Top

വ്യഭിചാര കുറ്റം ചുമത്തി ഇരുപതുകാരിയെ കല്ലെറിഞ്ഞു കൊല്ലാൻ കോടതി വിധി; അപ്പീൽ നൽകാനൊരുങ്ങി യുവതി

18 July 2022 9:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യഭിചാര കുറ്റം ചുമത്തി ഇരുപതുകാരിയെ കല്ലെറിഞ്ഞു കൊല്ലാൻ കോടതി വിധി; അപ്പീൽ നൽകാനൊരുങ്ങി യുവതി
X

Representational Image 

സുഡാൻ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ വ്യഭിചാര കുറ്റം ചുമത്തിയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ കോടതി വിധി. മറിയം അൽസൈദ് ടിയറാബ് എന്ന ഇരുപതുകാരിയായ യുവതിക്കെതിരെയാണ് കോടതിയുടെ അപരിഷ്‌കൃതമായ വിധി. സുഡാനിലെ വൈറ്റ് നൈൽ പൊലീസ് ആണ് കഴിഞ്ഞ മാസം യുവതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും യുവതി അറിയിച്ചു. ഉഗാണ്ട ആസ്ഥാനമായുള്ള ആഫ്രിക്കൻ സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് പീസ് സ്റ്റഡീസ് (എസിജെപിഎസ്) ടിയറാബിന്റെ മോചനത്തിനും ന്യായമായ വിചാരണയ്ക്ക് പോകാനുള്ള അവരുടെ അവകാശത്തിനും വേണ്ടി ആവശ്യപ്പെട്ടു. കൂടാതെ യുവതിക്കെതിരെ വിധിച്ച ശിക്ഷ ആഭ്യന്തര, അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണെന്നും എസിജെപിഎസ് പറഞ്ഞു.

"വ്യഭിചാര കുറ്റത്തിന് കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ (ജീവിക്കാനുള്ള അവകാശം, പീഡന നിരോധനം, മനുഷ്യത്വരഹിതമായ പെരുമാറ്റം) ഗുരുതരമായ ലംഘനമാണെന്ന് എസിജെപിഎസ് ഗാർഡിയനോട് പറഞ്ഞു. സുഡാനിലെ ഇസ്ലാമിക നിയമപ്രകാരം, മോഷണം, ഹൈവേ കവർച്ച, വ്യഭിചാരം, മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും കൈയും കാലും ഛേദിക്കൽ, ചാട്ടവാറടി, മരണം തുടങ്ങിയ ശിക്ഷകൾ നൽകാറുണ്ട്.

അപരിഷ്‌കൃതമായ വിധിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് മുമ്പ് 2013-ലാണ് സുഡാനിൽ അവസാനമായി സമാനവിധി കോടതി പുറപ്പെടുവിച്ചത്. സുഡാനിലെ സൗത്ത് കോർഡോഫാനിൽ വ്യഭിചാരക്കുറ്റം ചുമത്തി സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചിരുന്നെങ്കിലും പിന്നീട് വിധി റദ്ദ് ചെയ്യുകയായിരുന്നു.

2020-ൽ ചാട്ടവാറടി നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും ഇപ്പോഴും ഇത് നൽകുന്നുണ്ട്. ഒക്ടോബറിൽ രാജ്യത്ത് സൈനിക ഭരണമായതോടെ രാജ്യത്ത് നടപ്പിലാക്കിയ സ്ത്രീസൗഹൃദമായ നിരവധി പരിഷ്കാരങ്ങൾ ലംഘിക്കുന്നത് പതിവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾകനുകൂലമായ നിയമനിർമ്മാണ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരമൊരു ക്രൂരമായ ശിക്ഷാവിധിയെന്ന് ആഫ്രിക്കയിലെ മനുഷ്യാവകാശ സംഘടനകൾ ആശങ്കപ്പെടുന്നു.

STORY HIGHLIGHTS: Sudan Woman sentenced to be stoned to death for adultery

Next Story