തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 1,300 കടന്നു; ഇന്ത്യ ദുരന്ത നിവാരണ സേനയെ അയയ്ക്കും
നൂറ് കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്
6 Feb 2023 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കന്‍ ഭാഗത്തുമുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1300 കടന്നു. നൂറ് കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ ഏഴ് പ്രവശ്യകളിലായി 912 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരുക്കേറ്റതായും തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെയുണ്ടായത്. ഇരു രാജ്യങ്ങളിലും വന്‍ നാശനഷ്ടം സംഭവിച്ചു.
സിറിയയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 320 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 100ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റു. വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 147 മരണം സംഭവിച്ചു. 340 പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരച്ചിലിനായി ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. നൂറു പേരടങ്ങുന്ന രണ്ടു സംഘത്തെയാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയക്കുക. പ്രത്യേക പരിശീലനം നല്‍കിയ നായകളും സംഘത്തിന്റെ ഭാഗമാകും. തുര്‍ക്കി സര്‍ക്കാരും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചായിരിക്കും ദുരന്ത നിവാരണ സഹായങ്ങള്‍ എത്തിക്കുക.
Story Highlights: Turkey Syria earthquake death toll over 1,300
- TAGS:
- Earthquake
- SYRIA
- Turkey