Top

റഷ്യയുടെ ഒരു ലെഫ്റ്റനന്റ് ജനറൽ കൂടി കൊല്ലപ്പെട്ടു; എണ്ണം ഉയരുന്നു

27 March 2022 2:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഷ്യയുടെ ഒരു ലെഫ്റ്റനന്റ് ജനറൽ കൂടി കൊല്ലപ്പെട്ടു; എണ്ണം ഉയരുന്നു
X

യുക്രെയ്ൻ -റഷ്യ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഒരു ഉന്നത സൈനിക കമാൻഡർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെഫ്റ്റനന്റ് ജനറൽ യാക്കൊവ് റെസന്റെവ് കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ൻ സൈന്യം പറയുന്നത്. യുക്രെയ്നെതിരായ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ റഷ്യൻ ജനറലാണിദ്ദേഹം. കൊല്ലപ്പെടുന്ന രണ്ടാമത്തെ ലെഫ്റ്റനന്റ് ജനറലും.

തുടർച്ചയായുള്ള തിരിച്ചടികളിൽ റഷ്യൻ സൈനികരുടെ മനോവീര്യം തകർന്നതിനെത്തുടർന്ന് ഉന്നത സൈനികോദ്യോ​ഗസ്ഥനായ യാക്കോവിന് യുദ്ധമുഖത്തേക്ക് ഇറങ്ങേണ്ടി വരികയായിരുന്നെന്നാണ് സൂചന. യുക്രെയ്ൻ സേന ചോർത്തിയ റഷ്യൻ സൈനികരുടെ സംഭാഷണങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഈ സംഭാഷണത്തിൽ ഒരു റഷ്യൻ സൈനികൻ പരാതിപ്പെടുന്നത് കേൾക്കാം. റഷ്യൻ അധിനിവേശം തുടങ്ങി നാല് ദിവസത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് യാക്കോവ് ഉറപ്പ് നൽകിയിരുന്നെന്നാണ് ഒരു സൈനികൻ പറയുന്നത്.

ഖേർസണ് സമീപമുള്ള എയർബേസിൽ വെച്ചാണ് യാക്കോവ് കൊല്ലപ്പെട്ടത്. സൈനികരുടെ മനോധൈര്യം വീണ്ടെടുക്കാൻ യാക്കോവ് യു​ദ്ധ മുഖത്തേക്ക് ഇറങ്ങുകയായിരുന്നെന്നാണ് സൂചന. സാധാരണയായ ഉന്നത സൈനിക ഉദ്യോ​ഗസ്ഥൻ യുദ്ധമുഖത്തിന്റെ ഇത്ര അടുത്ത് എത്താറില്ല. യുക്രെയ്ൻ സേനയുടെ അപ്രതീക്ഷിത പ്രതിരോധം, നിരന്തരം റഷ്യൻ സൈനികർ കൊല്ലപ്പെടുന്നത്, പ്രതീക്ഷിച്ച സമയത്തിനപ്പുറത്തേക്ക് യുദ്ധം നീണ്ട് പോവുന്നത് തുടങ്ങിയ ഘടകങ്ങളാണ് റഷ്യൻ സൈന്യത്തെ ബാധിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യം റഷ്യ അം​ഗീകരിച്ചിട്ടില്ല. തങ്ങളുടെ 1351 സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് റഷ്യ പറയുന്നത്. എന്നാൽ ഇതിലേറ മരണം നടന്നിട്ടുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നു. മാത്രമല്ല ഏഴ് സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

story highlight:Russian general yakov rezantev killed in ukraine

Next Story