ഇന്ധനവുമായെത്തിയ കപ്പലിന് നല്കാന് വിദേശ നാണ്യമില്ല; പെട്രോളിന് വരിനില്ക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ശ്രീലങ്കന്‍ ഊര്‍ജ്ജ മന്ത്രി
നിലവില്‍ പെട്രോളിന് മാത്രമാണ് ക്ഷാമമെന്നും ഡീസലിനില്ലെന്നും മന്ത്രി അറിയിച്ചു
19 May 2022 12:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊളംബോ: തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിന് വിദേശ നാണ്യം നല്കാന് കഴിയാത്തതിനാല്‍ ജനങ്ങള്‍ ഇന്ധനത്തിനായി വരി നില്‍ക്കേണ്ടതില്ലെന്ന് ശ്രീലങ്കന്‍ ഊര്‍ജ്ജ മന്ത്രി. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയത്. ഇന്നോ നാളെയോ ഇന്ധനമിറക്കി കപ്പല്‍ തിരിച്ചയക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ മാര്‍ച്ച് 28നാണ് കപ്പല്‍ തീരത്തെത്തിയത്. ഇവര്‍ നേരത്തെ എത്തിച്ച ഇന്ധനത്തിന്റെ തുകയിനത്തില്‍ 53 ദശലക്ഷം ഡോളര്‍ നല്‍കാനുണ്ട്. കുടിശ്ശിക വീട്ടാതെ പെട്രോള്‍ നല്‍കില്ലെന്നാണ് അവരുടെ നിലപാട്. കുടിശ്ശിക വീട്ടാന്‍ സെന്‍ട്രല്‍ ബാങ്ക് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് അവര്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ വിദേശ നാണ്യം ലഭിക്കാത്തതിനാലാണ് അനിശ്ചിതത്വം തുടരുന്നതെന്നും കാഞ്ചന വിജശേഖര അറിയിച്ചു.
ജൂണില്‍ 530 മില്ല്യണ്‍ ഡോളറിന്റെ ഇന്ധനം ആവശ്യം വരുമെന്നും ഇപ്പോഴത്തെ ശേഖരം ആംബുലന്‍സ് അടക്കം അവശ്യ സര്‍വീസുകള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസത്തിനകം പെട്രോള്‍ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധനത്തിനായി കാത്തുനില്ക്കുന്ന ജനങ്ങളോട് സര്‍ക്കാര്‍ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
ജനങ്ങള്‍ ഇന്ധനം പൂഴ്ത്തിവെക്കുന്നത് അവസാനിപ്പിക്കണം. നിലവില്‍ പെട്രോളിന് മാത്രമാണ് ക്ഷാമമെന്നും ഡീസലിനില്ലെന്നും വിജശേഖര അറിയിച്ചു.
STORY HIGHLIGHTS: Sri Lanka Can't Find Cash To Pay Even One Ship For Petrol
- TAGS:
- Srilankan Crisis
- SRILANKA