Top

നബിക്കെതിരായ അപകീർത്തി പരാമർശം; നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യാനുള്ള ബിജെപി തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ഇസ്ലാമിന്റെ ചിഹ്നങ്ങളെ അനാദരിക്കരുതെന്നും സമാധാനത്തിന്റെ സന്ദേശം എല്ലാവരിലും പ്രചരിക്കട്ടെ എന്നും ഹറമൈൻ ജനറൽ പ്രസിഡൻസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

6 Jun 2022 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നബിക്കെതിരായ അപകീർത്തി പരാമർശം; നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യാനുള്ള ബിജെപി തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
X

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യാനുള്ള ബിജെപി തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യത്തിന്റെ നിലപാട് ഊട്ടിയുറപ്പിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിന് നേതൃത്വം നൽകുന്ന ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദ് രാജകുമാരൻ പറഞ്ഞു. ഇസ്ലാമിക ചിഹ്നങ്ങളുടെയും എല്ലാ മതങ്ങളിലെയും പ്രധാന വ്യക്തിത്വങ്ങളെയും ലംഘിക്കുന്നതും അതിക്രമിക്കുന്നതും നിരസിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം പ്രവാചക നിന്ദയ്ക്കെതിരെ അറബ് ലീഗും, ഇറാനും, പാകിസ്താനും, ഒമാൻ തുടങ്ങി കൂടുതൽ അറബ് രാജ്യങ്ങൾ രം​ഗത്തു വന്നിരുന്നു. ഖത്തറും കുവൈത്തും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചു വരുത്തി അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമറിയിച്ചിരുന്നു.

ഹറമൈനിലെ ജനറൽ പ്രസിഡൻസി, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളിയുടെ പൊതു പ്രസിഡൻസി എന്നിവയിലെ പുരോഹിതന്മാരും, പണ്ഡിതന്മാരും, മതപ്രഭാഷകരും, ജീവനക്കാരും ഉൾപ്പെടെ പരാമർശത്തെ അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികൾ എല്ലാ മതങ്ങളെയും അനാദരിക്കുന്നതാണെന്ന് ഹറമൈൻ ജനറൽ പ്രസിഡൻസി പ്രതികരിച്ചു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്റെ ആധികാരിക ജീവചരിത്രം പരിചിതമായിരിക്കില്ലെന്നും അവർ അറിയിച്ചു.


"ഭൂമിയെ ചവിട്ടിയതിൽ ഏറ്റവും മികച്ചത് അവരായിരുന്നു. മനുഷ്യരാശിയുടെ വെളിച്ചവും ലോകത്തിന് നൽകിയ കാരുണ്യവും, അല്ലാഹുവിന്റെ പ്രാർത്ഥനയും സമാധാനവും അദ്ദേഹത്തിൽ ഉണ്ടാകട്ടെ," എന്ന് സൗദി പ്രവാചകനെ പ്രകീർത്തിച്ച് പ്രസ്താവനയിൽ കുറിച്ചു. വിശ്വാസത്തെ ബഹുമാനിക്കുന്നതും മതത്തെ അംഗീകരിക്കുന്നതുമായ സൗദി അറേബ്യയുടെ നിലപാടിനെയാണ് ഈ പ്രസ്താവന സ്ഥിരീകരിക്കുന്നതെന്നും കുറിപ്പിൽ അറിയിച്ചു. ഇസ്ലാമിന്റെ ചിഹ്നങ്ങളെ അനാദരിക്കരുതെന്നും സമാധാനത്തിന്റെ സന്ദേശം എല്ലാവരിലും പ്രചരിക്കട്ടെ എന്നും ഹറമൈൻ ജനറൽ പ്രസിഡൻസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


ഗ്യാൻവാപി വിഷയത്തിൽ നടന്ന ചർച്ചയിൽ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു. വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

Story Highlights: Blasphemy of the Prophet; Saudi Arabia welcomes BJP's decision to suspend Nupur Sharma

Next Story