ഞങ്ങളുടെ എണ്ണ, നിങ്ങളുടെ പണം; എണ്ണക്കച്ചവടത്തിൽ യുഎസിന് ഒളിയമ്പായി സൗദി-ചൈന നീക്കം
16 March 2022 9:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്താരാഷ്ട്ര എണ്ണ ഇടപാടുകൾ അമേരിക്കൻ ഡോളറിൽ തന്നെ നടത്തുന്നതിൽ നിന്നും മാറി ചിന്തിക്കാൻ സൗദി അറേബ്യ. ചൈനയുമായുള്ള എണ്ണ ഇടപാടുകളിൽ ചിലത് ചൈനീസ് കറൻസിയായ യുവാനിൽ തന്നെ നടത്താനാണ് സൗദി അധികൃതർ നിലവിൽ ചർച്ച നടത്തുന്നത്. വാൾ സ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇക്കാര്യത്തിൽ സൗദിയും ചൈനയും ചർച്ച നടത്തുന്നുണ്ടായിരുന്നു. ഈ വർഷമാണ് ഈ ശ്രമങ്ങൾ കൂടുതൽ ചടുലമാവുന്നത്.
ആഗോള എണ്ണ വിപണിയിലെ 80 ശതമാനം ഇടപാടുകളും നിലവിൽ നടക്കുന്നത് യുഎസ് ഡോളറിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്. സൗദി അറേബ്യയാകട്ടെ 1970 കൾ മുതൽ അമേരിക്കയുമായുള്ള സുരക്ഷാ കരാറുകൾ പ്രകാരം ഡോളറാണ് എണ്ണ ഇടപാടിന് ഉപയോഗിക്കുന്നത്. അമേരിക്കയും സൗദിയും തമ്മിൽ അടുത്ത വർഷങ്ങളിലായി ഉടലെടുത്ത ചില അസ്വാരസ്യങ്ങളും യുനാൻ ഡീലിന് സൗദിയെ പ്രേരിപ്പിച്ചു എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ചൈനയുമായി സൈനിക, വ്യാപാര മേഖലകളിൽ പുതിയ കരാറുകളിലും ഏർപ്പെടുന്നതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ കറൻസിയായ യുവാനിനെ നിർണായക സ്വാധീനമായി നിർത്താനുള്ള ശ്രമങ്ങൾ ചൈന നടത്തി വരികയാണ്. ഇതിനിടെയാണ് സൗദിയുമായുള്ള ചർച്ചയും. സൗദിയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചൈന.
റഷ്യ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കൻ ഡോളറിലെ ആശ്രിതത്വം കുറയ്ക്കാനും തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഡോളർ ഇതര പേയ്മെന്റുകൾ ഉൾപ്പെടുത്താനും താൽപര്യപ്പെടുന്നുണ്ട്. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യക്ക് മേലുള്ള ഉപരോധം കനക്കുകയും അന്താരാഷ്ട്ര പേയ്മെന്റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്നും റഷ്യയെ വിലക്കുകയും ചെയ്ത സാഹചര്യത്തിൽ റഷ്യയുമായുള്ള ഇടപാടുകൾക്കുൾപ്പെടെ ഡോളറിനെ മാറ്റി നിർത്തി ഈ രാജ്യങ്ങൾക്ക് നേരിട്ടിടപെടേണ്ടി വരും. അതേസമയം സൗദിയുടെ യുവാൻ ഇടപാട് നീക്കം അമേരിക്കക്ക് നയതന്ത്ര തലത്തിലെ മുന്നറിയിപ്പാണെന്ന രാഷ്ട്രീയ വ്യാഖ്യാനവുമുണ്ട്. ജമാൽ ഖഷോഗ്ഗി വധം, യെമൻ വിഷയം തുടങ്ങിയവ സൗദി-യുഎസ് ബന്ധത്തെ ഉലച്ചിട്ടുണ്ട്. തങ്ങളെ അധികം പിണക്കാതിരിക്കുന്നതാണ് നല്ലതെന്ന സൂചനയാണ് സൗദി അമേരിക്കയ്ക്ക് നൽകുന്നതെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
story highlight: Saudi Arabia reportedly considering accepting Chinese currency in oil sales instead of dollar
- TAGS:
- Saudi Arabia
- china
- usa
- Joe Biden