ബഹ്റിൻ ബന്ധം, ലിബിയൻ സംഘർഷത്തിലെ നയം, ഖത്തർ ഉപരേധം തുടങ്ങി മേഖലയിലെ പല വിഷയങ്ങളിൽ അറബ് രാജ്യങ്ങളും തുർക്കിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. ഇത് നയതന്ത്ര തലത്തിൽ തുർക്കിയെ ഒറ്റപ്പെട്ട അവസ്ഥയിലാക്കി. രാജ്യത്തെ സാമ്പത്തിക നില മോശമായിരിക്കുന്ന സാഹചര്യത്തിൽ തർക്കം ഒഴിവാക്കാനാണ് തുർക്കി ശ്രമിക്കുന്നത്.