Top

അസ്വാരസ്യങ്ങൾക്കൊടുവിൽ യുഎഇ കിരീ‌ടാവകാശിയും എർദൊ​ഗാനും തമ്മിൽ ചർച്ച

24 Nov 2021 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസ്വാരസ്യങ്ങൾക്കൊടുവിൽ യുഎഇ കിരീ‌ടാവകാശിയും എർദൊ​ഗാനും തമ്മിൽ ചർച്ച
X

യുഎഇ കിരീടാവാകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദൊ​ഗാനും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഇന്ന് തുർക്കിയിൽ വെച്ചാണ് ഇരു നേതാക്കളും തമ്മിൽ കാണുന്നത്. വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ ന‌ടക്കുന്ന നേരിട്ടുള്ള ചർച്ച സുപ്രധാനമാണ്. ലിബിയൻ പ്രശ്നത്തിലുൾപ്പെ‌ടെയുള്ള വിഷയങ്ങളിൽ രണ്ട് പക്ഷത്തായിരുന്ന യുഎഇയും തുർക്കിയും പലഘട്ടങ്ങളിൽ അസ്വാരസ്യം പ്രകടമാക്കുകയും ചെയ്തിരുന്നു. അടുത്തിടെ രമ്യതയിലെത്തിയതിനു ശേഷമാണ് കൂടിക്കാഴ്ച ന‌ടക്കുന്നത്. ആ​ഗസ്റ്റിൽ ഇരു ഭരണാധികാരികളും ഫോണിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു.

അറബ് രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങളിൽ നിന്ന് പതിയെ മാറാനാണ് തുർക്കി ശ്രമിക്കുന്നത്. അടുത്തിടെ ഈജിപ്തുമായും എർദൊ​ഗാൻ സംയമന ചർച്ച ന‌ടത്തിയിരുന്നു. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോ​ഗിയുടെ വധം, ഇസ്രായേൽ-യുഎഇ-ബഹ്റിൻ ബന്ധം, ലിബിയൻ സം​ഘർഷത്തിലെ നയം തുട‌ങ്ങി മേഖലയിലെ പല വിഷയങ്ങളിൽ അറബ് രാജ്യങ്ങളും തുർക്കിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെ‌ടുത്തിരുന്നു.

ഇത് നയതന്ത്ര തലത്തിൽ തുർക്കിയെ ഒറ്റപ്പെ‌ട്ട അവസ്ഥയിലാക്കി. രാജ്യത്തെ സാമ്പത്തിക നില മോശമായിരിക്കുന്ന സാഹചര്യത്തിൽ തർക്കം ഒഴിവാക്കാനാണ് തുർക്കി ശ്രമിക്കുന്നത്.


Next Story