Top

'യുക്രെയ്നെതിരെ യുദ്ധം നയിക്കാൻ റഷ്യക്കൊപ്പം'; സന്നദ്ധത അറിയിച്ച് സിറിയൻ സേന

മധ്യപൂർവ്വേഷ്യയിലെ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് സിറിയ.

20 March 2022 2:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്നെതിരെ യുദ്ധം നയിക്കാൻ റഷ്യക്കൊപ്പം; സന്നദ്ധത അറിയിച്ച് സിറിയൻ സേന
X

ദമസ്കസ്: റഷ്യക്ക് വേണ്ടി യുദ്ധത്തിനിറങ്ങാൻ സന്നദ്ധമാണെന്ന് അറിയിച്ച് സിറിയൻ സൈന്യം. സിറിയൻ യുദ്ധത്തിൽ നിന്ന് ലഭിച്ച അറിവും വൈദ​ഗ്ധ്യവും ഉപയോ​ഗിച്ച് റഷ്യയെ സഹായിക്കാൻ തങ്ങൾ തയ്യാറാണെന്ന് എൻഡിഎഫ് കമാൻഡറായ നബീൽ അബ്ദുല്ല പറഞ്ഞു. ഇത് സംബന്ധിച്ച് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കമാൻഡർ വ്യക്തമാക്കി.

'സിറിയൻ സർക്കാരിന്റെ ഭാ​ഗത്തു നിന്നും റഷ്യയുടെ ഭാ​ഗത്ത് നിന്നും നിർദേശം ലഭിച്ചിട്ടില്ല. നീതിയുക്തമായ യുദ്ധമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്നും' നബീൽ അബ്ദുല്ല പറഞ്ഞു.

അതേസമയം, സിറിയൻ സേനയെ യുദ്ധത്തിന്റെ ഭാ​ഗമാക്കുമെന്നതിനെപ്പറ്റി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തത നൽകിയിട്ടില്ല. മധ്യപൂർവ്വേഷ്യയിലെ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് സിറിയ. 2015ലെ സിറിയൻ യുദ്ധത്തിൽ റഷ്യ ഇടപെട്ടിരുന്നു. റഷ്യയുടെ സഹായത്തോടെ സിറിയക്ക് വിമത സേനയെ പരാജയപ്പെടുത്താൻ സാധിച്ചു.

യുദ്ധം അനന്തമായി നീളുകയാണെങ്കിൽ സിറിയയിൽ നിന്നും നിരവധിയാളുകളെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. യു​ക്രെയ്നിൽ യുദ്ധം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയതായി യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിൽ സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

STORY HIGHLIGHTS: Syrian Army Expressed Interest to Join Russian Army in the War Against Ukraine

Next Story